13
Jul 2026
Mon
13 Jul 2026 Mon
KOLKATA AIRPORT MOSQUE

കൊല്‍ക്കത്ത വിമാനത്താവളത്തിനുള്ളിലെ പള്ളിയിലേക്കുള്ള (Kolkata Airport Mosque ) പ്രവേശനം തടഞ്ഞ നടപടിയെ പിന്തുണച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. ദേശീയ സുരക്ഷയാണ് പരമപ്രധാനം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാമത്തെ റണ്‍വേക്ക് സമീപമാണ് ബാങ്ക്‌റ മസ്ജിദ്’ എന്നും അറിയപ്പെടുന്ന 136 വര്‍ഷം പഴക്കമുള്ള ഗൗരിപൂര്‍ ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഈ പള്ളി മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് ദീര്‍ഘകാലമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിമാനത്താവളത്തില്‍ രണ്ട് റണ്‍വേകളുണ്ട്; പ്രധാന റണ്‍വേയാണ് വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാന്‍ഡിംഗിനും ഉപയോഗിക്കുന്നത്. രണ്ടാമത്തെ റണ്‍വേ ചെറുതാണ്. ഈ റണ്‍വേയ്ക്ക് അല്പം അകലെയാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

കനത്ത മഴയില്‍ റോഡ് തകര്‍ന്നതിനെത്തുടര്‍ന്നാണ് ശനിയാഴ്ച മുതല്‍ പള്ളിയിലേക്കുള്ള പ്രവേശനം തടഞ്ഞതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ആധാര്‍ കാര്‍ഡുകള്‍ മാത്രം പരിശോധിച്ച് ആളുകളെ പ്രവേശിപ്പിക്കുന്നതിനെതിരെ കേന്ദ്ര സുരക്ഷാ ഏജന്‍സി ആശങ്ക ഉന്നയിച്ചതാണ് ഇതിന് പിന്നിലെന്നാണ് സൂചനകള്‍. പള്ളിയിലേക്കുള്ള പ്രവേശനം സ്ഥിരമായി തടയാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നു.

ALSO READ: ഗോവധ നിരോധന ഉത്തരവിന് സുപ്രീം കോടതി സ്റ്റേ; വിജയ് സര്‍ക്കാരിന്റെ ഇടപെടല്‍ വിജയിച്ചു

മുഖ്യമന്ത്രിയുടെ പ്രതികരണം

‘ദേശീയ സുരക്ഷയ്ക്കും വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കും മറ്റെന്തിനേക്കാളും മുന്‍ഗണന നല്‍കും. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ഇതില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. ചൈനയും ബംഗ്ലാദേശും അടുത്തിരിക്കുന്നതിനാല്‍ കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം വളരെ നിര്‍ണായകമാണ്. പുറത്തുനിന്നുള്ളവര്‍ക്ക് വേണ്ടി വിമാനത്താവള ഗേറ്റ് തുറന്നിടാന്‍ കഴിയില്ല,’ അധികാരി ഞായറാഴ്ച പറഞ്ഞു.

‘മതപരമായ കാര്യങ്ങള്‍ ആചരിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ ആരെയും തടഞ്ഞിട്ടില്ല. ബക്രീദ് മൃഗബലി നിയമങ്ങള്‍ പാലിച്ചും മുഹറം ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാതെയും സമാധാനപരമായി ആചരിച്ചു. നിയമം അനുസരിക്കുക, നല്ല പൗരന്മാരായി പ്രവര്‍ത്തിക്കുക. മറ്റുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിക്കാതെ നിങ്ങളുടെ മതം വ്യക്തിപരമായ കാര്യമായി കാണുക. അപ്പോള്‍ എല്ലാം സുഗമമായി നടക്കും,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: അലി ഖാംനഇയുടെ വിലാപയാത്രയിലെ ആ ‘മുഖംമൂടി മനുഷ്യന്‍’ ആര്? ഒടുവില്‍ നിഗൂഢത നീങ്ങി

കേന്ദ്രമന്ത്രി സുകാന്ത മജുംദാറും മുഖ്യമന്ത്രിയെ പിന്തുണച്ചു. ‘വിമാനത്താവളത്തിനുള്ളിലെ പള്ളി കാരണം റണ്‍വേ നിര്‍മ്മിക്കാന്‍ കഴിയുന്നില്ലെന്ന് ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ പത്രങ്ങളില്‍ വായിക്കാറുണ്ട്. പ്രീണന രാഷ്ട്രീയത്തിന് വഴങ്ങി മുന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ ആയതിനാല്‍ പ്രീണന രാഷ്ട്രീയത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. പള്ളി മാറ്റിസ്ഥാപിക്കും,’ കേന്ദ്രമന്ത്രി പറഞ്ഞു.

