ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോള്‍ ആവേശം കൊടുമുടിയിലെത്തി നില്‍ക്കെ, ഫിഫയെയും ടൂര്‍ണമെന്റിനെയും രാഷ്ട്രീയ വിവാദത്തിന്റെ നിഴലിലാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസാധാരണ നയതന്ത്ര ഇടപെടല്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അമേരിക്കന്‍ സ്‌ട്രൈക്കര്‍ ഫോളാരിന്‍ ബലോഗന്റെ (Folarin Balogun) ഒരു മത്സരത്തിലെ വിലക്ക് ഫിഫ റദ്ദാക്കിയതാണ് പുതിയ കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുന്നത്. ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ നേരിട്ട് വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് വിലക്ക് നീക്കാന്‍ അപ്പീല്‍ ബോര്‍ഡ് അടിയന്തരമായി തീരുമാനമെടുത്തത്.
|
താരത്തിന് ചുവപ്പ് കാര്‍ഡ് നല്‍കിയതിന്റെയും വിലക്കേര്‍പ്പെടുത്തിയതിന്റെയും അടിസ്ഥാനം വ്യക്തമാക്കാനാണ് ട്രംപ് ഫിഫ പ്രസിഡന്റുമായി സംസാരിച്ചതെന്ന് യു.എസ് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. അപ്പീല്‍ നടപടികള്‍ക്കായി യു.എസ് സര്‍ക്കാര്‍ ചില അധിക തെളിവുകള്‍ ഫിഫയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നുവെന്നും, ഒടുവില്‍ ശരിയായ തീരുമാനത്തിലാണ് എത്തിച്ചേര്‍ന്നതെന്നും യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍, ലോകകപ്പിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ ഈ അസാധാരണ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ സ്വാധീനം പരസ്യമായി ചോദ്യം ചെയ്യുകയാണ്.
ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 64-ാം മിനിറ്റിലാണ് ബലോഗന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. തുടര്‍ന്ന് ഫിഫ അച്ചടക്ക സമിതി ഞായറാഴ്ച പുറത്തിറക്കിയ അസാധാരണ ഉത്തരവിലാണ് താരത്തിന്റെ വിലക്ക് താല്‍ക്കാലികമായി നീക്കിയതായി അറിയിച്ചത്. ബലോഗന്റെ വിലക്ക് ഒരു വര്‍ഷത്തെ നിരീക്ഷണ കാലയളവിലേക്ക് (Probationary period) മാറ്റി വെക്കുന്നതായാണ് ഫിഫ വ്യക്തമാക്കിയത്. ഇതോടെ സിയാറ്റിലില്‍ ബെല്‍ജിയത്തിനെതിരെ നടക്കുന്ന നിര്‍ണ്ണായകമായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബലോഗന് കളിക്കാനാകും. ടൂര്‍ണമെന്റില്‍ ഇതിനകം 3 ഗോളുകള്‍ നേടി അമേരിക്കന്‍ മുന്നേറ്റനിരയുടെ കുന്തമുനയാണ് ഈ യുവതാരം.
ALSO READ: ഗോളുകള്‍, പെനല്‍റ്റികള്‍, ചുവപ്പ് കാര്‍ഡ്; നാടകീയതകള്‍ക്കൊടുവില്‍ ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍
വിലക്ക് നീങ്ങിയതിന് പിന്നാലെ ഫിഫയ്ക്ക് നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ (Truth Social) വഴി രംഗത്തെത്തി. ‘വലിയൊരു അനീതി തിരുത്തി, ശരിയായ കാര്യം ചെയ്തതിന് ഫിഫയ്ക്ക് നന്ദി!’ എന്നാണ് ട്രംപ് കുറിച്ചത്.
ബെല്‍ജിയവും നോര്‍വെയും കടുത്ത അമര്‍ഷത്തില്‍
ഫിഫയുടെ ഈ ആനുകൂല്യത്തിനെതിരെ ബെല്‍ജിയം ഫുട്‌ബോള്‍ അസോസിയേഷന്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. സ്വന്തം നിയമങ്ങള്‍ ഫിഫ തന്നെ ലംഘിക്കുകയാണെന്ന് ആരോപിച്ച ബെല്‍ജിയം, ഇതിനെതിരെ നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്ന് അറിയിച്ചു.
ബ്രസീലിനെ അട്ടിമറിച്ച ചരിത്ര വിജയത്തിന് പിന്നാലെ നോര്‍വെ പരിശീലകന്‍ സ്റ്റാലെ സോല്‍ബാക്കനും ഫിഫയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു.
‘ഇത് ഫിഫയ്ക്ക് പറ്റിയ വലിയൊരു തെറ്റാണ്. വി.എ.ആര്‍ (VAR) പരിശോധനയ്ക്ക് ശേഷമാണ് അത് ചുവപ്പ് കാര്‍ഡാണെന്ന് ഉറപ്പിച്ചത്. ചുവപ്പ് കാര്‍ഡ് കിട്ടിയാല്‍ ഒരു മത്സരത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് നിയമം. രാഷ്ട്രീയക്കാര്‍ ഇടപെട്ട് കായിക ലോകത്തെ തീരുമാനങ്ങള്‍ മാറ്റാന്‍ തുടങ്ങിയാല്‍ അത് വലിയ അപകടമാണ്. അടുത്ത തവണ മറ്റൊരു ചുവപ്പ് കാര്‍ഡ് വരുമ്പോള്‍ ഏത് കമ്മിറ്റിയാണ് അത് മാറ്റാന്‍ പോകുന്നത്? ഇത് ഫുട്‌ബോളിന് കനത്ത തിരിച്ചടിയാണ്,’ സോല്‍ബാക്കന്‍ പറഞ്ഞു. ഇനി ബെല്‍ജിയത്തെ അമേരിക്ക തോല്‍പ്പിച്ചാല്‍ പോലും ഈ വിവാദം ആ വിജയത്തിന്റെ തിളക്കം കെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തായാലും കോച്ച് മൗറീഷ്യോ പൊച്ചെറ്റിനോയ്ക്ക് കീഴില്‍ 2002-ന് ശേഷം ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ തയാറെടുക്കുന്ന അമേരിക്കന്‍ ടീമിന് ബലോഗന്റെ തിരിച്ചുവരവ് വന്‍ ആത്മവിശ്വാസമാണ് നല്‍കുന്നത്. 2014 ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ അധികസമയത്ത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയം അമേരിക്കയെ പുറത്താക്കിയിരുന്നു. അന്ന് അമേരിക്കന്‍ ഗോള്‍കീപ്പര്‍ ടിം ഹോവാര്‍ഡ് 16 തകര്‍പ്പന്‍ സേവുകളുമായി നടത്തിയ പോരാട്ടത്തിന്റെ ചരിത്ര പശ്ചാത്തലമുള്ളതിനാല്‍ ഇത്തവണത്തെ ബെല്‍ജിയം-യു.എസ് പോരാട്ടം കടുത്ത വാശിയുടേതാകും എന്നുറപ്പാണ്.
FIFA Triggers Huge World Cup Storm, Clears US Player’s Ban After Donald Trump Call



