ഡള്ളസ്: ഫിഫ ലോകകപ്പിലെ നാടകീയമായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ വീഴ്ത്തി ഈജിപ്തിന് ചരിത്ര വിജയം. ഡള്ളസില്‍ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നാണ് ഈജിപ്ത് സോക്കറൂസിനെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും 1-1 സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇതോടെ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ആദ്യ നോക്കൗട്ട് റൗണ്ട് കടന്ന് പ്രീ ക്വാര്‍ട്ടറിലെത്തുന്ന പ്രകടനമാണ് ഈജിപ്ത് പുറത്തെടുത്തത്.
|
ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയന്‍ ഡിഫെന്‍ഡര്‍മാരായ ഹാരി സൗട്ടര്‍, ലൂക്കാസ് ഹെറിംഗ്ടണ്‍ എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചപ്പോള്‍ ഈജിപ്ത് അവസരം മുതലാക്കുകയായിരുന്നു. ഷൂട്ടൗട്ടിനായി അവസാന നിമിഷം ഗോള്‍കീപ്പറെ മാറ്റാനുള്ള ഓസ്ട്രേലിയയുടെ തന്ത്രം പാളുന്ന കാഴ്ചയാണ് ഡള്ളസില്‍ കണ്ടത്. പകരക്കാരനായി ഇറങ്ങിയ മാത്യു റയാന് ഈജിപ്തിന്റെ ഒരൊറ്റ പെനാല്‍റ്റി കിക്ക് പോലും തടുക്കാനായില്ല.
നേരത്തെ, കളിയുടെ 13-ാം മിനിറ്റില്‍ തന്നെ ഇമാം ആശൂറിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളിലൂടെ ഈജിപ്താണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 55-ാം മിനിറ്റില്‍ ഈജിപ്ത് ഡിഫെന്‍ഡര്‍ മുഹമ്മദ് ഹാനിയുടെ ഓണ്‍ ഗോള്‍ ഓസ്ട്രേലിയക്ക് സമനില സമ്മാനിച്ചു. ഇതോടെ ഒരു ലോകകപ്പില്‍ രണ്ട് ഓണ്‍ ഗോളുകള്‍ വഴങ്ങുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന അനാവശ്യ റെക്കോര്‍ഡും ഹാനിക്ക് സ്വന്തമായി.
ALSO READ: ചാമ്പ്യന്മാരെ വിറപ്പിച്ച് കബോ വെര്‍ദെ; ഇത് കുഞ്ഞന്മാരുടെ ഇതിഹാസം
തുടര്‍ന്ന് ഇരുടീമുകളും ലീഡെടുക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും 120 മിനിറ്റ് വരെ സ്‌കോര്‍ 1-1 ആയി തുടര്‍ന്നു. ഒടുവില്‍ ഷൂട്ടൗട്ടിലെ കനത്ത സമ്മര്‍ദ്ദത്തെ അതിജീവിച്ച് മുഹമ്മദ് സലാഹിന്റെ ഈജിപ്ത് ചരിത്രത്തിലേക്ക് പന്തുതട്ടിക്കയറുകയായിരുന്നു.
നാലാം ലോകകപ്പ് കളിക്കുന്ന ഈജിപ്ത് 2026 എഡിഷനില്‍ ന്യൂസീലന്‍ഡിനെ വീഴ്ത്തിയാണ് ആദ്യ ലോകകപ്പ് വിജയം നേടിയത്. തൊട്ടുപിന്നാലെ നോക്കൗട്ടില്‍ കടന്നും, ഇപ്പോള്‍ പ്രീക്വാര്‍ട്ടറിലേക്കു മാര്‍ച്ച് ചെയ്തും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും ഈജിപ്ത് തോറ്റിരുന്നു. ഖത്തര്‍ ലോകകപ്പിനു യോഗ്യത നേടാന്‍ പോലും ടീമിനു സാധിച്ചിരുന്നില്ല.
ലോക കപ്പില്‍ ഇനി ഏഷ്യയില്ല
അതേസമയം ഓസ്‌ട്രേലിയയുടെ തോല്‍വിയോടെ ലോകകപ്പില്‍ ഏഷ്യയുടെ അവസാന പ്രതീക്ഷയും കെട്ടടങ്ങി. എഎഫ്‌സിയുടെ ഭാഗമായ ടീമുകളില്‍ ജപ്പാനും ഓസ്‌ട്രേലിയയും മാത്രമാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടന്നത്. നോക്കൗട്ടില്‍ ബ്രസീലിനോടു തോറ്റ് ജപ്പാന്‍ പുറത്തായിരുന്നു. ഏഷ്യയില്‍നിന്നുള്ള ദക്ഷിണകൊറിയ, ഖത്തര്‍, ഇറാന്‍, സൗദി അറേബ്യ, ഇറാഖ്, ജോര്‍ദാന്‍, ഉസ്ബക്കിസ്ഥാന്‍ ടീമുകള്‍ക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ സാധിച്ചിരുന്നില്ല.
Heartbreak For Australia In Penalty Shootout, Mohamed Salah’s Egypt Make History