സൗഹാര്‍ദ്ദപരമായ പരിഹാരം വേണമെന്ന് മസ്ജിദ് അധികൃതര്‍

The small gate on Jessore Road, part of the airport boundary wall and leading to Bankra Mosque, shut on Sunday afternoon

ബാങ്ക്‌റ മസ്ജിദിലേക്കുള്ള റോഡ്‌

കൊല്‍ക്കത്ത വിമാനത്താവളത്തിനുള്ളിലെ ബാങ്ക്‌റ മസ്ജിദിലെ പ്രാര്‍ത്ഥനകള്‍ തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സൗഹാര്‍ദ്ദപരവും മതപരവുമായ പരിഹാരമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍.

‘മുസ്ലിംകള്‍ക്ക് ഒരു പള്ളി ആര്‍ക്കും വിട്ടുകൊടുക്കാന്‍ കഴിയില്ല. ഈ വിഷയം ഉത്തര്‍പ്രദേശിലെ പ്രമുഖ ഇസ്ലാമിക സ്ഥാപനമായ ദാറുല്‍ ഉലൂം ദേവ്ബന്ദ്, മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് എന്നിവര്‍ക്ക് വിടാന്‍ ഞങ്ങള്‍ വിമാനത്താവള അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ചകളില്‍ ഞങ്ങളും പങ്കാളികളാകും. ഈ പ്രശ്‌നത്തിന് സമാധാനപരവും മതപരവുമായ ഒരു പരിഹാരമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ മുന്‍ സംസ്ഥാന ക്യാബിനറ്റ് മന്ത്രിയും ബാങ്ക്‌റ മസ്ജിദ് കമ്മിറ്റി പ്രസിഡന്റുമായ മൗലാനാ സിദ്ദിഖുള്ള ചൗധരി ഞായറാഴ്ച പറഞ്ഞു.

ഒരു മുന്നറിയിപ്പും കൂടാതെ പള്ളി അടച്ചുപൂട്ടിയത് അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘റോഡ് നന്നാക്കാന്‍ മൂന്ന് ദിവസം വേണമെന്നാണ് അധികൃതര്‍ ഞങ്ങളുടെ പ്രതിനിധികളോട് പറഞ്ഞത്. ശനിയാഴ്ച ആരംഭിച്ച ഈ 72 മണിക്കൂര്‍ സമയപരിധിക്ക് ശേഷം പ്രാര്‍ത്ഥനകള്‍ പുനരാരംഭിക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അതിന് തയ്യാറായില്ല,’ ചൗധരി വ്യക്തമാക്കി.

ALSO READ: ട്രംപ്-ഫിഫ അവിശുദ്ധ കൂട്ടുകെട്ട്? അമേരിക്കന്‍ താരത്തിന്റെ റെഡ് കാര്‍ഡ് ഒഴിവാക്കിയത് ഒരു അംഗത്തിന്റെ മാത്രം തീരുമാനത്തില്‍

പ്രാദേശിക ബിജെപി എംഎല്‍എ സൗരവ് സിക്ദര്‍ വിഭജന രാഷ്ട്രീയം കളിക്കുകയാണെന്നും ഭക്തരെ ഭയപ്പെടുത്താന്‍ പോലീസ് വാന്‍ വിന്യസിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ പ്രകോപനങ്ങളില്‍ വീഴാതെ ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വികസനം തടസ്സപ്പെടുത്താന്‍ മതം ഉപയോഗിക്കുന്നുവെന്ന് ബിജെപി

എന്നാല്‍ സിദ്ദിഖുള്ള ചൗധരി വികസനം തടസ്സപ്പെടുത്താന്‍ മതത്തെ ഉപയോഗിക്കുകയാണെന്ന് ബിജെപി എംഎല്‍എ സൗരവ് സിക്ദര്‍ ആരോപിച്ചു. ‘രാജ്യത്ത് ആധാര്‍ കാര്‍ഡ് മാത്രം കാണിച്ച് പ്രവേശനം അനുവദിക്കുന്ന മറ്റൊരു വിമാനത്താവള റണ്‍വേയുമില്ല. ഇതൊരു ദേശീയ സുരക്ഷാ പ്രശ്‌നമാണ്, അതിനെ ശക്തമായിത്തന്നെ നേരിടണം. പള്ളി മാറ്റിസ്ഥാപിക്കാനുള്ള ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അവര്‍ നിരസിക്കുകയാണുണ്ടായത്,’ സിക്ദര്‍ പറഞ്ഞു.

കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി റെഗുലേറ്ററായ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (BCAS), വെറും ആധാര്‍ കാര്‍ഡുകള്‍ മാത്രം അടിസ്ഥാമാക്കി ആളുകള്‍ക്ക് പ്രവേശനം നല്‍കുന്ന രീതിയെ ചോദ്യം ചെയ്ത് അടുത്തിടെ വിമാനത്താവള അധികൃതര്‍ക്ക് കത്തയച്ചിരുന്നു. നിലവില്‍ പ്രദേശത്ത് സുരക്ഷാ ജീവനക്കാരെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

Entry To Kolkata Airport Mosque Stopped