വയനാട്ടില്‍ തുരങ്ക പാത നിര്‍മാണം പുരോഗമിക്കുന്ന കള്ളാടിയിലെ മീനാക്ഷി പാറയ്ക്ക് സമീപം കനത്ത മണ്ണിടിച്ചില്‍. ഉരുള്‍ പൊട്ടലിന് സമാനമായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ അപകടത്തില്‍ പെട്ടതായി സൂചന. മണ്ണിനടിയില്‍ പെട്ട ഒരാളെ രക്ഷപ്പെടുത്തി. റോഡിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളും കുടുങ്ങി. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.
|
ഇതിനടുത്ത് നിർമാണം നടന്നിരുന്ന സ്ഥലത്ത് പണിയെടുത്തിരുന്ന ഒരു തൊഴിലാളിയെ മണ്ണിനടിയിൽനിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിൽ ഇന്നലെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരുന്നത്. പാലത്തിലൂടെ കടന്നുപോയിരുന്ന വാഹനങ്ങളോ ആളുകളോ മണ്ണിടിച്ചിലിൽ പെട്ടുപോയിട്ടുണ്ടോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ആർആർടി സംഘത്തോട് പ്രദേശത്തേക്ക് നീങ്ങാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകിയിട്ടുള്ളതായും വിവരം. വലിയ ആശങ്ക ഉണ്ടാക്കുന്ന രീതിയിലുള്ള മണ്ണിടിച്ചിലാണ് നടന്നിരിക്കുന്നത്.
കള്ളാടി ആനക്കാംപൊയില്‍ തുരങ്കപ്പാതയുടെ പ്രാരംഭ നിര്‍മാണമാണ് മേപ്പാടി ചൂരല്‍മല റോഡിലെ മീനാക്ഷി ഭാഗത്തു പുരോഗമിക്കുന്നത്. തുരങ്കം നിര്‍മിക്കേണ്ട പാറയ്ക്കു സമീപത്തെ മണ്ണ് നീക്കുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മേപ്പാടി ചൂരല്‍മല റോഡിന് സമാനമായാണ് മണ്ണു നീക്കുന്നത്.
തുരങ്കം ആരംഭിക്കുന്ന മീനാക്ഷി മലയടിവാരത്തിലേക്കുള്ള റോഡ് 60 മീറ്റര്‍ വീതിയില്‍ 300 മീറ്റര്‍ നീളത്തിലാണ് നിര്‍മാണം. ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്കു തുരങ്കത്തിന്റെ പണിയും തുടങ്ങും. ആനക്കാംപൊയില്‍ ഭാഗത്ത് ആദ്യം നിര്‍മാണം ആരംഭിച്ച വലതുവശത്തെ തുരങ്കം 75 മീറ്ററോളം തുരന്നു കഴിഞ്ഞു. തുരങ്കദൂരം 100 മീറ്റര്‍ ആയി കഴിയുമ്പോള്‍ നിര്‍മാണ രീതി മാറ്റുകയും വേഗം കൂടുകയും ചെയ്യും. തുരങ്കത്തിന്റെ ആരംഭ ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്ത് തുരങ്ക മുഖം രൂപപ്പെടുത്തിയ ശേഷമാണ് പാറ തുരന്നു തുരങ്കം ഉള്ളിലേക്ക് എത്തിയത്.
2025 സെപ്റ്റംബര്‍ 31ന് ആണ് തുരങ്കപ്പാത നിര്‍മാണ ഉദ്ഘാടനം നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് 6ന് ആണ് തുരങ്ക നിര്‍മാണത്തിനായി ആദ്യ സ്‌ഫോടനം നടത്തിയത്. നിലവില്‍ 3 ഷിഫ്റ്റുകളായി ഈ ഭാഗത്തു നിര്‍മാണം പുരോഗമിക്കുന്നത്. വലതുവശത്തെ തുരങ്കം ഏറെദൂരം മുന്നോട്ടുപോയി കഴിഞ്ഞായിരിക്കും രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മാണം കാര്യമായി നടത്തുക. തുരങ്കത്തില്‍ നിന്ന് എടുക്കുന്ന കല്ലുകള്‍ അവിടെ തന്നെയുള്ള ക്രഷര്‍ യൂണിറ്റ് ഉപയോഗിച്ച് പൊടിച്ചും ചെറുകഷണങ്ങളാക്കിയും നിര്‍മാണത്തിനു തന്നെ ഉപയോഗിക്കുകയാണ്. തുരങ്കനിര്‍മാണത്തിനു സാധനങ്ങള്‍ എത്തിക്കാന്‍ കരാര്‍ കമ്പനി 7 മാസം കൊണ്ട് ഇരുവഞ്ഞിപ്പുഴയ്ക്കു മുകളില്‍ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചിരുന്നു.
