12
Aug 2026
Wed
12 Aug 2026 Wed
Luxury hospital room

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാനിരക്കുകളും ഉയർന്ന മുറിവാടകയും നിയന്ത്രിക്കാൻ നിർണായക ശുപാർശകളുമായി ആരോഗ്യ, കുടുംബക്ഷേമ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി. ആശുപത്രി മുറികളുടെ വാടകയിൽ അടിയന്തരമായി നിയന്ത്രണം കൊണ്ടുവരാനും ബില്ലിങ്ങിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കാനും സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് മുൻപ് തന്നെ ഉണ്ടാകാൻ സാധ്യതയുള്ള ചികിത്സാ ചെലവുകൾ വെളിപ്പെടുത്തണം. നിലവിൽ പല ആശുപത്രികളും ഈടാക്കുന്ന അമിത നിരക്കുകൾ ഇൻഷുറൻസ് കമ്പനികളുമായുള്ള തർക്കങ്ങൾക്കും, തന്മൂലം രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് വൈകുന്നതിനും കാരണമാകുന്നുണ്ട്. ഇത്തരം തർക്കങ്ങൾ അതിവേഗം പരിഹരിക്കാൻ ഓംബുഡ്സ്മാൻ സംവിധാനം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ത്രീ സ്റ്റാർ ഹോട്ടലുകളേക്കാൾ ഉയർന്ന വാടക പാടില്ല

രാജ്യത്തെ നഗരങ്ങളിൽ ഒരേ മേഖലയിലുള്ള സ്വകാര്യ ആശുപത്രികൾ പോലും വ്യത്യസ്തവും അമിതവുമായ മുറിവാടകയാണ് ഈടാക്കുന്നത്. സമീപത്തുള്ള ത്രീ സ്റ്റാർ ഹോട്ടലുകളേക്കാൾ കൂടുതൽ വാടക ആശുപത്രി മുറികൾക്ക് ഈടാക്കാൻ പാടില്ലെന്ന് സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. മെട്രോ നഗരങ്ങളിലെ ആശുപത്രികളിൽ ഇത് അടിയന്തരമായി നടപ്പിലാക്കണം. (എന്നാൽ ഡോക്ടർ ഫീസ്, നഴ്സിങ് ചാർജ്, ഭക്ഷണം, ലോൺഡ്രി എന്നിവയ്ക്ക് വേറെ നിരക്ക് ഈടാക്കാം).

ഉദാഹരണത്തിന്, മുംബൈയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ സിംഗിൾ റൂമിന് 6000 മുതൽ 12,000 രൂപ വരെ ഈടാക്കുമ്പോൾ, അതേ മേഖലയിലെ ത്രീ സ്റ്റാർ ഹോട്ടലുകളിൽ 2500 മുതൽ 4500 രൂപ വരെ മാത്രമാണ് വാടക. രാജ്യത്ത് ഹെൽത്ത് ഇൻഫ്ലേഷൻ (ആരോഗ്യ മേഖലയിലെ പണപ്പെരുപ്പം) 10 മുതൽ 13 ശതമാനം വരെ ഉയർന്നത് രോഗികളെയും ഇൻഷുറൻസ് കമ്പനികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

സർക്കാർ – സ്വകാര്യ മേഖലകളിലെ വലിയ അന്തരം

സർക്കാർ ആശുപത്രിയിൽ ഒരു തവണത്തെ ചികിത്സയ്ക്ക് ശരാശരി 6,631 രൂപ ചെലവ് വരുമ്പോൾ സ്വകാര്യ ആശുപത്രികളിൽ ഇത് 50,508 രൂപയോളം ആകുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ശസ്ത്രക്രിയ, സർജന്റെ ഫീസ്, രോഗനിർണ്ണയം എന്നിവയ്ക്കുള്ള നിരക്കുകൾ ഏകീകരിക്കുകയും പൊതുജനങ്ങൾക്ക് അറിയാനായി പ്രസിദ്ധീകരിക്കുകയും വേണം. സങ്കീർണ്ണമായ ചികിത്സകൾക്ക് മുൻപ് രോഗിക്ക് പ്രതീക്ഷിക്കുന്ന ചെലവിന്റെ വിശദമായ റിപ്പോർട്ട് നൽകണം. പൊതുജനാരോഗ്യ മേഖലയിൽ സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

ആശുപത്രി ഓഹരികളിൽ ഇടിവ്

പാർലമെന്ററി സമിതിയുടെ ശുപാർശകൾ പുറത്തുവന്നതിന് പിന്നാലെ സ്വകാര്യ ആശുപത്രി കമ്പനികളുടെ ഓഹരികളിൽ ഇടിവുണ്ടായി. പ്രവർത്തനലാഭത്തെ ഇത് ബാധിച്ചേക്കാമെന്ന വിലയിരുത്തലിൽ അപ്പോളോ ഹോസ്പിറ്റൽസ്, മാക്സ് ഹെൽത്ത് കെയർ, ഫോർട്ടിസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags: Private Hospital Room Charges, Parliamentary Standing Committee, Healthcare Inflation, Medical Insurance Claims, Health Ministry, Indian Healthcare News, Malayalam News, Business News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക