13
Jul 2026
Tue
13 Jul 2026 Tue
romelu lukaku trump dance

സിയാറ്റില്‍: ഫോളാരിന്‍ ബലോഗന്റെ വിലക്ക് നീക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അസാധാരണ നയതന്ത്ര ഇടപെടലുകള്‍ ഫലം കണ്ടില്ല. ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ആതിഥേയരായ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് (4-1) തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. തോല്‍വിക്ക് പിന്നാലെ അമേരിക്കന്‍ ടീമിനെയും ഡൊണാള്‍ഡ് ട്രംപിനെയും പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളാല്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ. മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം ബെല്‍ജിയം താരം റൊമേലു ലുകാകു ട്രംപിന്റെ പ്രശസ്തമായ ‘ട്രംപ് ഡാന്‍സ്’ അനുകരിച്ച് നടത്തിയ ആഹ്ലാദപ്രകടനമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് തരംഗമാകുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അമേരിക്കന്‍ താരം ബലോഗന്റെ വിലക്ക് നീക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ഫിഫ താരത്തിന്റെ വിലക്ക് ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയും ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ കളിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഫിഫയുടെ ഈ തീരുമാനം വലിയ കായിക-രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

എന്നാല്‍ ട്രംപിന്റെ സ്വാധീനം കൊണ്ട് മൈതാനത്ത് ഇറങ്ങിയ ബലോഗന് മത്സരത്തില്‍ യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. കളിയിലുടനീളം ബെല്‍ജിയം പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി. അമേരിക്കയുടെ പുറത്താകല്‍ ഉറപ്പായതോടെ, ഫിഫയില്‍ ഇടപെട്ട ട്രംപിനെ ലക്ഷ്യമിട്ടായിരുന്നു സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ മുഴുവന്‍. ഇനി ട്രംപിന് മാത്രമേ അമേരിക്കന്‍ ടീമിനെ രക്ഷിക്കാന്‍ കഴിയൂ എന്നാണ് ട്രംപ് മൈതാനത്ത് പന്ത് തട്ടുന്ന എഐ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള ചിലരുടെ കമന്റ്

അമേരിക്കയുടെ മണ്ണില്‍ വെച്ച് അവരുടെ വലയിലേക്ക് നാലാം ഗോളും അടിച്ചുകയറ്റിയ ശേഷമാണ് ലുകാകു ട്രംപിനെ പരസ്യമായി പരിഹസിക്കുന്ന രീതിയില്‍ അദ്ദേഹത്തിന്റെ സിഗ്‌നേച്ചര്‍ ഡാന്‍സ് സ്റ്റെപ്പുകള്‍ മൈതാനത്ത് പുറത്തെടുത്തത്.

‘മറുപടി മൈതാനത്ത് നല്‍കി’ – യൂറി ടീലേമാന്‍സ്

ബലോഗന്റെ ചുവപ്പ് കാര്‍ഡ് വിവാദവും ട്രംപിന്റെ ഇടപെടലുമാണ് തങ്ങള്‍ക്ക് കൂടുതല്‍ ആവേശം നല്‍കിയതെന്ന് ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ യൂറി ടീലേമാന്‍സ് മത്സരത്തിന് ശേഷം പ്രതികരിച്ചു.

‘തുറന്നു പറയാമല്ലോ, ആ വാര്‍ത്ത (വിലക്ക് നീക്കിയ ഫിഫയുടെ തീരുമാനം) കേട്ടയുടന്‍ ഞങ്ങള്‍ കളിക്കാര്‍ ഒരു പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഞങ്ങള്‍ക്ക് പറയാനുള്ളതെല്ലാം മൈതാനത്ത് കളിയിലൂടെ കാണിച്ചു കൊടുക്കണമെന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു. അത് തന്നെയാണ് ഇന്ന് ഞങ്ങള്‍ ചെയ്തത്. ഈ ടീമിനെ ഓര്‍ത്ത് എനിക്ക് വലിയ അഭിമാനമുണ്ട്,’ – ടീലേമാന്‍സ് പറഞ്ഞു.

മികച്ച പോരാട്ടവീര്യമാണ് ടീം കാഴ്ചവെച്ചതെന്നും മത്സരത്തിന്റെ തുടക്കം മുതല്‍ അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞതാണ് വിജയത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മര്‍ദ്ദത്തിലായതോടെ അമേരിക്കന്‍ പ്രതിരോധത്തിന് പിഴവുകള്‍ സംഭവിച്ചതായും താരം വ്യക്തമാക്കി. 2002-ന് ശേഷം ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറിലെത്താമെന്ന അമേരിക്കയുടെ മോഹങ്ങളാണ് ബെല്‍ജിയം ഇതോടെ തല്ലിക്കെടുത്തിയത്.

Belgium Striker Romelu Lukaku’s ‘Donald Trump Dance’ After US’ World Cup Exit Is Viral

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക