മുംബൈ: സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് എങ്ങനെയൊരു വ്യക്തിയെ നാടുകടത്താനുള്ള (Externment) കാരണമായി മാറുമെന്ന് ചോദിച്ച് ബോംബെ ഹൈക്കോടതി. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (SDPI) മഹാരാഷ്ട്ര സംസ്ഥാന ജനറല്‍ സെക്രട്ടറി സയീദ് അഹമ്മദ് അബ്ദുല്‍ വാഹിദ് ചൗധരിയെ ഒരു വര്‍ഷത്തേക്ക് നാടുകടത്തിയ മുംബൈ പോലീസിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനാധിപത്യപരമായ വിയോജിപ്പുകളെ ഇത്തരം നടപടികളിലൂടെ അടിച്ചമര്‍ത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.
|
മുന്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി കൂടിയായ ചൗധരിയെ മുംബൈയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് മാറ്റിനിര്‍ത്താനുള്ള പോലീസിന്റെ തീരുമാനത്തെ ജസ്റ്റിസ് മാധവ് ജാംദാര്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ‘ബി.ജെ.പി സര്‍ക്കാര്‍ മുര്‍ദാബാദ്’, ‘അമിത് ഷാ മുര്‍ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് എങ്ങനെയാണ് ഒരാളെ നാടുകടത്താനുള്ള അടിസ്ഥാനമായി പോലീസ് കണക്കാക്കുകയെന്ന് ജഡ്ജി സര്‍ക്കാരിനോട് ചോദിച്ചു.
‘പോലീസ് പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ വേലക്കാരല്ല’
കേസ് പരിഗണിക്കവെ കോടതി നടത്തിയ ചില നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമായി.
‘പൗരന്മാരെ കേന്ദ്ര സര്‍ക്കാരിന്റെ അടിമകളാക്കാന്‍ കഴിയില്ല. പോലീസ് മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ വേലക്കാരല്ല, അവര്‍ പൊതുജനസേവകരാണ്. ഹര്‍ജിക്കാരന്‍ മറ്റൊരു പാര്‍ട്ടിയില്‍ ആയതുകൊണ്ടാണോ ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്? അദ്ദേഹം ഭരണപക്ഷത്തേക്ക് പാര്‍ട്ടി മാറിയാല്‍ ഈ കേസുകളെല്ലാം ഇല്ലാതാകുമായിരിക്കും. കുതിരക്കച്ചവടം രാജ്യം മുഴുവന്‍ നടക്കുന്നുണ്ടല്ലോ.’ – ജസ്റ്റിസ് മാധവ് ജാംദാര്‍ പറഞ്ഞു.
നീറ്റ് (NEET) ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളെ പരാമര്‍ശിച്ച കോടതി, പ്രതിഷേധിക്കുന്നവര്‍ക്കെതിരെ എല്ലാം ഇത്തരം നാടുകടത്തല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുമോ എന്നും ചോദിച്ചു. സര്‍ക്കാരിന്റെ ‘വാഷിംഗ് മെഷീനില്‍’ കയറി എഫ്.ഐ.ആറുകള്‍ (FIR) എല്ലാം വൃത്തിയാക്കണമെങ്കില്‍ ഹര്‍ജിക്കാരന് രാഷ്ട്രീയ പാര്‍ട്ടി മാറിയാല്‍ മതിയെന്നും ജഡ്ജി പരിഹാസപൂര്‍വ്വം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാ ലംഘനമെന്ന് കോടതി
മുംബൈ പോലീസിന്റെ നടപടി ദുരുദ്ദേശ്യപരമാണെന്ന് (Malafide) വിലയിരുത്തിയ കോടതി, ഇത് ഭരണഘടനയുടെ അനുച്ഛേദം 14, 21 എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. പൗരന്മാര്‍ക്ക് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം മാത്രമല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നാടുകടത്തല്‍ ഉത്തരവ് പൂര്‍ണ്ണമായും റദ്ദാക്കിയത്.
കേസ് പശ്ചാത്തലം
2025 ഡിസംബര്‍ 3-നാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സയീദ് അഹമ്മദ് ചൗധരിയെ മുംബൈയില്‍ നിന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവിട്ടത്. രണ്ട് ദിവസത്തിനകം മുംബൈ വിട്ടുപോകണമെന്നും 12 മാസത്തേക്ക് തിരികെ പ്രവേശിക്കരുതെന്നുമായിരുന്നു നിര്‍ദ്ദേശം. ഇതിനെതിരെ ഈ വര്‍ഷം മാര്‍ച്ച് 27-നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
2019 മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതാണ് ചൗധരിക്കെതിരെയുള്ള പോലീസിന്റെ കുറ്റം. പൗരത്വ ഭേദഗതി നിയമം (CAA), എന്‍.ആര്‍.സി (NRC), വഖഫ് ഭേദഗതി ബില്‍ എന്നിവയ്‌ക്കെതിരായ മാര്‍ച്ചുകളിലും ധര്‍ണ്ണകളിലും പങ്കെടുത്ത ചൗധരി കടുത്ത സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നും ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്നുമാണ് പോലീസ് നാടുകടത്തലിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളിക്കളയുകയായിരുന്നു.
How can ‘BJP, Amit Shah murdabad’ slogans be grounds for externment, Bombay HC asks



