08
Jul 2026
Wed
08 Jul 2026 Wed
delhi court pmla case

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇവര്‍ക്ക് ലഭിച്ച പേമെന്റ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (PMLA) ‘കുറ്റകൃത്യത്തിലൂടെ നേടിയ പണം’ (Proceeds of crime) ആണെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോപ്പുലര്‍ ഫ്രണ്ടിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നതിന് മുന്‍പ്, കായിക പരിശീലനം നല്‍കിയതിന് പ്രതിഫലമായി ലഭിച്ച തുക, മറ്റ് കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെടാത്ത പക്ഷം കള്ളപ്പണമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാര്‍ കൗരവ് വ്യക്തമാക്കി. പി.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്‍.ഐ.എ (NIA) നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, 2024 മാര്‍ച്ചിലാണ് അന്‍ഷാദ് ബദറുദ്ദീന്‍, അബ്ദുള്‍ ഖാദര്‍ പുത്തൂര്‍ എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. പത്തനം തിട്ട പന്തളം സ്വദേശിയാണ് അന്‍ഷാദ്. അബ്ദുല്‍ ഖാദര്‍ കര്‍ണാടകക്കാരനാണ്.

ഇ.ഡിയുടെ വാദങ്ങളും കോടതിയുടെ നിരീക്ഷണങ്ങളും

ഇ.ഡി സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ ഇവരുടെ പേരുകള്‍ ഉണ്ടായിരുന്നില്ലെന്നും, അഞ്ചാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് (Supplementary prosecution complaint) ഇവരെ ആദ്യമായി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത് എന്നും കോടതി ചൂണ്ടിക്കാട്ടി.

ഇ.ഡിയുടെ ആരോപണം: പ്രതികള്‍ പി.എഫ്.ഐ കേഡര്‍മാര്‍ക്ക് ഫിസിക്കല്‍ ട്രെയിനിങ്ങിന്റെ മറവില്‍ വാളുകളും കൊടുവാളും (Sickles) മറ്റ് മാരകായുധങ്ങളും ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയെന്നും, ഇതിനായി സംഘടനയില്‍ നിന്ന് പണം കൈപ്പറ്റിയെന്നുമാണ് ഇ.ഡി ആരോപിച്ചത്.
കോടതിയുടെ മറുപടി: പണം ഇവരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് നേരിട്ട് വന്നു എന്നതുകൊണ്ട് മാത്രം അത് കുറ്റകൃത്യത്തിലൂടെ നേടിയ പണമായി മാറില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, പ്രധാന കുറ്റകൃത്യത്തില്‍ (Predicate offence) ഇവര്‍ രണ്ടുപേരും പ്രതികളല്ല.

‘അവര്‍ നല്‍കിയ ശാരീരിക പരിശീലനത്തിന്റെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് വിചാരണ വേളയിലാണ് കണ്ടെത്തേണ്ടത്. എന്നാല്‍ നിലവിലെ ഘട്ടത്തില്‍, അവര്‍ക്ക് ലഭിച്ച പ്രതിഫലം ഒരു കുറ്റകൃത്യത്തിലൂടെ ഉണ്ടായതാണെന്ന് സമര്‍ത്ഥിക്കാന്‍ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല. ഇ.ഡി ഹാജരാക്കിയ രേഖകള്‍ പരമാവധി പരിഗണിച്ചാല്‍ പോലും, പ്രതികള്‍ പങ്കെടുത്ത ഒരു പ്രവര്‍ത്തനം വിചാരണയിലൂടെ കുറ്റകൃത്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട് എന്ന് മാത്രമേ മനസ്സിലാക്കാന്‍ സാധിക്കൂ. അല്ലാതെ ആ പ്രതിഫലം ഒരു കുറ്റകൃത്യത്തിലൂടെ നിര്‍മ്മിക്കപ്പെട്ടതാണെന്ന് തെളിയിക്കാനാകില്ല.’ – ഹൈക്കോടതി വ്യക്തമാക്കി.

ഭാവിയില്‍ ഒരു കുറ്റകൃത്യത്തന് ഉപയോഗിച്ചേക്കാമെന്നത് കൊണ്ട് ഫണ്ട് കുറ്റകൃത്യത്തിലൂടെ നേടിയ പണമായി കാണാന്‍ കഴിയില്ലെന്ന മുന്‍ ഉത്തരവുകള്‍ കോടതി ഇതിനായി മുന്‍നിര്‍ത്തി. ഇ.ഡിയുടെ കേസ് ‘കുതിരയ്ക്ക് മുന്നില്‍ വണ്ടി കെട്ടുന്ന’ രീതിയിലുള്ളതാണെന്നും കോടതി പരിഹസിച്ചു.

നീണ്ട ജയില്‍വാസം കണക്കിലെടുത്തു

കേസിന്റെ മെറിറ്റിന് പുറമെ പ്രതികള്‍ അനുഭവിച്ച നീണ്ട ജയില്‍വാസവും ജാമ്യം അനുവദിക്കുന്നതിനായി കോടതി കണക്കിലെടുത്തു. പ്രതികള്‍ രണ്ടു വര്‍ഷവും മൂന്ന് മാസത്തിലേറെയുമായി കസ്റ്റഡിയിലാണെന്നും, കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ അടുത്ത ഭാവിയിലൊന്നും ഈ കേസിന്റെ വിചാരണ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

Delhi High Court Grants Bail To Two Accused In PFI Money Laundering Case