കര്‍ണാടകയില്‍ ഡോക്ടറിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എട്ടുവയസ്സുകാരനായ മകനെ കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധര്‍വാഡിലെ ചിരായു ആശുപത്രിയിലെ അനസ്‌തേഷ്യോളജിസ്റ്റ് ഡോ. കിരണ്‍ ഹൊണന്നവര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡോക്ടറുടെ ഭാര്യയും ഓഫ്താല്‍മോളജിസ്റ്റുമായ ഡോക്ടര്‍ പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിലെടുത്തു.
|
ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ പുറത്തുനിന്നാരും എത്തിയിട്ടില്ലെന്നും സംഭവസമയം ഡോക്ടര്‍ ദമ്പതികളും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും ഹുബ്ബളി-ധര്‍വാഡ് പോലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.
ഡോ. കിരണിനെ ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. ഭാര്യയുടെ ഫോണില്‍ വിളിച്ചപ്പോള്‍ കിരണ്‍ വിശ്രമിക്കുകയാണെന്നാണ് ആദ്യം മറുപടി നല്‍കിയത്. പിന്നീട് പുറത്തുപോയെന്നും ഇവര്‍ വ്യക്തമാക്കി. വൈകീട്ട് ആയിട്ടും പ്രതികരണമുണ്ടാവാതെ വന്നതോടെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ ഡോ. കിരണിനെയും മകനെയും ഇവര്‍ കണ്ടെത്തിയത്.
ഈ സമയം കിരണ്‍ മരിച്ചിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് ഡോ. പ്രിയങ്ക നല്‍കിയത്. തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിന് ഇവരെ കസ്റ്റഡിയിലെടുത്തത്.




