04
Jul 2026
Sat
04 Jul 2026 Sat
MM Mani and Abhimanyu

മൂന്നാര്‍: എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയവരെ വെറുതെവിടില്ലെന്ന് വ്യക്തമാക്കി സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി. പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവരെ നമ്മള്‍ വെറുതേ വിട്ടിട്ടില്ലെന്നും അടിക്കേണ്ടവരെ അടിച്ചിട്ടുണ്ടെന്നും കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും മണി പറഞ്ഞു. വട്ടവടയില്‍ രണ്ടുദിവസം മുമ്പ് അഭിമന്യു അനുസ്മരണ യോഗത്തിലായിരുന്നു മണിയുടെ വിവാദ പ്രസംഗം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഉന്നത വിദ്യാഭ്യാസത്തിനു പോയ അഭിമന്യുവിനെ നിഷ്ഠുരമായി കൊന്നു. നിര്‍ഭാഗ്യവശാല്‍ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി. അല്ലെങ്കില്‍ അവരെ വെച്ചുപൊറുപ്പിക്കുന്ന പ്രശ്‌നമില്ലായിരുന്നു. അത് ഉറപ്പാ… എന്നാല്‍, ഇത് നമ്മള്‍ വിടുന്നില്ല. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ. കേസ് ഒക്കെ ഉണ്ടല്ലോ…’ -മണി പ്രസംഗത്തില്‍ തുടര്‍ന്നു പറഞ്ഞു.

എസ്.എഫ്.ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗവും എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ രസതന്ത്ര ബിരുദ വിദ്യാര്‍ഥിയുമായിരുന്ന, ഇടുക്കി വട്ടവട സ്വദേശി അഭിമന്യു 2018 ജൂലൈ രണ്ടിനാണ് കൊല്ലപ്പെട്ടത്. അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന അര്‍ജുനെ അക്രമി സംഘം കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ചുമരെഴുത്തുമായി ബന്ധപ്പെട്ട എസ്.എഫ്.ഐ-കാമ്പസ് ഫ്രണ്ട് തര്‍ക്കത്തെ തുടന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളജിലെ പ്രവേശനോത്സവത്തിന് തലേന്ന് കോളജ് കവാടത്തില്‍ വെച്ചായിരുന്നു സംഭവം.

അഭിമന്യു കൊല്ലപ്പെട്ടതിന്റെ എട്ടാം വാര്‍ഷികത്തില്‍ അഭിമന്യു കുത്തേറ്റു വീണ കിഴക്കേ ഗേറ്റിനുസമീപം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചു. എസ്.എഫ്.ഐ സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ ചുവരെഴുത്തിനും അനുസ്മരണ പരിപാടികള്‍ക്കും സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി.എസ്. സഞ്ജീവ്, ജില്ല പ്രസിഡന്റ് രതു കൃഷ്ണന്‍, സെക്രട്ടറി ആശിഷ് എസ്. ആനന്ദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഭിമന്യുവിന്റെ ജീവിതം ആസ്പദമാക്കിയുള്ള നാടകത്തിന്റെ അവതരണവും മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു.

അഭിമന്യു വധക്കേസില്‍ 16 പ്രതികളും ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണനടപടികള്‍ പുരോഗമിക്കുകയാണ്. ജൂലൈ ആറിന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.