29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
Tarun Thejpal Tehelka ex editor

പനാജി: 2013-ല്‍ ജൂനിയര്‍ സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ ബോംബെ ഹൈക്കോടതി കുറ്റക്കാരനായി കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021-ല്‍ വിചാരണക്കോടതി തേജ്പാലിനെ വെറുതെവിട്ടിരുന്ന വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. വിചാരണക്കോടതിയുടെ വെറുതെവിടല്‍ ഉത്തരവിനെതിരെ ഗോവ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി.

ജസ്റ്റിസുമാരായ ഡോ. നീല ഗോകലെ, അമിത് ജംസന്‍ദേക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷം വിധി പ്രസ്താവിച്ചത്.

ഗോവ സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. തരുണ്‍ തേജ്പാലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അബാദ് പൊണ്ട ഹാജരായി.

കേസിന്റെ പശ്ചാത്തലം

2013 നവംബറില്‍ ഗോവയില്‍ നടന്ന തിങ്ക്ഫെസ്റ്റ് പരിപാടിക്കിടെ, ഒരു ഹോട്ടലിലെ ലിഫ്റ്റിനുള്ളില്‍ വെച്ച് തേജ്പാല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അന്ന് ജൂനിയര്‍ സഹപ്രവര്‍ത്തകയായിരുന്ന യുവതി പരാതി നല്‍കിയത്.

2017-ല്‍ മാപുസയിലെ വിചാരണക്കോടതിയില്‍ കേസ് വിചാരണ ആരംഭിച്ചു. 2021-ല്‍ കോടതി തേജ്പാലിനെ വെറുതെവിട്ടതിനെ തുടര്‍ന്ന് ഗോവ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതിയിലെ വാദം

വിചാരണക്കോടതി, ലൈംഗികാതിക്രമത്തിനിരയായ വ്യക്തി എങ്ങനെ പെരുമാറണമെന്ന മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ പെരുമാറ്റം വിലയിരുത്തിയതെന്നും ഇത് ഗുരുതരമായ നിയമപിശകാണെന്നും തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു.

ലൈംഗികാതിക്രമത്തിനിരയായ എല്ലാവരും ഒരേ രീതിയില്‍ പ്രതികരിക്കണമെന്ന സര്‍വസാധാരണ മാനദണ്ഡമില്ലെന്നും ഓരോരുത്തരുടെയും വിദ്യാഭ്യാസം, വ്യക്തിത്വം, സാമൂഹിക പശ്ചാത്തലം, സാഹചര്യങ്ങള്‍ എന്നിവ അനുസരിച്ചാണ് പ്രതികരണം വ്യത്യാസപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

വിധിക്ക് പിന്നാലെ തുഷാര്‍ മേത്ത തേജ്പാലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

‘മകളുടെ പ്രായമുള്ള യുവതിയോടാണ് ഇയാള്‍ കുറ്റകൃത്യം ചെയ്തത്. പരാതിക്കാരിക്ക് പിതൃതുല്യനായിരുന്ന ഒരാള്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു. ഒരു പെണ്‍കുട്ടി ‘ഇല്ല’ എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം ‘ഇല്ല’ തന്നെയാണെന്ന ശക്തമായ സന്ദേശം സമൂഹത്തിന് നല്‍കേണ്ട സമയമാണിത്,’ അദ്ദേഹം കോടതിയില്‍ പറഞ്ഞു.

തേജ്പാലിന്റെ പ്രതികരണം

കുറ്റക്കാരനാണെന്ന വിധിക്ക് ശേഷം കോടതിയെ അഭിസംബോധന ചെയ്ത തേജ്പാല്‍, താന്‍ തന്നെ ഈ കേസിലെ ഇരയാണെന്ന് വിശ്വസിക്കുന്നുവെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിക്കണമെന്നും ശിക്ഷയില്‍ ഇളവ് കാണിക്കണമെന്നും അഭ്യര്‍ഥിച്ചു.

‘എനിക്ക് 62 വയസ്സായി. എനിക്ക് ഭാര്യയുണ്ട്. ഞാന്‍ തന്നെയാണ് ഈ കേസിലെ ഇരയെന്നാണ് എന്റെ വിശ്വാസം. ഈ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ അവസരം നല്‍കണം. ദയവായി എന്നോട് ഇളവ് കാണിക്കണം,’ തേജ്പാല്‍ കോടതിയില്‍ പറഞ്ഞു.

തേജ്പാലിന് വിധിക്കേണ്ട ശിക്ഷ സംബന്ധിച്ച ഉത്തരവ് പിന്നീട് കോടതി പ്രഖ്യാപിക്കും.

Tags:
Tarun Tejpal, Tehelka, Bombay High Court, Goa Bench, Goa Rape Case, 2013 Rape Case, Sexual Assault Case, Journalist, India News, Crime News, High Court Verdict, Goa News, Tehelka Editor, Women’s Safety, Legal News

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement