ടെഹ്റാന്: ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച ചടങ്ങില്‍ വിതുമ്പലടക്കാനാവാതെ ആയിരക്കണക്കിന് ജനങ്ങള്‍. വെള്ളിയാഴ്ച ടെഹ്റാനിലെ ഗ്രാന്‍ഡ് മുസല്ലയില്‍ ആരംഭിച്ച സംസ്കാര ചടങ്ങുകളില്‍ ഖാംനഇക്കൊപ്പം കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ 14 മാസം മാത്രം പ്രായമുള്ള ചെറുമകളുടെ കുഞ്ഞുപെട്ടിയും പൊതുദര്‍ശനത്തിന് വെച്ചത് കണ്ട് പലരും കണ്ണീരടക്കാന്‍ പാടുപെട്ടു.
|
കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തിയ ആക്രമണത്തിലാണ് ഖാംനഇയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഖാംനഇയുടെ ഭൗതികശരീരം അടങ്ങിയ പെട്ടിക്ക് മുകളില്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പതാകയും അദ്ദേഹത്തിന്റെ കറുത്ത തലപ്പാവുമാണ് വെച്ചിരുന്നത്. ഇതിന് തൊട്ടടുത്തായിട്ടാണ് ഇതേ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖാംനഇയുടെ പേരക്കുട്ടി സഹ്റ മുഹമ്മദി ഗോല്‍പയേഗാനിയുടെ ദേശീയ പതാക പുതപ്പിച്ച ചെറിയ പെട്ടിയും ചിത്രവും പ്രദര്‍ശിപ്പിച്ചത്.
ഇറാനിലും അയല്‍രാജ്യമായ ഇറാഖിലുമായി ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പൊതുദര്‍ശന ചടങ്ങുകള്‍ക്കാണ് വെള്ളിയാഴ്ച തുടക്കമായത്. ഇറാനിലെയും ഇറാഖിലെയും വിവിധ നഗരങ്ങളില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം എത്തിക്കും.
വെള്ളിയാഴ്ച്ച ഗ്രാന്‍ഡ് മുസല്ലയുടെ കവാടങ്ങള്‍ തുറന്നതോടെ പതിനായിരക്കണക്കിന് ആളുകളാണ് സമുച്ചയത്തിലേക്ക് ഒഴുകിയെത്തിയത്. പ്രതികാരത്തിന്റെ പ്രതീകമായ ചുവന്ന ബാനറുകളേന്തിയെത്തിയ ജനക്കൂട്ടം ‘അമേരിക്കയ്ക്ക് വിനാശം’, ‘പ്രതികാരം, പ്രതികാരം’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച വരെ ഭൗതികശരീരം ടെഹ്റാനില്‍ തുടരും. തുടര്‍ന്ന് ചൊവ്വാഴ്ച പുണ്യനഗരമായ ഖുമ്മിലേക്കും (Qom), ബുധനാഴ്ച ഇറാഖിലെ വിവിധ പുണ്യനഗരങ്ങളിലേക്കും വിലാപയാത്ര പ്രവേശിക്കും. ആറ് ദിവസത്തെ ചടങ്ങുകള്‍ക്ക് ശേഷം വ്യാഴാഴ്ച ഖാംനഇയുടെ ജന്മനാടായ വടക്കുകിഴക്കന്‍ ഇറാനിലെ മഷ്ഹദില്‍ ഭൗതികശരീരം ഖബറടക്കും.
Ali Khamenei’s 14-Month-Old Granddaughter’s Tiny Coffin, Pic Shown At Funeral





