എതിര്‍ പോസ്റ്റിന്റെ പരിസരങ്ങളില്‍ അലസമായി നടക്കുകയും സഹകളിക്കാരില്‍ നിന്ന് പാസ് വരുമ്പോള്‍ ആരെയും അമ്പരപ്പിക്കുന്ന രീതിയില്‍ കുതികുതിച്ച് പന്ത് വലയിലെത്തിക്കുകയും ചെയ്യുന്ന നോര്‍വീജിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടാണ് ഇത്തവണ ലോക കപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം. മെസ്സിയുടെയും റൊണാള്‍ഡോയുമെല്ലാം നീക്കങ്ങള്‍ ഏറെക്കുറെ പ്രവചനീയമാണെങ്കില്‍ ഈ ആറടി അഞ്ചിഞ്ച് ഉയരക്കാരന്‍ എവിടെ നിന്നാണ് ചാടി വരുന്നതെന്നറിയാതെ പലപ്പോഴും സ്തബധരായിപ്പോവുകയാണ് ഡിഫന്‍ഡര്‍മാര്‍.
|
ഇത് മനുഷ്യനോ അതോ ബയോ-എന്‍ജിനീയറിങ് ചെയ്ത സൈബോര്‍ഗോ എന്ന് വരെ പലരും അദ്ഭുതം കൂറി. മൈതാനത്തില്‍ 33 കിലോമീറ്റര്‍ വേഗത്തിലോടിയും തന്റെ നെഞ്ചോളം ഉയരത്തില്‍ ചാടി അക്രോബാറ്റിക് ശൈലിയില്‍ കാലും തലയുമെല്ലാം ചലിപ്പിച്ചും എതിരാളികളുടെ ഗോള്‍വല കുലുക്കുന്ന ഹാളണ്ടിന്റെ ഈ കളിമികവിന്റെ രഹസ്യങ്ങളില്‍ ഒന്നാണ് അദ്ദേഹത്തിന്റെ മികച്ച ഉറക്കം.
കളിയും പരിശീലനവുമെല്ലാം കഴിഞ്ഞാല്‍ പാര്‍ട്ടിക്കൊന്നും കറങ്ങി നടക്കാതെ നേരെ പോയി കിടന്ന് നന്നായി ഉറങ്ങുകയാണ് ഹാളണ്ടിന്റെ പതിവ്. ദിവസവും 10 മുതല്‍ 11 മണിക്കൂര്‍ വരെയൊക്കെയാണ് ഈ വൈക്കിങ് വീരന്റെ ഉറക്കസമയം. ഇതിന് പുറമേ ഉച്ചഭക്ഷണത്തിന് ശേഷവും കുറച്ച് സമയം ഉറങ്ങും.
പ്രത്യേക ചിട്ടകള്‍ നിറഞ്ഞ ഉറക്കം
ഉറങ്ങുന്നതിന് മുന്‍പ് ചില പ്രത്യേക ശീലങ്ങളും ഹാളണ്ട് പിന്തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബ്ലൂ ലൈറ്റ് കണ്ണുകളില്‍ എത്തുന്നത് തടയാനായി ധരിക്കുന്ന ഗ്ലാസുകളാണ് ഇതില്‍ മുഖ്യം. ശരീരത്തിലെ മെലടോണിന്‍ ഉത്പാദനം ഉത്തേജിപ്പിക്കാനും നല്ല നിലവാരമുള്ള ഉറക്കം തരാനും ഇത്തരം ഗ്ലാസുകള്‍ സഹായിക്കുന്നതായി ശാസ്ത്രം പറയുന്നു. ഉറങ്ങുന്നതിന് മുന്‍പ് മൊബൈല്‍ ഫോണ്‍ അടക്കമുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും മുറിയില്‍ നിന്ന് മാറ്റി വയ്ക്കാനും ഹാളണ്ട് ശ്രദ്ധിക്കുന്നു.
