28
Jul 2026
Tue
28 Jul 2026 Tue
The entrance gate of Mohammad Ali Jauhar University

റാംപൂര്‍, ഇന്ത്യ: കടുത്ത ജൂലൈ ചൂടിനെ അവഗണിച്ച് നൂറിലധികം ആളുകള്‍ പായകളില്‍ നിലത്തിരുന്ന് മുദ്രാവാക്യം വിളിക്കുകയും ദേശീയപതാക വീശുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ റാംപൂര്‍ പട്ടണത്തിലാണ് ഈ കാഴ്ച.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ട് ആയിരക്കണക്കിന് യുവാക്കള്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രി രാജി വെക്കേണ്ടി വന്ന തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് കേവലം 200 കിലോമീറ്റര്‍ അകലെയാണ് ഈ സംഭവം. റാംപൂരിലെ മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയിലെ 40 കെട്ടിടങ്ങളില്‍ 38 എണ്ണവും പൊളിച്ചുനീക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് അനിശ്ചിതകാല ധര്‍ണ നടത്തുകയാണ്.

ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനിയുടെ പേരില്‍, പ്രമുഖ മുസ്ലിം രാഷ്ട്രീയ നേതാവ് അസം ഖാനാണ് ഈ സര്‍വകലാശാല സ്ഥാപിച്ചത്. 2003-ല്‍ അസം ഖാന്‍ രൂപീകരിച്ച ‘മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റ്’ ആണ് മൂന്ന് വര്‍ഷത്തിന് ശേഷം സര്‍വകലാശാലയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.

ജൂലൈ 15-ന് സര്‍വകലാശാലയിലെ ഭൂരിഭാഗം കെട്ടിടങ്ങളും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച് റാംപൂര്‍ ഡിസ്ട്രിക്റ്റ് അഡ്മിനിസ്‌ട്രേഷന്‍ പൊളിച്ചുനീക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു.

നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് ബ്ലോക്ക് ഉള്‍പ്പെടെയുള്ള രണ്ട് കെട്ടിടങ്ങള്‍ക്ക് മാത്രമാണ് കൃത്യമായ അനുമതിയുള്ളതെന്നാണ് അധികൃതരുടെ വാദം. ഓഗസ്റ്റ് 5-നകം അനധികൃത കെട്ടിടങ്ങള്‍ സ്വന്തം നിലയില്‍ പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം ബുള്‍ഡോസറുകളുമായെത്തി പൊളിച്ചുനീക്കി അതിനുള്ള ചെലവ് സര്‍വകലാശാലയില്‍ നിന്ന് ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തുടര്‍ന്ന് സംസ്ഥാന ഭരണകൂടം ഉത്തരവിന് താല്‍ക്കാലിക സ്റ്റേ അനുവദിച്ചെങ്കിലും പൊളിക്കല്‍ നടപടികള്‍ പൂര്‍ണ്ണമായി റദ്ദാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല. താല്‍ക്കാലിക സ്റ്റേ ലഭിച്ചതുകൊണ്ട് മാത്രം നടപടികള്‍ അവസാനിക്കുന്നില്ലെന്നും ഉത്തരവ് പൂര്‍ണ്ണമായും റദ്ദാക്കാനാണ് സര്‍വകലാശാല നിയമപരമായി ശ്രമിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ സഹീറുദ്ദീന്‍ അല്‍ ജസീറയോട് പറഞ്ഞു.

‘പൊളിച്ചുനീക്കല്‍ തടയുക’

250 ഏക്കര്‍ ക്യാമ്പസില്‍ വിവിധ കോഴ്‌സുകളിലായി പഠിക്കുന്ന മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ ഈ നീക്കം വലിയൊരു ആഘാതമാണ്.

ജൂലൈ 15 മുതല്‍ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സര്‍വകലാശാലയുടെ പ്രധാന കവാടത്തിന് മുന്നില്‍ ഇരുന്നുകൊണ്ട് സമരം നടത്തുകയാണ്. ‘ഡല്‍ഹിയിലെ പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു കേന്ദ്രമന്ത്രിക്ക് രാജി വെക്കേണ്ടി വന്നെങ്കില്‍, ഇത്രയധികം വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുമ്പോള്‍ എന്തുകൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഈ പൊളിച്ചുനീക്കല്‍ ഉത്തരവ് പിന്‍വലിക്കാന്‍ കഴിയില്ല?’ എന്ന് 2019-ല്‍ ഇവിടുന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഉസാമ തയ്യിബ് ചോദിക്കുന്നു.

Protesters hold an indefinite sit-in outside the gate of Mohammad Ali Jauhar University i

ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ ശ്രദ്ധേയനായ യോഗി ആദിത്യനാഥാണ് മുഖ്യമന്ത്രി. അസം ഖാന്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ വിമര്‍ശകരിലൊരാളായിരുന്നു. ഉത്തര്‍പ്രദേശിലെ മുസ്ലിംങ്ങള്‍ക്കിടയിലും പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുള്ള സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കിയ അസം ഖാന്‍, റാംപൂരില്‍ നിന്ന് 10 തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ എം.പിയായും സംസ്ഥാന മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003-ല്‍ അദ്ദേഹം തുടക്കമിട്ട ജൗഹര്‍ ട്രസ്റ്റാണ് ഈ സര്‍വകലാശാലയ്ക്ക് തറക്കല്ലിട്ടത്.

