12
Aug 2026
Wed
12 Aug 2026 Wed
The SUV carrying Atiq Ahmed's son Abaan Ahmed veered sharply and crashed into a divider

യുപിയിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദിന്റെ ഇളയ മകന്‍ അബാന്‍ അഹമ്മദ് (21) കൊല്ലപ്പെട്ട ദാരുണമായ വാഹനാപകടത്തിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. ത്സാന്‍സി-കാണ്‍പൂര്‍ ദേശീയ പാതയില്‍ അബാനും മറ്റ് നാലുപേരും സഞ്ചരിച്ചിരുന്ന വെള്ള ഹ്യുണ്ടായ് ക്രേറ്റ (Hyundai Creta) കാര്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറി അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങി തലകീഴായി മറിയുന്ന ദൃശ്യങ്ങളാണ് മറ്റ് വാഹനത്തിലെ ഡാഷ്‌ക്യാമില്‍ (Dashcam) പതിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓഗസ്റ്റ് 6-ന് നടന്ന അപകടത്തില്‍ അബാനും സുഹൃത്ത് സോനുവും (25) തല്‍ക്ഷണം മരിച്ചിരുന്നു. കാറിലുണ്ടായിരുന്ന അസം, മുഹമ്മദ് ജാവേദ്, ഉമര്‍ എന്നീ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ത്സാന്‍സി ജയിലില്‍ കഴിയുന്ന സഹോദരന്‍ അലി അഹമ്മദിനെ സന്ദര്‍ശിക്കാന്‍ പോകവേയായിരുന്നു അപകടം സംഭവിച്ചത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള ജന്മനാട്ടിലെ ഖബര്‍സ്ഥാനില്‍ കനത്ത സുരക്ഷയോടെയാണ് അബാന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അലഹബാദ് ഹൈക്കോടതി വ്യവസ്ഥകളോടെ പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ലഖ്‌നൗ ജയിലില്‍ കഴിയുന്ന മൂത്ത സഹോദരന്‍ ഉമറും ത്സാന്‍സി ജയിലിലുള്ള അലിയും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

പിതാവ് അതീഖ് അഹമ്മദിന്റെ ഖബറിന് സമീപം കസാരി-മസാരിയിലാണ് അബാനെയും അടക്കം ചെയ്തത്. അതീഖിന്റെ സഹോദരന്‍ അഷറഫ്, മറ്റൊരു മകന്‍ അസദ് എന്നിവരുടെ ഖബറുകളും ഇവിടെയാണുള്ളത്.

2023 ഏപ്രിലില്‍ പ്രയാഗ് രാജിലെ മെഡിക്കല്‍ കോളേജിലേക്ക് വൈദ്യപരിശോധനയ്ക്കായി പോലീസ് സംരക്ഷണയില്‍ കൊണ്ടുപോകുന്നതിനിടെ, മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തിയ മൂന്ന് പേരാണ് അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷറഫിനെയും വെടിവെച്ചുകൊന്നത്.

അതീഖ് അഹമ്മദിന് അഞ്ച് മക്കളാണുള്ളത്: മൂത്തമകന്‍ ഉമര്‍ ലഖ്‌നൗ ജയിലിലും അലി ത്സാന്‍സി ജയിലിലുമാണ്. മൂന്നാമത്തെ മകന്‍ അസദ് 2023 ഏപ്രിലില്‍ ത്സാന്‍സിയില്‍ വെച്ച് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നാലാമത്തെ മകന്‍ അഹ്‌സാം ജാമ്യത്തിലാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കപ്പെട്ട അതീഖ് അഹമ്മദിന് 2023 മാര്‍ച്ച് മാസത്തില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിരുന്നു.

Tags: Atiq Ahmed, Aban Ahmed Death, Jhansi Accident Video, Creta Car Crash, Uttar Pradesh News, Crime News Malayalam, India News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക