19
Aug 2026
Wed
19 Aug 2026 Wed
mumbai 3.0

മുംബൈ: ഭൂമിയുടെ ലഭ്യതക്കുറവും കുതിച്ചുയരുന്ന വസ്തുവിലകളും ഗതാഗതക്കുരുക്കും കാരണം ശ്വാസംമുട്ടുന്ന മഹാരാഷ്ട്രയുടെ തലസ്ഥാന നഗരിക്ക് ആശ്വാസമായി ‘മുംബൈ 3.0’ വരുന്നു. നവി മുംബൈയ്ക്കും അപ്പുറം വിശാലമായ പുതിയൊരു നഗരകേന്ദ്രം കെട്ടിപ്പടുക്കാനുള്ള വന്‍ പദ്ധതിക്കാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തുടക്കമിടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ണാല-സായ്-ചിര്‍നെര്‍ (KSC) ന്യൂ ടൗണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, റായ്ഗഡ് ജില്ലയിലെ ഉറാന്‍, പന്‍വേല്‍, പെന്‍ താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 124 ഗ്രാമങ്ങളെ സംയോജിപ്പിച്ചാണ് നടപ്പിലാക്കുന്നത്. 323.44 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന ഈ നഗരത്തിന്റെ വികസന ചുമതല ‘മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റി’ക്ക് (MMRDA) കൈമാറി.

അടല്‍ സേതുവിനും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും തൊട്ടടുത്താണ് ഈ പുതിയ നഗരം സ്ഥിതി ചെയ്യുന്നത് എന്നത് പദ്ധതിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

എന്തുകൊണ്ട് മുംബൈ 3.0?

മുംബൈ പ്രധാന നഗരത്തില്‍ നിന്നും വളര്‍ന്ന് നവി മുംബൈയിലേക്ക് വികസിച്ചെങ്കിലും അവിടെയും ഇപ്പോള്‍ സ്ഥലപരിമിതി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് മുംബൈ 3.0-യുടെ പ്രസക്തി. വെറുമൊരു പാര്‍പ്പിട മേഖല എന്നതിലുപരി, വാണിജ്യ കേന്ദ്രങ്ങള്‍, ഐ.ടി ഹബ്ബുകള്‍, ലോജിസ്റ്റിക്‌സ്, ഡാറ്റാ സെന്ററുകള്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ്ണ സാമ്പത്തിക നഗരമായാണ് ഇത് പ്ലാന്‍ ചെയ്യുന്നത്.

ALSO READ: എംടെക് ബിരുദ ധാരി, മാസവരുമാനം ഒരു ലക്ഷം രൂപ; ഒടുവില്‍ കൊച്ചിയുടെ തെരുവില്‍ അഭയം! മഹാരാഷ്ട്ര സ്വദേശിയായ എന്‍ജിനീയറെ വീട്ടുകാരിലെത്തിച്ച് മുളവുകാട് പോലീസ്

വര്‍ക്ക് ഫ്രം ഹോമും തൊഴിലവസരങ്ങളും ഒരുപോലെ ലഭ്യമാക്കി, ജനങ്ങള്‍ക്ക് ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരാത്ത രീതിയിലാണ് ഇതിന്റെ രൂപകല്പന. ആകെ വിസ്തൃതിയില്‍ 104 ചതുരശ്ര കിലോമീറ്റര്‍ വ്യവസായ-വാണിജ്യ ടൗണ്‍ഷിപ്പുകള്‍ക്കായി മാറ്റിവെക്കുമ്പോള്‍, ബാക്കി ഭാഗങ്ങള്‍ ഹരിത മേഖലകളായും വനങ്ങളായും ഗ്രാമീണ തനതു രൂപത്തിലും സംരക്ഷിക്കും.

അടല്‍ സേതു നല്‍കുന്ന വന്‍ കണക്റ്റിവിറ്റി

മുംബൈ 3.0-യുടെ പ്രധാന ആകര്‍ഷണം മികച്ച യാത്രാസൗകര്യങ്ങളാണ്. അടല്‍ ബിഹാരി വാജ്പേയി ശേവ്രി-ന്‍ഹാവാ ശേവാ അടല്‍ സേതു വന്നതോടെ മുംബൈയില്‍ നിന്ന് നവി മുംബൈ-റായ്ഗഡ് മേഖലയിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറഞ്ഞു.

ഇതിനുപുറമേ, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, പന്‍വേല്‍-കര്‍ജത് റെയില്‍വേ ഇടനാഴി, വിരാര്‍-അലിബാഗ് മള്‍ട്ടിമോഡല്‍ ഇടനാഴി, മുംബൈ-പുണെ എക്‌സ്പ്രസ് വേ എന്നിവയും പുതിയ നഗരത്തിന് ശക്തമായ കണക്റ്റിവിറ്റി ഉറപ്പുനല്‍കുന്നു.

മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്റെ വികസന ചരിത്രത്തെ തന്നെ മാറ്റിയെഴുതാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്ന് പ്ലാറ്റിനം കോര്‍പ്പ് സ്ഥാപകനും സി.ഇ.ഒയുമായ വിശാല്‍ എന്‍. രതന്‍ഘായ്ര അഭിപ്രായപ്പെട്ടു. ഇതിനോടകം തന്നെ കാനഡ ആസ്ഥാനമായുള്ള ബ്രൂക്ക്ഫീല്‍ഡ് കമ്പനി 12 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ വാഗ്ദാനം MMRDA-യ്ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ കുതിച്ചുചാട്ടം

ഇത്തരമൊരു മെഗാ പ്രോജക്റ്റ് വരുന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ നിക്ഷേപ അവസരങ്ങള്‍ തുറക്കപ്പെടുമെന്ന് ജെനിക വെഞ്ചേഴ്‌സ് പ്രൊമോട്ടര്‍ അഭിഷേക് രാജ് പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയോടൊപ്പം പച്ചപ്പും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നത് ഭാവി നഗരവികസനത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

4,000 കോടി രൂപ വകയിരുത്തി

2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പദ്ധതിക്കായി MMRDA 4,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പദ്ധതിക്കായി 124 ഗ്രാമങ്ങളിലെ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പണമായി നഷ്ടപരിഹാരം നല്‍കല്‍, വികസന അവകാശങ്ങള്‍ (TDR) കൈമാറല്‍, ലാന്‍ഡ് പൂളിംഗ് തുടങ്ങി വിവിധ മാര്‍ഗ്ഗങ്ങളാണ് ഭൂവുടമകള്‍ക്കായി മുന്നോട്ട് വെച്ചിരിക്കുന്നത്.

പ്ലാനിംഗും ഭൂമി ഏറ്റെടുക്കലും ആരംഭിച്ചെങ്കിലും നഗരം പൂര്‍ണ്ണ സജ്ജമാകാന്‍ സമയമെടുക്കും. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: Mumbai 3.0, KSC New Town, MMRDA, Navi Mumbai International Airport, Atal Setu, Mumbai Real Estate, Raigad New Town

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക