09
Aug 2026
Sun
09 Aug 2026 Sun
ANTI MUSLIM HATE CRIME

ന്യൂഡല്‍ഹി: 2026 മേയ് മാസത്തിനും ജൂലൈ മാസത്തിനും ഇടയില്‍ ഇന്ത്യയില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഇരയായി കൊല്ലപ്പെട്ടത് 25 മുസ്ലിംകള്‍. ഇതില്‍ 15 പേര്‍ ഭരണകൂട നടപടികളിലും 10 പേര്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ അക്രമങ്ങളിലുമാണ് കൊല്ലപ്പെട്ടത്. സാൗത്ത് ഏഷ്യ ജസ്റ്റിസ് ക്യാമ്പെയ്ന്റെ ‘ഇന്ത്യാ പെര്‍സിക്യൂഷന്‍ ട്രാക്കര്‍’ (India Persecution Tracker) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022-ല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതിനു ശേഷം മുസ്ലിംകള്‍ക്കെതിരെയുള്ള വംശീയ അതിക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്ന വര്‍ഷമായി 2026 മാറിയേക്കാമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2026-ന്റെ ആദ്യ 7 മാസങ്ങളില്‍ മാത്രം കൊല്ലപ്പെട്ട മുസ്ലിംകളുടെ എണ്ണം 44 ആയി ഉയര്‍ന്നു. ഇതില്‍ 19 പേര്‍ ഭരണകൂട നടപടികളിലും 25 പേര്‍ ഹിന്ദുത്വ തീവ്രവാദ അക്രമങ്ങളിലുമാണ് കൊല്ലപ്പെട്ടത്.

വ്യാജ ഏറ്റുമുട്ടലുകളിലൂടെയും കസ്റ്റഡി മരണങ്ങളിലൂടെയും ഭരണകൂടം വലിയ തോതിലുള്ള അടിച്ചമര്‍ത്തലാണ് നടത്തുന്നതെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. വീടുകളും ആരാധനാലയങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുക, രാത്രികാലങ്ങളില്‍ കുടുംബങ്ങളെ ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലിയിലൂടെ നിര്‍ബന്ധിച്ച് കടത്തിവിടുക തുടങ്ങിയ രീതികള്‍ ഉത്തര്‍പ്രദേശ്, അസം, കാശ്മീര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്.

ALSO READ: ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടെ മുജ്തബ ഖാംനഇയുടെ പുതിയ വീഡിയോ പുറത്തുവിട്ട് ഇറാന്‍

രണ്ടു മാസത്തിനിടെ ആറു സംസ്ഥാനങ്ങളിലായി കുറഞ്ഞത് 23 മുസ്ലിം ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. എട്ടു സംസ്ഥാനങ്ങളിലായി 1,000-ത്തിലധികം മുസ്ലിം വീടുകളും സ്ഥാപനങ്ങളും പൊളിച്ചുനീക്കി. ഇതോടെ 2026-ല്‍ മാത്രം തകര്‍ക്കപ്പെട്ട ഇത്തരം കെട്ടിടങ്ങളുടെ എണ്ണം 3,000 കവിഞ്ഞു. ബുള്‍ഡോസര്‍ നടപടികളില്‍ സ്വന്തം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് പകരം സുപ്രീം കോടതി കോടതിയലക്ഷ്യ ഹര്‍ജികള്‍ ഹൈക്കോടതികള്‍ക്ക് കൈമാറുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ജൂലൈയില്‍ കാശ്മീരില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ 48 മണിക്കൂറിനുള്ളില്‍ 2,500-ലധികം ആളുകളെ സുരക്ഷാ സേന തടങ്കലിലാക്കുകയും രണ്ട് കുടുംബങ്ങളുടെ വീടുകള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായ രാജ്യവ്യാപക വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് മറുപടിയായി പോലീസ് മുസ്ലിംകളെ മാത്രം തിരഞ്ഞെടുത്ത് അറസ്റ്റ് ചെയ്തതായും ആരോപണമുണ്ട്.

കൊല്ലപ്പെട്ട 25 പേരില്‍ 11 വയസ്സുള്ള ഒരു പെണ്‍കുട്ടിയും 16 വയസ്സുള്ള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മുസ്ലീം വിരുദ്ധ പ്രസംഗങ്ങള്‍ രാജ്യത്ത് വിദ്വേഷ അന്തരീക്ഷം സൃഷ്ടിക്കാന്‍ കാരണമായെന്ന് ട്രാക്കര്‍ വ്യക്തമാക്കുന്നു. ‘അനധികൃത കുടിയേറ്റക്കാര്‍’ എന്ന പ്രയോഗം വഴി ഇന്ത്യന്‍ മുസ്ലിം പൗരന്മാരെ വിദേശികളായി ചിത്രീകരിക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം വിവേചനത്തിനുള്ള പ്രകോപനമായി മാറുമെന്ന് ഐക്യരാഷ്ട്രസഭയുടെ സ്‌പെഷ്യല്‍ റാപ്പോര്‍ട്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആള്‍ക്കൂട്ട കൊലയില്‍ ഉള്‍പ്പെട്ട 14 പശു സംരക്ഷകര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച ഒരു മുസ്ലിം ജഡ്ജിയെയും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. വിധിക്ക് പിന്നാലെ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടി വന്നു.

ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ പള്ളികള്‍ക്കും മുസ്ലിം വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ നടന്നു. പുതിയ സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ ബജറ്റില്‍ 62% വെട്ടിക്കുറയ്ക്കുകയും, പശുവിനെ അറുക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അസമില്‍ ‘പുഷ്ബാക്ക്’ വഴി ആളുകളെ അതിര്‍ത്തി കടത്തിവിടുന്ന നടപടികള്‍ തുടരുകയാണ്. അസം, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ഏകീകൃത സിവില്‍ കോഡ് (UCC) നടപ്പിലാക്കിയതും വന്ദേമാതരം ഗാനത്തെ അപമാനിക്കുന്നതിന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമ നിര്‍മ്മാണവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത ആശങ്ക ഉയരുന്നതായി സൗത്ത് ഏഷ്യ ജസ്റ്റിസ് ക്യാമ്പെയ്ന്‍ ചൂണ്ടിക്കാണിക്കുന്നു.

Tags: India News, Hate Crime Report, South Asia Justice Campaign, Minorities in India, India Persecution Tracker, National News, Human Rights India

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക