15
Jul 2026
Wed
15 Jul 2026 Wed
alhind service center

ദുബായ്: യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ (Attestation) സേവനങ്ങൾ നൽകുന്നതിനായി ഒപ്റ്റിക്കൽ റീഡർ കൺസോർഷ്യം വഴി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് (Alhind Tours and Travels LLC) നൽകിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. യുഎഇക്ക് പുറമെ കുവൈറ്റ്, സിംഗപ്പൂർ, കാൻബെറ (ഓസ്ട്രേലിയ) എന്നീ നാല് ഇന്ത്യൻ മിഷനുകളിലെയും കരാർ നടപടികളിലെ സാങ്കേതിക മൂല്യനിർണ്ണയം (Technical Evaluation) നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.  ടെന്‍ഡര്‍ മൂല്യനിര്‍ണയത്തിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി ചില കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു മാസത്തിനകം ഈ നാല് രാജ്യങ്ങളിലെയും സേവനങ്ങൾക്കായി പുതിയ ടെൻഡർ (RFP) വിളിക്കാൻ കേന്ദ്ര സർക്കാരിനോടും അതത് ഇന്ത്യൻ മിഷനുകളോടും കോടതി നിർദ്ദേശിച്ചു. ഈ പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ 1 മുതൽ യുഎഇയിൽ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ ആരംഭിക്കാൻ അൽഹിന്ദ് തയാറെടുത്തിരുന്നെങ്കിലും, കോടതിയിലെ കേസ് കാരണം ഇത് തടസ്സപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ 17 വർഷമായി ഔട്ട്‌സോഴ്‌സ് ചെയ്തിരുന്ന ഈ സേവനങ്ങൾ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ടാണ് നടത്തിവരുന്നത്.

പഴയ കമ്പനികൾ തിരിച്ചെത്തുമോ? മിഷനുകൾ തുടരുമോ?

പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നത് വരെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ നിലവിലുള്ളവർക്ക് (Incumbents) സേവനം തുടരാൻ അനുമതി നൽകാം എന്ന് കോടതി വിധിയിൽ പറയുന്നുണ്ട്. എന്നാൽ ‘അനുമതി നൽകാം’ (May be permitted) എന്ന് കോടതി വ്യക്തമാക്കിയതിനാൽ ഇത് നിർബന്ധിത നിർദ്ദേശമല്ല.

യുഎഇയിൽ നേരത്തെ ഈ സേവനങ്ങൾ നൽകിയിരുന്ന ബി.എൽ.എസ് ഇന്റർനാഷണൽ (BLS International), എസ്.ജി.ഐ.വി.എസ് ഗ്ലോബൽ (SGIVS Global) എന്നീ കമ്പനികളുടെ കരാർ ജൂൺ 30-ന് അവസാനിക്കുകയും അവരുടെ കേന്ദ്രങ്ങൾ അടയ്ക്കുകയും ചെയ്തിരുന്നു. നിലവിൽ ജൂലൈ 2 മുതൽ അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും നേരിട്ടാണ് അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തിൽ ഈ സേവനങ്ങൾ നൽകുന്നത്. അതിനാൽ പുതിയ ടെൻഡർ വരുന്നത് വരെ മിഷനുകൾ തന്നെ ഈ പ്രവർത്തനം തുടരുമോ അതോ പഴയ കമ്പനികളെ താൽക്കാലികമായി തിരികെ വിളിക്കുമോ എന്ന കാര്യത്തിൽ അതത് അധികൃതരാണ് തീരുമാനമെടുക്കേണ്ടത്.

ALSO READ: ഇസ്രായേലിനെ ഫിഫയിൽ നിന്ന് പുറത്താക്കാൻ സമ്മർദ്ദവുമായി നോർവേ

ഈ കേസിൽ ഹർജി നൽകിയ ഇ ട്രാവ് ടെക് (E Trav Tech), വെരാസിസ് സിസ്റ്റംസ് (Verasys Systems) എന്നീ കമ്പനികൾക്ക് ഇതൊരു വലിയ വിജയമാണെന്ന് അവരുടെ നിയമപ്രതിനിധികൾ വ്യക്തമാക്കി. സിംഗപ്പൂരിൽ ഐ.വി.എസ് ഗ്ലോബൽ, ഓസ്ട്രേലിയയിൽ വി.എഫ്.എസ് ഗ്ലോബൽ, കുവൈറ്റിൽ ഡു ഡിജിറ്റൽ ഗ്ലോബൽ എന്നിവരായിരുന്നു നേരത്തെ ടെൻഡർ ലഭിച്ച മറ്റ് കമ്പനികൾ.

നിലവിലെ അപേക്ഷകർ ശ്രദ്ധിക്കാൻ

ടെൻഡർ റദ്ദാക്കപ്പെട്ട പശ്ചാത്തലത്തിലും യുഎഇയിലെ 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ തുടരും.

  • നിലവിൽ പാസ്പോർട്ട്, വിസ സേവനങ്ങൾക്കായി അപേക്ഷിക്കുന്നവർ book.passportindiauae.com എന്ന പുതിയ പോർട്ടൽ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.

  • അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 11 മണി വരെ അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ടെത്തുന്നവർക്കും (Walk-in) അനുമതിയുണ്ട്.

  • എന്നാൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ അപ്പോയിന്റ്മെന്റ് ഉള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂ.

Indian passport services in UAE: High Court quashes Alhind’s tender