ബാങ്കിലിട്ടാല്‍ പണം സുരക്ഷിതമായിരിക്കും എന്ന് കരുതുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ സ്വന്തം വീട്ടുകാരെ പോലും വിശ്വസിക്കാതെ, അധ്വാനിച്ചുണ്ടാക്കിയ ലക്ഷങ്ങള്‍ മണ്ണില്‍ കുഴിച്ചിട്ട ഒരു പാവം കര്‍ഷകന് സംഭവിച്ച ദുരന്തമാണ് ഇപ്പോള്‍ രാജസ്ഥാനിലെ ബാര്‍മറില്‍ നിന്ന് പുറത്തുവരുന്നത്. സിനിമാ കഥകളെ വെല്ലുന്ന, ഒരു സംഭവ കഥ!
|
പചപദ്രയിലെ മാംഗിലാല്‍ മേഘ്വാള്‍ എന്ന കര്‍ഷകന്‍ ഒരു വര്‍ഷം മുമ്പാണ് തന്റെ ചെറിയൊരു കഷ്ണം സ്ഥലം വിറ്റത്. ലഭിച്ചത് 5 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍! സ്വന്തം പാടത്ത് ഒരു ചെറിയ മുറി പണിയണം എന്നതായിരുന്നു അദേഹത്തിന്റെ വലിയ സ്വപ്നം. എന്നാല്‍ കയ്യിലുള്ള പണം ആരെങ്കിലും മോഷ്ടിക്കുമോ, അതോ വീട്ടുകാര്‍ അനാവശ്യമായി ചെലവാക്കുമോ എന്ന പേടി മാംഗിലാലിന്റെ ഉറക്കം കെടുത്തി. ഒടുവില്‍ ആരും കാണാതെ, ആ രാത്രിയില്‍ അദേഹം ആ പണം മുഴുവന്‍ ഒരു പ്ലാസ്റ്റിക് കവറിലാക്കി സ്വന്തം പാടത്തെ മണ്ണില്‍ ആഴത്തില്‍ കുഴിച്ചിട്ടു.
പക്ഷേ, വിധി അപ്പോഴും മാംഗിലാലിനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു!
മദ്യപാന ശീലവും ഒപ്പം കാര്യങ്ങള്‍ പെട്ടെന്ന് മറന്നുപോകുന്ന മറവി രോഗവും മാംഗിലാലിന് ഉണ്ടായിരുന്നു. മാസങ്ങള്‍ കഴിഞ്ഞ് മുറിയുടെ പണി തുടങ്ങാന്‍ സമയമായപ്പോഴാണ് മാംഗിലാല്‍ ആ സത്യം തിരിച്ചറിഞ്ഞത്, താന്‍ പണം കുഴിച്ചിട്ട സ്ഥലം മറന്നുപോയിരിക്കുന്നു! 10 ബിഗയോളം വരുന്ന വിശാലമായ പാടത്ത് മാംഗിലാല്‍ ദിവസങ്ങളോളം തപ്പിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍ മറ്റു വഴികളില്ലാതെ അദേഹം ഭാര്യയോടും മക്കളോടും കാര്യം പറഞ്ഞു. ആദ്യം ആരും വിശ്വസിച്ചില്ലെങ്കിലും പിന്നീട് എല്ലാവരും ചേര്‍ന്ന് പാടം മുഴുവന്‍ അരിച്ചുപെറുക്കി. പക്ഷേ, മണ്ണില്‍ മറഞ്ഞ നിധി തിരിച്ചുകിട്ടിയില്ല.
മാസങ്ങള്‍ കടന്നുപോയി… മഴ പെയ്‌തൊഴിഞ്ഞതോടെ വിതയ്ക്കായി നിലമൊരുക്കാന്‍ കുടുംബം തീരുമാനിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പാടത്ത് ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതു മറിക്കുമ്പോള്‍, ആ പ്ലാസ്റ്റിക് കവര്‍ മണ്ണില്‍ നിന്ന് പുറത്തെത്തി. എന്നാല്‍ ഇരുട്ടായതിനാല്‍ ആരും അത് ശ്രദ്ധിച്ചില്ല.
പിറ്റേന്ന് രാവിലെ പാടത്തിന് വേലി കെട്ടാനിറങ്ങിയ ഭാര്യയും മകനുമാണ് നിലത്ത് കിടന്ന ആ പഴയ പ്ലാസ്റ്റിക് കവര്‍ കണ്ടത്. ആകാംക്ഷയോടെ അത് തുറന്നുനോക്കിയ അവരുടെ നെഞ്ച് തകര്‍ന്നുപോയി! ഒരു വര്‍ഷത്തോളം ഈര്‍പ്പമുള്ള മണ്ണില്‍ കിടന്ന ആ 500 രൂപയുടെ നോട്ടുകെട്ടുകളെല്ലാം ചിതല്‍ തിന്ന് നാമാവശേഷമായിരുന്നു! കീറിപ്പറിഞ്ഞ നോട്ടുകള്‍ മാത്രമാണ് ആ കവറില്‍ ബാക്കിയുണ്ടായിരുന്നത്.
കരഞ്ഞു നിലവിളിച്ചുകൊണ്ട് ആ കുടുംബം ആ നോട്ടുകെട്ടുകളുമായി തൊട്ടടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ശാഖയിലേക്ക് ഓടിയെത്തി. എന്നാല്‍ നോട്ടുകളുടെ ഭൂരിഭാഗവും നശിച്ചതിനാല്‍ ബാങ്ക് അധികൃതര്‍ അത് സ്വീകരിക്കാന്‍ വിസമ്മതിച്ചു.
പിന്നീട് അവര്‍ ബലോത്രയിലെ ബാങ്കിന്റെ പ്രധാന ശാഖയില്‍ പോയെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം.
ജയ്പൂരിലെ പ്രധാന ബാങ്കിലേക്ക് കൊണ്ടുപോയാല്‍ ഒരുപക്ഷേ എന്തെങ്കിലും വഴി തെളിഞ്ഞേക്കാം എന്ന് ബാങ്കുകാര്‍ പറഞ്ഞെങ്കിലും, തികച്ചും നിര്‍ധനനും നിരക്ഷരനുമായ മാംഗിലാലിന് ഇനി ജയ്പൂര്‍ വരെ പോകാനുള്ള സാമ്പത്തിക ശേഷി പോലുമില്ല.
‘അന്ന് ആ പണത്തിന്റെ കാര്യം എന്നോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഇന്ന് ഞങ്ങള്‍ക്ക് ഈ ഗതി വരില്ലായിരുന്നു…’ കീറിപ്പറിഞ്ഞ ആ നോട്ടുകളിലേക്ക് നോക്കി മാംഗിലാലിന്റെ ഭാര്യ പൊട്ടിക്കരയുകയാണ്.
Tags: Rajasthan farmer news, buried money destroyed, termite cash attack, Rajasthan news Malayalam, viral news story, 5 lakh ruined by termites, Balotra farmer tragedy, viral Malayalam story
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



