ഗ്രീസില്‍ നിന്നും പറന്നുയര്‍ന്ന റയാന്‍എയര്‍ (Ryanair) വിമാനത്തിന്റെ ജനല്‍പ്പാളി തകര്‍ന്ന് യാത്രക്കാരന് പകുതിയോളം പുറത്തേക്ക് തെറിച്ചു. വെള്ളിയാഴ്ച ഗ്രീസിലെ തെസലോനികിയില്‍ (Thessaloniki) നിന്ന് വിമാനം ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ബോയിങ് 737 വിമാനത്തില്‍ വന്‍ അപകടമുണ്ടാക്കിയ ഈ സംഭവം നടന്നത്. ഇതേതുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.
|
ഗ്രീസില്‍ നിന്നും ജര്‍മ്മനിയിലെ മെമ്മിംഗന് (Memmingen) വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് ജനല്‍പ്പാളി തകര്‍ന്നതിനെ തുടര്‍ന്ന് തിരിച്ചിറക്കിയതെന്ന് റയാന്‍എയര്‍ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ജനല്‍ തകരാനുണ്ടായ കാരണം വ്യക്തമല്ലെന്ന് കമ്പനി അറിയിച്ചു.
അപകടത്തില്‍പ്പെട്ടത് സെര്‍ബിയന്‍ സ്വദേശിയായ യാത്രക്കാരനാണ്. വിമാനത്തിനുള്ളിലെ വായുമര്‍ദ്ദ വ്യത്യാസം കാരണം ജനലിലൂടെ പകുതിയോളം പുറത്തേക്ക് വലിച്ചെടുക്കപ്പെട്ട ഇദ്ദേഹത്തെ തെസലോനികിയിലെ എഹെപ്പ (AHEPA) യൂണിവേഴ്സിറ്റി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും സെര്‍ബിയന്‍ കോണ്‍സുലേറ്റ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ ഉള്ളിലേക്ക് വലിച്ച് പിടിച്ച് രക്ഷപെടുത്തിയത്. യാത്രക്കാരന്റെ തലയും തോളും വിമാനത്തിന് പുറത്തായ അവസ്ഥയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
BREAKING: Ryanair passenger reportedly saved from being sucked out the cabin after window fails during a flight from Thessaloniki to Memmingen.
According to local media Ryanair flight FR1879, a Boeing 737-8AS, returned safely to Greece on Friday after part of a damaged engine… pic.twitter.com/YPgRodjPFp
— Breaking Aviation News & Videos (@aviationbrk) July 10, 2026
എഞ്ചിന് തകരാറെന്ന് സംശയം
വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എഞ്ചിന്റെ ഒരു ഭാഗം വേര്പെട്ടുമാറുകയും അത് വന്ന് ജനലില്‍ ഇടിക്കുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്നാണ് വിമാനത്തിനുള്ളിലെ വായുമര്‍ദ്ദം നഷ്ടപ്പെട്ടത് (Decompression). വിമാനത്തിന്റെ ഫാന്‍ ബ്ലേഡുകള് തകര്‍ന്ന് എഞ്ചിന്റെ പുറംകവചം തുളച്ച് അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിച്ചതാണ് അപകടകാരണമെന്ന് സൂചിപ്പിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അപകടത്തില്‍പ്പെട്ടത് ബോയിങ് 737 എന്‍.ജി (Boeing 737 NG) മോഡല്‍ വിമാനമാണെന്ന് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (FAA) സ്ഥിരീകരിച്ചു. നോര്‍ത്ത് മാസിഡോണിയയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണവുമായി സഹകരിക്കുമെന്ന് ബോയിങ് കമ്പനി അറിയിച്ചു.
മുന്‍പും സമാന അപകടം
2018-ലും സമാനമായ ഒരു അപകടം മറ്റൊരു ബോയിങ് 737 എന്‍.ജി വിമാനത്തില്‍ സംഭവിച്ചിരുന്നു. സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ ഫാന്‍ ബ്ലേഡ് തകര്‍ന്ന് ജനല്‍പ്പാളി തകരുകയും, ഒരു വനിതാ യാത്രക്കാരി പുറത്തേക്ക് തെറിക്കുകയും ചെയ്തിരുന്നു. അന്ന് ആ യാത്രക്കാരി മരണപ്പെടുകയുണ്ടായി. ഇതേതുടര്‍ന്ന് വിമാനത്തിന്റെ എഞ്ചിന് കവചത്തിന്റെ ഘടന പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ ബോയിങ്ങിനോട് നിര്‍ദ്ദേശിച്ചിരുന്നു. 2028 ജൂലൈയോടെ ഈ മാറ്റങ്ങള്‍ വരുത്തണമെന്ന് എഫ്.എ.എ (FAA) നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്.
Man nearly sucked out of window mid-air on Ryanair plane