വായില്‍ ടേപ്പ്
ഉറങ്ങുമ്പോള്‍ വായ തുറന്ന് ഉറങ്ങാതെ മൂക്കിലൂടെ മാത്രം ശ്വാസമെടുക്കാനായി വായില്‍ ടേപ്പ് ഒട്ടിക്കുന്നതാണ് ഹാളണ്ടിന്റെ മറ്റൊരു ശീലം. ഉറങ്ങുന്നതിന് മുന്‍പ് ഇത്തരത്തില്‍ വായില്‍ ടേപ്പ് ചെയ്യുന്ന വൈറല്‍ ട്രെന്‍ഡിന്റെ ശാസ്ത്രീയതയെ പറ്റി നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മൂക്കിലൂടെ ശ്വാസമെടുക്കുന്നത് നല്ലതൊക്കെ തന്നെയാണെങ്കിലും നിത്യവും ഇങ്ങനെ വായ ഒട്ടിച്ച് കിടന്നുറങ്ങുന്നതിനെ പിന്തുണയ്ക്കുന്ന പഠനങ്ങളൊന്നും ലഭ്യമല്ലെന്ന് ആസ്റ്റര്‍ വൈറ്റ് ഫീല്‍ഡ് ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. സുബ്രത ദാസ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഉറക്കം മാത്രമല്ല ഭക്ഷണവും വ്യത്യസ്തം

ദിവസവും 6000 കലോറിയാണ് ഹാളണ്ട് അകത്താക്കുന്നതെന്നും ഇതില്‍ പശുവിന്റെ ഹൃദയവും കരളും ബീഫ് സ്റ്റീക്കും മുട്ടയും തേനും തിളപ്പിക്കാത്ത പാലുമെല്ലാം ഉള്‍പ്പെടുമെന്നും സ്പാനിഷ് മാധ്യമമായ ഹോല റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഹാളണ്ട് ദ ബിഗ് ഡെസിഷന്‍’ എന്ന ഡോക്യുമെന്ററിയിലും അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
തിളപ്പിക്കാത്ത പാലും മേപ്പിള്‍ സിറപ്പും ചേര്‍ത്ത ഒരു കപ്പ് കാപ്പിയുമായാണ് ഹാളണ്ട് തന്റെ ദിവസം ആരംഭിക്കുന്നത്. കഴിക്കുന്നതിന് മുന്‍പ് പുറത്തിറങ്ങി ശുദ്ധവായു ശ്വസിച്ച് കുറച്ച് നേരം വെയില്‍ കൊണ്ട് നടക്കാനും മറക്കാറില്ല. മുട്ടയും സോര്‍ഡഗ് ബ്രഡുമെല്ലാം ചേര്‍ന്നതാണ് പ്രഭാതഭക്ഷണമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാലും ചീരയും കെയ്ലുമെല്ലാം അടങ്ങിയ ഒരു മാന്ത്രിക പാനീയവും താന്‍ കുടിക്കുന്നതായി ഹാളണ്ട് അഭിമുഖങ്ങളില്‍ പറയുന്നു.
പരിശീലനവും കഠിനം
ആറടി നാലിഞ്ച് ശരീരത്തിന്റെ കായികക്ഷമതയും വഴക്കവും നിലനിര്‍ത്താന്‍ സഹായിക്കുന്ന തരത്തില്‍ കഠിനമാണ് ഹാളണ്ടിന്റെ വര്‍ക്ക് ഔട്ടും. സ്ട്രെച്ചിങ് വ്യായാമങ്ങള്‍, ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയ്നിങ്, ഉയരമുള്ള ഇടങ്ങളിലെ മൈതാനങ്ങള്‍ക്ക് സമാനമായ അവസ്ഥ സൃഷ്ടിക്കുന്ന ഹൈപോക്സിക് ചേംബറുകളില്‍ നടത്തുന്ന പരിശീലനം എന്നിങ്ങനെ നീളുന്നു ഹാളണ്ടിന്റെ പരിശീലന മുറകള്‍.
വര്‍ക്ക് ഔട്ട് കഴിഞ്ഞാല്‍ ശരീരത്തിനും പേശികള്‍ക്കും വിശ്രമം നല്‍കാന്‍ ഐസ് ബാത്തുകളും ഹാളണ്ട് ചെയ്യാറുണ്ട്. ഇതിനായി ഒരു ക്രയോതെറപ്പി ചേംബര്‍ തന്നെ ഒരുക്കിയിട്ടുണ്ട്. ശരീരത്തിനെ പൂജ്യത്തിന് താഴെ താപനിലയിലേക്ക് കൊണ്ട് പോയി ലാക്ടിക് ആസിഡുകളും നീര്‍ക്കെട്ടും കുറയ്ക്കുന്നതാണ് ഈ ക്രയോതെറാപ്പി ചേംബര്‍.
Erling Haaland specialized diet and habits





