ബോസ്റ്റണ്‍: ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത സുവര്‍ണ്ണ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ. ഫിഫ ലോകകപ്പ് 2026-ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്ക്കെതിരായ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ഗോളോടെയാണ് എംബാപ്പെ ഈ ചരിത്ര നേട്ടത്തിലെത്തിയത്.
|
30 വയസ്സ് തികയുന്നതിന് മുന്‍പ് ലോകകപ്പില്‍ 20 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന ബഹുമതിയാണ് ഈ 27-കാരന്‍ സ്വന്തമാക്കിയത്. നിലവില്‍ ലോകകപ്പ് ചരിത്രത്തില്‍ 20 ഗോള്‍ മാര്‍ക്ക് കടന്നിട്ടുള്ള ഒരേയൊരു താരം അര്‍ജന്റീനയുടെ ലയണല്‍ മെസ്സി (21 ഗോളുകള്‍) മാത്രമാണ്. ഈ ലോകകപ്പിലെ തന്റെ എട്ടാം ഗോള്‍ കുറിച്ച എംബാപ്പെ, ഇതോടെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മെസ്സിക്കൊപ്പമെത്തുകയും ചെയ്തു.
പെനാല്‍റ്റി നഷ്ടം, അസിസ്റ്റ്, ഒടുവില്‍ പരിക്കിന്റെ ആശങ്കയും
ബോസ്റ്റണില്‍ നടന്ന കടുത്ത പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ പെനാല്‍റ്റി പാഴാക്കി എംബാപ്പെ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. നൗസെയര്‍ മസ്രൗയിയുടെ ഫൗളില്‍ ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക് മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബോനോ തട്ടിയകറ്റുകയായിരുന്നു. എന്നാല്‍ എംബാപ്പെ ഫൗളിന് മുന്‍പേ തന്നെ നിലത്തു വീണിരുന്നുവെന്ന് റീപ്ലേകളില്‍ വ്യക്തമായത് വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായി.
എന്നാല്‍ രണ്ടാം പകുതിയില്‍ ഗോള്‍ നേടി ടീമിന് ലീഡ് നല്‍കിയ എംബാപ്പെ, നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവ് ഉസ്മാന്‍ ഡെംബെലെ നേടിയ രണ്ടാമത്തെ ഗോളിന് വഴിമരുന്ന് (Assist) ഇടുകയും ചെയ്തു.
മത്സരത്തിന്റെ 76-ാം മിനിറ്റില്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് എംബാപ്പെയെ പിന്‍വലിച്ചത് ഫ്രഞ്ച് ക്യാമ്പില്‍ നേരിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പരിക്കിനെക്കുറിച്ച് നിര്‍ണായ വിവരം പങ്കുവച്ച് എംബാപ്പെ
മൊറോക്കോയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനിടയില്‍ പരിക്കേറ്റ് കളം വിടേണ്ടി വന്നതില്‍ ആരാധകര്‍ക്കുള്ള ആശങ്കകള്‍ക്ക് മറുപടിയുമായി ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് എംബാപ്പെയെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പിന്‍വലിച്ചിരുന്നു. എന്നാല്‍ മത്സരത്തിന് ശേഷം താരം തന്നെയാണ് തന്റെ പരിക്കിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെച്ചത്.
‘ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ് (I’M FINE)! എന്റെ കണങ്കാലിന് ഒരു ചെറിയ തട്ടല്‍ ഏറ്റിരുന്നു, എന്നാല്‍ ഇപ്പോള്‍ എല്ലാം ശുഭകരമാണ്. അവസാന 15 മിനിറ്റ് കളിക്കാന്‍ എന്നേക്കാള്‍ കൂടുതല്‍ സന്നദ്ധന്‍ മാറ്റെറ്റ ആയിരുന്നു,’ എംബാപ്പെ തന്റെ എക്‌സ് (X) ഹാന്‍ഡിലില്‍ കുറിച്ചു.
മത്സരത്തിനിടയിലെ നാടകീയ നിമിഷങ്ങള്‍
മത്സരത്തിനിടയില്‍ രണ്ട് തവണ എംബാപ്പെ കണങ്കാലില്‍ പിടിച്ച് വേദനയോടെ നിലത്തിരുന്നിരുന്നു. ആദ്യത്തെ തവണ വേദനയുണ്ടായെങ്കിലും കളി തുടരാന്‍ താരം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കളി തുടരാന്‍ ബുദ്ധിമുട്ടായതോടെ, നിശ്ചിത സമയം അവസാനിക്കാന്‍ 13 മിനിറ്റുള്ളപ്പോള്‍ (77ാം മിനിറ്റില്‍) പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് എംബാപ്പെയെ പിന്‍വലിച്ച് ജീന്‍-ഫിലിപ്പ് മാറ്റെറ്റയെ (Jean-Philippe Mateta) കളത്തിലിറക്കി.
എംബാപ്പെയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നെങ്കിലും, മത്സരത്തിന് ശേഷമുള്ള ഫൈനല്‍ വിസിലിന് പിന്നാലെ താരം സ്റ്റേഡിയത്തിലെ ഗാലറിയിലുണ്ടായിരുന്ന ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യാന്‍ എത്തിയിരുന്നു. ഇത് വരാനിരിക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തിന് മുന്‍പ് ഫ്രാന്‍സിന് വലിയ ആശ്വാസം നല്‍കുന്ന ഒന്നായിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് വ്യക്തമാക്കി താരം തന്നെ നേരിട്ട് രംഗത്തെത്തിയത്.
സെമി ഫൈനലില്‍ സ്‌പെയിനോ ബെല്‍ജിയമോ?
മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ലെ ബ്ലൂസ് (Les Bleus) അവസാന നാലിലേക്ക് യോഗ്യത നേടിയത്. പരിക്കുമൂലം സൂപ്പര്‍ താരം ഇസ്മായില്‍ സൈബാരി ഇല്ലാതെ ഇറങ്ങിയ മൊറോക്കന്‍ നിരയ്ക്ക് ഫ്രാന്‍സിന്റെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നാല് വര്‍ഷം മുന്‍പ് ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലിലും ഫ്രാന്‍സ് മൊറോക്കോയെ 2-0 ന് തോല്‍പ്പിച്ചിരുന്നു.
തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ടാണ് ഫ്രാന്‍സ് മുന്നേറുന്നത്. ദീര്‍ഘകാലമായി ടീമിനെ നയിക്കുന്ന പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സിന്റെ കീഴിലുള്ള ഫ്രാന്‍സിന്റെ അവസാന ടൂര്‍ണമെന്റാണിത്. 2018-ല്‍ കിരീടം നേടുകയും 2022-ല്‍ റണ്ണേഴ്‌സ് അപ്പ് ആകുകയും ചെയ്ത ഫ്രാന്‍സ്, അടുത്ത ചൊവ്വാഴ്ച ഡള്ളസില്‍ നടക്കുന്ന സെമി ഫൈനലില്‍ സ്‌പെയിന്‍- ബെല്‍ജിയം മല്‍സര വിജയികളെ നേരിടും.
France Star Kylian Mbappe Suffers Big Injury Scare, Provides Big Update





