ന്യൂഡല്‍ഹി: യുഎപിഎ (UAPA) കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന യുവാവിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകുന്ന കര്‍ണാടക സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ച വിചാരണാ ഷെഡ്യൂള്‍ ‘യ്ക്ഷിക്കഥകള് പോലെ വിചിത്രവും അവിശ്വസനീയവുമാണ്’ (as absurd as a fairytale) എന്ന് വിശേഷിപ്പിച്ച കോടതി, ഒരു വ്യക്തിയെ വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിച്ച് വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് ഓര്‍മിപ്പിച്ചു.
|
പിഎഫ്ഐ (PFI) ബന്ധമാരോപിച്ച് 2022 സെപ്റ്റംബര്‍ 22 മുതല്‍ തടവില്‍ കഴിയുന്ന ഷാഹിദ് ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം. യുഎപിഎ സെക്ഷനുകള്‍ 17, 18 എന്നിവയ്ക്ക് പുറമേ ഐപിസിയിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് ഷാഹിദ് ഖാനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
സാക്ഷികളുടെ എണ്ണത്തില്‍ ആശയക്കുഴപ്പം
കേസില്‍ ആകെയുള്ള 707 സാക്ഷികളില്‍ 50 പേരെയും, സംരക്ഷിത സാക്ഷികളായ 64 പേരില്‍ 3-4 പേരെയും മാത്രമാണ് ഷാഹിദ് ഖാനുമായി ബന്ധപ്പെട്ട് വിസ്തരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന പ്രോസിക്യൂഷന് നിലപാടിനെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. എത്ര സാക്ഷികളെയാണ് വിസ്തരിക്കുക എന്ന് വ്യക്തമാക്കാതെ സമയം നീട്ടി ചോദിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി.
പ്രതി നിരന്തരം ജാമ്യാപേക്ഷ നല്‍കുന്നതാണ് വിചാരണ വൈകാന്‍ കാരണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദവും കോടതി തള്ളി. വിചാരണ വേഗത്തിലാക്കി കുറ്റവാളികളെ ശിക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം പ്രോസിക്യൂഷന് ഏജന്‍സികള്‍ ജാമ്യാപേക്ഷകളെ എതിര്‍ക്കാന്‍ ചെലവഴിക്കുന്നതിനെയും ബെഞ്ച് വിമര്‍ശിച്ചു.
അടിയന്തര നടപടിക്ക് നിര്‍ദേശം
ഷാഹിദ് ഖാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ആദിത്യ സോന്ധിയും കോടതിയില്‍ ശക്തമായ വാദങ്ങള്‍ ഉന്നയിച്ചു. തന്റെ കക്ഷി നാല് വര്‍ഷത്തിലേറെയായി തടവിലാണെന്നും, സമാനമായ കുറ്റാരോപണം നേരിടുന്ന മറ്റ് ഒമ്പത് പ്രതികള്‍ക്ക് ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ഈ കേസ് പരിഗണിക്കുന്ന വിചാരണക്കോടതി ജഡ്ജിക്ക് മുന്നില്‍ മറ്റ് 97 വിചാരണകള്‍ കൂടിയുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകള്‍ക്കായി പ്രത്യേക എന്‍ഐഎ (NIA) കോടതികള്‍ ആവശ്യാനുസരണം സ്ഥാപിക്കാന്‍ കര്‍ണാടക ഹൈക്കോടതിക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നല്കി. കേസ് കൈകാര്യം ചെയ്യുന്ന ജഡ്ജിമാര്‍ക്ക് പരമാവധി 10-12 കേസുകള്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.
Tags: Supreme Court, Karnataka Government, UAPA Case, Shahid Khan Bail, CJI Surya Kant, Live Law News, Legal News Malayalam, National News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