അതിനാല്‍ കാലവര്‍ഷം എത്ര ശക്തിപ്പെട്ടാലും തടസ്സങ്ങളില്ലാതെ തുരങ്കനിര്‍മാണം നടക്കും. ഒരേ സമയം മല തുരക്കുകയും മണ്ണ് മാറ്റുകയും തുരങ്ക പാത കവര്‍ ചെയ്യുകയും ചെയ്യുന്ന ഓസ്‌ട്രേലിയന്‍ സാങ്കേതിക വിദ്യയായ കട്ട് ആന്‍ഡ് കവര്‍ സംവിധാനമാണ് നടപ്പാക്കുന്നത്.
ഇരട്ട തുരങ്കപ്പാതയുടെ ഓരോ 300 മീറ്റര്‍ പിന്നിടുമ്പോഴും 2 പാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സംവിധാനവും ഒരുക്കും. പാറ തുരക്കാനുള്ള ബൂമര്‍ മെഷീനുകള്‍ കഴിഞ്ഞ നവംബറില്‍ എത്തിച്ചിരുന്നു. നിര്‍മാണ ചുമതലയുള്ള ദിലീപ് ബില്‍ഡ്‌കോണ്‍ കമ്പനി ഉത്തരാഖണ്ഡില്‍ നിന്നാണു കൂറ്റന്‍ ട്രെയ്‌ലറില്‍ മെഷീനുകള്‍ എത്തിച്ചത്. ഓഫിസ്, തൊഴിലാളികള്‍ക്ക് താമസിക്കാനാവശ്യമായ കണ്ടെയ്‌നറുകള്‍ എന്നിവയും സ്ഥലത്തു സ്ഥാപിച്ചിട്ടുണ്ട്. വയനാട്ടിലെ മേപ്പാടികള്ളാടിചൂരല്‍മല റോഡ് കോഴിക്കോട് ജില്ലയിലെ മറിപ്പുഴ, മുത്തപ്പന്‍പുഴആനക്കാംപൊയില്‍ റോഡുമായി ബന്ധിപ്പിച്ചാണു തുരങ്ക നിര്‍മാണം. പിന്നീട് തുരങ്കപ്പാതയ്ക്കു പ്രത്യേക റോഡ് നിര്‍മിക്കും. തുരങ്കപ്പാതയ്ക്കായി മറിപ്പുഴ ഇരുവഞ്ഞിപ്പുഴയില്‍ 4 വരി ആര്‍ച്ച് സ്റ്റീല്‍ പാലമാണ് നിര്‍മിക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ പുനിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഏറ്റെടുത്തത്. 73.86 കോടി രൂപയ്ക്കാണു പാലത്തിന്റെയും അനുബന്ധ റോഡിന്റെയും ടെന്‍ഡര്‍ കമ്പനി കരസ്ഥമാക്കിയത്.
ഏറ്റെടുത്തത് 33 ഹെക്ടര്‍ ഭൂമി
പദ്ധതിക്കായി 33 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 5771 മീറ്റര്‍ വനമേഖലയിലൂടെയും 2964 മീറ്റര്‍ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപ്പാത കടന്നു പോകുന്നത്. സ്വകാര്യ ഭൂമിയില്‍ വയനാട്ടില്‍ 8.0525 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് ജില്ലയില്‍ 8.1225 ഹെക്ടര്‍ ഭൂമിയും ഏറ്റെടുത്തു കൈമാറി. വയനാട്ടില്‍ മേപ്പാടി- കള്ളാടി-ചൂരല്‍മല റോഡ് (സംസ്ഥാന പാത-59), കോഴിക്കോട്ട് ആനക്കാംപൊയില്‍-മുത്തപ്പന്‍പുഴ-മറിപ്പുഴ റോഡ് എന്നീ 2 റോഡുകള്‍ തുരങ്കപ്പാതയുമായി ബന്ധിപ്പിക്കും. കള്ളാടിയില്‍, മീനാക്ഷി പാലത്ത് സമുദ്ര നിരപ്പില്‍ നിന്നു 851 മീറ്റര്‍ ഉയരത്തിലാണ് വയനാട്ടിലെ പ്രവേശന കവാടം വരിക.