‘പ്രതികാര രാഷ്ട്രീയം’

2017-ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ അസം ഖാനെതിരെ ഭൂമി കൈയേറ്റം, വ്യാജരേഖ ചമയ്ക്കല്‍, വിദ്വേഷ പ്രസംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നൂറോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഭൂരിഭാഗവും സര്‍വകലാശാലയുമായി ബന്ധപ്പെട്ടവയായിരുന്നു.

രണ്ട് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ച ഖാന് 2022-ല്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ പിന്നീട് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ അസം ഖാനും ഭാര്യ തസീന്‍ ഫാത്തിമയും മകന്‍ അബ്ദുള്ള അസം ഖാനും ശിക്ഷിക്കപ്പെട്ടു. നിലവില്‍ തിരഞ്ഞെടുപ്പ് പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണദ്ദേഹം. അസം ഖാനെതിരെയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അനുഭാവികള്‍ ആരോപിക്കുമ്പോള്‍ സര്‍ക്കാര്‍ ഇത് നിഷേധിക്കുന്നു.

‘വിദ്യാഭ്യാസത്തെ എതിര്‍ക്കുകയും ജനങ്ങളെ അക്ഷരജ്ഞാനമില്ലാത്തവരായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന്റെ പ്രതികാര രാഷ്ട്രീയമാണിത്,’ എന്ന് സമാജ്വാദി പാര്‍ട്ടി എം.പി ജാവേദ് അലി ഖാന്‍ ആരോപിച്ചു. അസം ഖാന്‍ സ്ഥാപിച്ചു എന്നതിനാലും, സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു എന്നതിനാലും, ഇതൊരു ന്യൂനപക്ഷ സ്ഥാപനമായതിനാലുമാണ് സര്‍വകലാശാല ലക്ഷ്യമിടപ്പെടുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിയമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് ബി.ജെ.പി വക്താവ് രാകേഷ് ത്രിപാഠിയുടെ വാദം. അസം ഖാന്‍ തന്റെ അധികാരം ഉപയോഗിച്ച് അനധികൃതമായി കൈയേറിയ ഭൂമിയിലാണ് സര്‍വകലാശാല നിര്‍മ്മിച്ചതെന്നും അതിനാലാണ് നിയമപരമായ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍

Iqra at the protest site outside the university gate

സാക്ഷരതാ നിരക്കില്‍ ഉത്തര്‍പ്രദേശിലെ 75 ജില്ലകളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ലകളിലൊന്നായ റാംപൂരിലെ ഏക സമ്പൂര്‍ണ്ണ സര്‍വകലാശാലയാണിത്. ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ പകുതിയോളം പേര്‍ പെണ്‍കുട്ടികളാണ്.

‘സുരക്ഷിതമായ അന്തരീക്ഷം ഉള്ളതുകൊണ്ടാണ് ഞങ്ങളുടെ രക്ഷിതാക്കള്‍ ഞങ്ങളെ ഇവിടെ അയക്കാന്‍ തയ്യാറായത്,’ എന്ന് അഞ്ചാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയായ ഇഖ്‌റ പറയുന്നു. ‘ഈ സര്‍വകലാശാല പൊളിച്ചുനീക്കിയാല്‍ ഞങ്ങളെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് ഇനി പഠിക്കാന്‍ മറ്റൊരു അവസരം ലഭിക്കില്ല. രക്ഷിതാക്കള്‍ ഞങ്ങളെ വേറെവിടെയും അയക്കില്ല.’

മുസ്ലിം ന്യൂനപക്ഷ പദവിയുള്ള സ്ഥാപനമാണെങ്കിലും ഹിന്ദു വിഭാഗത്തില്‍പ്പെട്ട ധാരാളം വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്. ‘ഇതൊരു ന്യൂനപക്ഷ സര്‍വകലാശാലയാണെങ്കിലും ഒരുതരത്തിലുള്ള വിവേചനവും ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടില്ല. അധ്യാപകരും വിദ്യാര്‍ത്ഥികളും വളരെ സൗഹൃദപരമായാണ് പെരുമാറുന്നത്,’ എന്ന് ഒന്നാം വര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ചാന്ദ്‌നി ദിവാകര്‍ പറയുന്നു.

എന്നാല്‍ സര്‍വകലാശാല നിലനില്‍ക്കുന്ന സിംഗന്‍ഖേഡ ഗ്രാമം 2024 സെപ്റ്റംബറിലാണ് റാംപൂര്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (RDA) പരിധിയില്‍ വന്നതെന്നും, കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന സമയത്ത് RDA അനുമതിയുടെ ആവശ്യമുണ്ടായിരുന്നില്ലെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കുന്നു.

‘പൊലീസിന്റെ ഭീഷണി’

പൊളിച്ചുനീക്കല്‍ ഉത്തരവിനെതിരെ സര്‍വകലാശാല നിയമപോരാട്ടം തുടരുമ്പോള്‍ ക്യാമ്പസിന് പുറത്ത് സമരം ശക്തമാകുകയാണ്.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ പൊലീസ് എത്തുണ്ടെന്നും സമരം അവസാനിപ്പിക്കാന്‍ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. എന്നാല്‍ ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. സമാജ്വാദി പാര്‍ട്ടി എം.പിമാരും പ്രമുഖ നേതാക്കളും പ്രതിഷേധത്തിന് പിന്തുണയുമായി ക്യാമ്പസിലെത്തിയിട്ടുണ്ട്.

വര്‍ദ്ധിച്ചുവരുന്ന ബുള്‍ഡോസര്‍ രാജിനും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍.

Tags:

Mohammad Ali Jauhar University, Rampur University Demolition, Azam Khan Jauhar University, UP Bulldozer Action News, Jauhar University Protest, Yogi Adityanath Govt News, Samajwadi Party Azam Khan

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക