15
Jul 2026
Wed
15 Jul 2026 Wed
A shocking milk adulteration scam

ധാരശിവ്: മഹാരാഷ്ട്രയിലെ ധാരശിവ് ജില്ലയിലുള്ള ഭൂം താലൂക്കില്‍ വന്‍തോതില്‍ പാല്‍ മായം ചേര്‍ത്ത് വിതരണം ചെയ്ത സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പൊലീസും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (FDA) സംയുക്തമായി നടത്തിയ അന്വേഷണത്തില്‍, കഴിഞ്ഞ ആറ് മാസത്തിനിടെ ലക്ഷക്കണക്കിന് ലിറ്റര്‍ കൃത്രിമപ്പാലാണ് ഇവിടെ നിര്‍മ്മിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിയതെന്ന് കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത വില്‍പന രജിസ്റ്ററുകള്‍ പരിശോധിച്ചതില്‍ നിന്ന്, കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മാത്രം ഏകദേശം 2,30,470 കിലോഗ്രാം ഗുണനിലവാരമില്ലാത്ത പാല്‍പ്പൊടി മായം ചേര്‍ക്കാനായി ഉപയോഗിച്ചതായി വ്യക്തമായിട്ടുണ്ട്. ഈ വന്‍തോതിലുള്ള പാല്‍പ്പൊടി ഉപയോഗിച്ച് ഏകദേശം 23,04,070 ലിറ്റര്‍ കൃത്രിമ പാല്‍ (Synthetic Milk) നിര്‍മ്മിച്ചതായാണ് കണ്ടെത്തല്‍. ഇതിന് വിപണിയില്‍ ഏകദേശം 9 കോടി 21 ലക്ഷത്തി 62,800 രൂപ വിലവരും.

ഏറ്റവും ആശങ്കാജനകമായ കാര്യം, പ്രതികള്‍ 100 ലിറ്റര്‍ ശുദ്ധമായ പാലിലേക്ക് 10 ലിറ്റര്‍ എന്ന അനുപാതത്തില്‍ (10% മായം) ഈ കൃത്രിമ പാല്‍ കലര്‍ത്തിയിരുന്നു എന്നതാണ്. ഈ കണക്ക് വെച്ച് ഭൂം മേഖലയിലെ പാല്‍ ശേഖരണ കേന്ദ്രങ്ങളില്‍ നിന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്ക് ആകെ 2.3 കോടിയിലധികം (23 ദശലക്ഷം) ലിറ്റര്‍ മായം ചേര്‍ത്ത പാല്‍ വിതരണം ചെയ്തിട്ടുണ്ടാകാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.

സോപ്പ് പൊടിയും പാം ഓയിലും; വില്ലനായി മാരക രാസവസ്തുക്കള്‍

കൃത്രിമ പാലിന് യഥാര്‍ത്ഥ പാലിന്റെ നിറവും ആവശ്യമായ കൊഴുപ്പും (Fat levels) നിലനിര്‍ത്താന്‍ സോപ്പ് പൊടി, പാം ഓയില്‍, തീരെ ഗുണനിലവാരമില്ലാത്ത രാസ വസ്തുക്കള്‍ എന്നിവയാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്.

ALSO READ: ഫിഫ പ്രസിഡന്റ് ട്രംപിന് വേണ്ടി പക്ഷപാതപരമായി ഇടപെടുന്നു; ഒളിംപിക് കമ്മിറ്റിക്ക് പരാതി

തുടര്‍ച്ചയായി ഇത്തരം രാസവസ്തുക്കള്‍ അടങ്ങിയ പാല്‍ കഴിക്കുന്നത് കരള്‍, വൃക്ക, ദഹനവ്യവസ്ഥ എന്നിവയെ പൂര്‍ണ്ണമായി തകരാറിലാക്കുമെന്നും ഇത് കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവരുടെ ജീവന് തന്നെ ഭീഷണിയാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫുഡ് സേഫ്റ്റി ആക്ട് പ്രകാരം ജീവന് ഭീഷണിയാകുന്ന രീതിയില്‍ പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തം തടവുശിക്ഷയും ലഭിക്കാം.

പ്രതികള്‍ക്കായി തിരച്ചില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

കേസ് രജിസ്റ്റര്‍ ചെയ്ത് എട്ട് ദിവസമായിട്ടും പ്രതികളായ ഏഴ് പേരും ഒളിവിലാണ്. ഇവര്‍ക്കെതിരെ കര്‍ശന നിയമവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കുകയും സംശയസ്പദമായ കേന്ദ്രങ്ങളില്‍ നിരന്തരം റെയ്ഡുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

‘റെയ്ഡിനിടെ മായം ചേര്‍ക്കാന്‍ സൂക്ഷിച്ച 61 ചാക്ക് പാല്‍പ്പൊടി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബാലാസാഹേബ് ഗോഡ്ഗെ എന്നയാളാണ് ഭൂം മേഖലയിലെ നിരവധി ഡയറി യൂണിറ്റുകളിലേക്ക് ഈ പാല്‍പ്പൊടി എത്തിച്ചു നല്‍കിയിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കന്നുകാലിത്തീറ്റ വില്‍പനയുടെ മറവിലാണ് ഈ മാഫിയ പ്രവര്‍ത്തിച്ചിരുന്നത്. ഭൂം താലൂക്കില്‍ നിന്ന് പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ പാലും 70 മുതല്‍ 80 ടണ്‍ വരെ കോവയും (Khoya) മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ കേസ് അതീവ ഗൗരവമുള്ളതാണ്.’
– ഭൂം പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകണേഷ് കനാഗുഡെ പറഞ്ഞു.

ഈ പാല്‍പ്പൊടി ഉപയോഗിച്ച് നിര്‍മ്മിച്ച കൃത്രിമ പാല്‍ വാങ്ങിയ ഡയറി യൂണിറ്റുകളെയും ശേഖരണ കേന്ദ്രങ്ങളെയും കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

2.3 Crore Litres Of Synthetic Milk Made With Detergent Powder in Maharashtra