02
Jul 2026
Thu
02 Jul 2026 Thu
Dulquer Salmaan

കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും. നടന്റെ പേരില്‍ ഒന്നില്‍ കൂടുതല്‍ കാറുകള്‍ ഉണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ കാറുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട ചെന്നൈയില്‍ അടക്കം കസ്റ്റംസ് സംഘം പരിശോധന നടത്തുന്നുണ്ട്. നടെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും ഇപ്പോള്‍ നടന്നത് പ്രാഥമികമായ ഒരു ചോദ്യം ചെയ്യല്‍ മാത്രമാണെന്നും കസ്റ്റംസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, വാഹനങ്ങള്‍ താന്‍ വാങ്ങിച്ചത് നിയമാനുസൃതം ആയിട്ടാണെന്നാണ് ദുല്‍ഖര്‍ നല്‍കിയ മൊഴി. കള്ളക്കടത്താണെന്ന വിവരം തനിക്കറിയില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. എന്നാല്‍ നടന്റെ മൊഴി അന്വേഷണസംഘം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഇതിന്റെ ഭാഗമായി കൂടുതല്‍ കാര്‍ ഉടമസ്ഥരെ ചോദ്യം ചെയ്യാനാണ് നീക്കം. അതേസമയം, കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ വച്ചായിരുന്നു നടനെ ചോദ്യം ചെയ്തത്. നേരത്തെ ദുല്‍ഖറിന്റെ നാല് കാറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

ഭൂട്ടാനില്‍ നിന്നും നിയമാനുസൃതം അല്ലാതെ ആഡംബര കാറുകള്‍ ഇന്ത്യയിലേക്ക് കടത്തിയത് അന്വേഷിക്കുന്ന ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായാണ് കാറുകള്‍ പിടികൂടിയത്. കഴിഞ്ഞദിവസം ഏഴുമണിക്കൂറോളം ദുല്‍ഖറിനെ ചോദ്യം ചെയ്തിരുന്നു.

ദുല്‍ഖര്‍ നായകനായി അഭിനയിച്ച തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കര്‍ എന്ന സിനിമയില്‍ ഉപയോഗിച്ചിട്ടുള്ള നിസ്സാന്‍ പട്രോള്‍ കാര്‍ നേരത്തെ പിടികൂടിയിരുന്നു. ഇതിനുപുറമേ ലാന്‍ഡ് റോവര്‍, ഡിഫന്‍ഡര്‍, ടൊയോട്ട ലാന്‍ഡ് ക്രൂസര്‍, നിസ്സാന്‍ പെട്രോള്‍ തുടങ്ങിയ വാഹനങ്ങളും ദുല്‍ഖറിന്റെ പക്കല്‍ നിന്നും അന്വേഷണസംഘം പിടികൂടിയിട്ടുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അന്വേഷണസംഘം ആദ്യമായി ദുല്‍ഖറിലേക്കും എത്തിച്ചേര്‍ന്നത്. എന്നാല്‍ അന്ന് നടന്റെ വാഹനങ്ങള്‍ പിടികൂടിയെങ്കിലും താന്‍ കാറുകള്‍ വാങ്ങിയത് നിയമപരമായി ആണ് എന്ന് വ്യക്തമാക്കി കൊണ്ട് ദുല്‍ഖര്‍ കോടതിയെ സമീപിച്ചു. ശേഷം ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ കാറുകള്‍ അദ്ദേഹത്തിന് വിട്ടുകൊടുക്കുകയും ചെയ്തു.

എന്താണ് ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്?

ഭൂട്ടാനില്‍ നിന്നും നിയമവിരുദ്ധമായി നികുതി അടയ്ക്കാതെ ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങള്‍ കടത്തുന്നതാണ് രീതി. ശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുകയും അവിടെനിന്നും കേരളത്തിലേക്ക് കടത്തി ഇവിടെ എത്തിച്ച് കൂടിയ വിലക്ക് വില്‍ക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ കേരളത്തിലെത്തിച്ച വാഹനങ്ങള്‍ സ്വന്തമാക്കിയവരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാനും എന്നാണ് കസ്റ്റംസിന്റെ സംശയം. അതേസമയം, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അനുവാദമില്ല എന്നാണ് നിയമം.

അതിനാല്‍ തന്നെ ഭൂട്ടാനില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങി ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്ത് വ്യാജരേഖകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്താണ് വാഹനങ്ങള്‍ കേരളം ഉള്‍പ്പടെ ഉള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കടത്തുന്നത്.. അത്തരത്തില്‍ തന്നെയാണ് ഭൂട്ടാന്‍ വാഹനങ്ങള്‍ ഇന്ത്യയിലെ പലയിടത്തായി പലരും വാങ്ങിച്ചിട്ടുള്ളത്. ഭൂട്ടാനില്‍ നിന്നും കേരളത്തിലേക്ക് 200 ഓളം വാഹനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നാണ് അന്വേഷണസംഘത്തിന്റെ നിലവിലെ നിഗമനം.

Actor dulquer salman will be questioned again in Bhutan car smuggling case