നടി ശ്വേത മേനോനെതിരെയും ‘അമ്മ’ ഭരണസമിതിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി സംഘടനയിലെ ഒരു വിഭാഗം നടിമാ ര്‍. മാലാ പാര്‍വതി, ഉഷ ഹസീന, അന്‍സിബ ഹസന്, മായാ വിശ്വനാഥ് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അമ്മയെ ബിജെപി ആലയത്തില്‍ കെട്ടാന്‍ നടത്തിയ നീക്കങ്ങള്‍ ഉള്‍പ്പെടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
|
‘അമ്മ’ സംഘടനയെ ബിജെപി അജന്‍ഡകള്‍ക്ക് അനുസൃതമായി ചലിപ്പിക്കാന്‍ ശ്വേത മേനോന് ശ്രമിക്കുന്നതായി മാലാ പാര്‍വതി ആരോപിച്ചു. അദാനി ഗ്രൂപ്പില്‍ നിന്ന് 15 കോടി രൂപ സംഘടനയ്ക്ക് ലഭ്യമാക്കാമെന്ന് ശ്വേത മേനോന് ഉറപ്പ് നല്കി. ചില ബിജെപി നേതാക്കള്‍ ഇക്കാര്യം സുചിപ്പിച്ചെന്നും അവര്‍ പറഞ്ഞു.
ജനറല്‍ ബോഡിയില്‍ ഇത് സംബന്ധമായ ചോദ്യങ്ങള്‍ക്ക് ശ്വേതയ്ക്ക് മുപടിയുണ്ടായിരുന്നില്ലെന്ന് നടി ഉഷ ഹസീന ആരോപിച്ചു. ചോദ്യങ്ങളോട് ശ്വേത ക്ഷോഭിച്ചു. അത് തങ്ങളില്‍ സംശയമുണ്ടാക്കിയെന്നും ഉഷ ഹസീന പറഞ്ഞു. ബിജെപിയില്‍ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്ന് ജനറല്‍ ബോഡി ബാബുരാജ് പറഞ്ഞു. അംഗങ്ങളെ സ്ഥാനാര്‍ത്ഥികളായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി. ഈ ആരോപണം തെറ്റായിരുന്നെങ്കില്‍ അവര്‍ക്ക് അവിടെ മറുപടി പറയാമായിരുന്നു. ശ്വേതയ്ക്ക് ദുരുദ്ദേശമാണ്. അന്‍സിബക്കെതിരെ അവര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഉഷ ഹസീന പറഞ്ഞു.
ഭരണസമിതിയുടെ പതനത്തിന് കാരണം ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണെന്ന് അന്‍സിബ ഹസന് ആരോപിച്ചു. ഇക്കാരണത്താല്‍ തന്നെയാണ് ഭരണസമിതിയെ അഡ്ഹോക്ക് കമ്മിറ്റിയാക്കാന്‍ നേതൃത്വം തയ്യാറാകാതിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലക്ഷ്മി പ്രിയയുടെ നേതൃത്വത്തില്‍ വ്യാജ പ്രചാരണം
തന്നോട് വിരോധമുള്ളവര്‍ ലക്ഷ്മിപ്രിയയുടെ നേതൃത്വത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതായി അന്‍സിബ ഹസന് ആരോപിച്ചു. അന്‍സിബ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഉത്തരേന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്നും, താന്‍ മതതീവ്രവാദിയാണെന്ന ലക്ഷ്മിപ്രിയയുടെ വാദം അടിസ്ഥാനരഹിതമാണെന്നും നടിമാര്‍ വ്യക്തമാക്കി.
സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ ആഭ്യന്തരമായി പരിഹരിക്കണമെന്ന പൊലീസ് നിലപാടിനെ അന്‍സിബ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. തന്നെ ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് തമാശയായി കാണുന്ന പൊലീസ് നിലപാട് വേദനിപ്പിക്കുന്നുവെന്നും, നീതിക്കായി കോടതിയെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും അവര്‍ പറഞ്ഞു. കോടതിയുടെ വ്യക്തമായ ഉത്തരവില്ലാതെ ശ്വേത മേനോന് ‘അമ്മ’ ഓഫീസില്‍ പ്രവേശിച്ചാല്‍ തടയുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞ 25 ലക്ഷം എവിടെ?
ദല്ലാള്‍ നന്ദകുമാറുമായുള്ള കരാറുമായി ബന്ധപ്പെട്ട് അന്‍സിബ പ്രതികരിച്ചു. ഒരു കോടി നല്‍കുമെന്നായിരുന്നു ആദ്യം പറഞ്ഞതെന്ന് അന്‍സിബ പറഞ്ഞു. കരാറായപ്പോള്‍ 75 ലക്ഷമായി. 25 ലക്ഷം എവിടെപ്പോയി എന്ന് അറിയില്ല. താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചിരുന്നു. എന്നിട്ടും എഫ്ഐആര്‍ ഇടാന്‍ പൊലീസ് തയ്യാറായില്ല. ആഭ്യന്തരമന്ത്രി വിളിച്ചുപറഞ്ഞാല്‍ കേള്‍ക്കാത്ത പൊലീസ് ആണോ ഇവിടെയുള്ളത് എന്നതില്‍ അത്ഭുതമാണ്. പരാതികളില്‍ നടപടിയെടുക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും അന്‍സിബ പറഞ്ഞു.
ശ്വേത മേനോന് പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങള്‍ കൃത്രിമമായി എഡിറ്റ് ചെയ്തതാണെന്നും, സംഭാഷണത്തിന്റെ പല ഭാഗങ്ങളും മനഃപൂര്‍വം മുക്കിയാണ് പ്രചരിപ്പിച്ചതെന്നും നടിമാര്‍ കുറ്റപ്പെടുത്തി.
ഭരണസമിതിയിലെ അംഗങ്ങള്‍ക്കിടയിലുള്ള ഈഗോ ക്ലാഷുകളും സ്വാര്ത്ഥതാല്പ്പര്യങ്ങളും സംഘടനയെ തകര്‍ച്ചയിലേക്ക് നയിക്കുന്നതായും വാര്‍ത്താസമ്മേളനത്തില്‍ ഉഷ ഹസീന ചൂണ്ടിക്കാട്ടി. സംഘടനയുടെ നിയമവ്യവസ്ഥ അട്ടിമറിക്കപ്പെടുകയാണെന്നും, ജനറല്‍ ബോഡി തീരുമാനിച്ച കണ്‍വീനറെ നാണംകെടുത്തുന്ന രീതിയില്‍ പടിയിറക്കിയത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി. എന്തെങ്കിലും രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് നടിമാര്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.




