ശേഖരണ കേന്ദ്രത്തില്‍ കുന്നുകൂട്ടിയിട്ടിരുന്ന മാലിന്യം ഇടിഞ്ഞുവീണ് സമീപത്തുണ്ടായിരുന്ന മൂന്നുനിലക്കെട്ടിടം നിലംപൊത്തി. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന 15 തൊഴിലാളികള്‍ ഇതിനടിയില്‍ പെട്ടു കിടക്കുന്നതായി സംശയം. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ പിമ്പ്രി ചിഞ്ച്വാദിലാണ് സംഭവം.
|
ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. തദ്ദേശഭരണസ്ഥാപനത്തില്‍ മാലിന്യ സംസ്‌കരണത്തിന് കരാര്‍ ഏറ്റെടുത്തിരുന്ന സ്വകാര്യ കമ്പനിയുടെ ഓഫിസായിരുന്നു മൂന്നുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.
കനത്ത മഴയെ തുടര്‍ന്ന് മാലിന്യക്കൂമ്പാരം തെന്നിമാറുകയും ഇത് മൂന്നുനിലക്കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് വീഴുകയും കെട്ടിടം തകരുകയുമായിരുന്നുവെന്നാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ വിജയ് സൂര്യവംശി പറഞ്ഞത്. അപകടം നടക്കുമ്പോള്‍ 19 പേരായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ രക്ഷപെടുത്തി.


