പത്തനംതിട്ടയില്‍ 13 വയസുകാരിയുടെ വ്യാജ പീഡന പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത യുവാവിന് പോലീസിന്റെ ക്രൂര പീഡനം. 20കാരനെയാണ് കുറ്റം സമ്മതിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പോലീസ്മര്‍ദിച്ചത്. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണെന്ന് അറിയിച്ചിട്ടും പൊലിസ് അത് അവഗണിച്ചെന്നും യുവാവ് ആരോപിച്ചു. സംഭവത്തില്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി.
|
പെണ്‍കുട്ടിയെ എവിടെയൊക്കെ കൊണ്ടു പോയി?, എന്തൊക്കെ ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചാണ് മര്‍ദിച്ചതെന്ന് യുവാവ് പറഞ്ഞു. പെണ്‍കുട്ടിയെ അറിയില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നുവെന്നാണ് ആരോപണം. കാല്‍വെള്ളയില്‍ ലാത്തികൊണ്ട് അടിച്ചെന്നും ആദ്യം രണ്ട് പൊലിസുകാര്‍ മര്‍ദിച്ച ശേഷം മൂന്ന് പേര്‍ കൂടി ചേര്‍ന്നെന്നും യുവാവ് പറഞ്ഞു.
പരാതി വ്യാജമാണെന്ന് വ്യക്തമായ ശേഷമാണ് തന്നെ വിട്ടയച്ചത്. വീണ്ടും പൊലിസ് ഉപദ്രവിക്കുമോയെന്ന ഭയത്തിലാണ് കഴിയുന്നതെന്നും യുവാവ് പറഞ്ഞു. കസ്റ്റഡിയിലെടുത്തതോടെ നിലവിലെ ജോലി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് യുവാവ്. ഇപ്പോള്‍ ജോലിക്ക് പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെവിയില്‍ കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നും ഓര്‍ത്തോ വിദഗ്ധനെ കാണണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും യുവാവ് പറഞ്ഞു.
ALSO READ: ‘സത്ലജ്’ ഒടിടിയില്‍ നിന്ന് പിന്‍വലിച്ചു; രാജ്യവിരുദ്ധ ശക്തികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയെന്ന്
മകന്റെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്കയിലാണെന്ന് യുവാവിന്റെ മാതാവും പ്രതികരിച്ചു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും പൊലിസ് ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. ചോദ്യം ചെയ്യല്‍ തങ്ങളുടെ സാന്നിധ്യത്തിലായിരുന്നെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അവര്‍ പറഞ്ഞു. മകനെ ചോദ്യം ചെയ്യുമ്പോള്‍ തങ്ങള്‍ പൊലിസ് സ്റ്റേഷന് പുറത്തായിരുന്നു. രാത്രി വൈകിയാണ് പരാതി വ്യാജമാണെന്ന് അറിയിച്ച് മകനെ വിട്ടയച്ചതെന്നും മാതാവ് പറഞ്ഞു.
വീട്ടിലെത്തിയ ശേഷം വേദന കാരണം ശരീരത്തില്‍ തൊടരുതെന്ന് മകന്‍ പറഞ്ഞു. ലാത്തികൊണ്ട് പലതവണ മര്‍ദിച്ചിരുന്നു. മര്‍ദനത്തിനിടെ ബോധം നഷ്ടമായി. പിന്നീട് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും മകന്‍ പറഞ്ഞു. വീട്ടിലെത്തിയ ശേഷവും ഉറങ്ങാന്‍ കഴിയാതെ പലതവണ ഞെട്ടിയുണര്‍ന്നെന്നും കാലിന്റെ അടിഭാഗത്ത് നീരുണ്ടായിരുന്നുവെന്നും മാതാവ് പറഞ്ഞു. മകന്റെ പേര് പരാതിയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായ സാഹചര്യം കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സഹപാഠികള്‍ പീഡിപ്പിച്ചെന്ന പരാതിയാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആദ്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നാല് സഹപാഠികളെയും രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
എന്നാല്‍ വൈദ്യപരിശോധനയ്ക്കിടെ താന്‍ പീഡനത്തിനിരയായിട്ടില്ലെന്ന് പെണ്‍കുട്ടി ഡോക്ടര്‍മാരോട് വെളിപ്പെടുത്തി. സഹപാഠിയോടുണ്ടായ പ്രണയം നിരസിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാജ പരാതി നല്‍കിയതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. വൈദ്യപരിശോധനയില്‍ പീഡനമോ മര്‍ദനമേറ്റതിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയില്ല. പിന്നീട് മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി ഇതേ മൊഴി ആവര്‍ത്തിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.



