വിശാഖപട്ടണം: ഗൃഹപാഠം (ഹോംവര്‍ക്ക്) ചെയ്തില്ലെന്ന് ആരോപിച്ച് അധ്യാപിക മര്‍ദ്ദിച്ചതിന് പിന്നാലെ ആറ് വയസ്സുകാരന് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള സ്വകാര്യ സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. വണ്‍ ടൗണ്‍ ഏരിയയിലെ ലിറ്റില്‍ ഗാര്ഡന് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രണയ് തേജയാണ് മരിച്ചത്.
|
ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപിക വടികൊണ്ട് അടിച്ചതിനെ തുടര്‍ന്നാണ് കുട്ടി കുഴഞ്ഞുവീണതെന്ന് കുടുംബം ആരോപിച്ചു. ഉടന്‍ തന്നെ കിംഗ് ജോര്‍ജ്ജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച രാവിലെ പൂര്‍ണ്ണ ആരോഗ്യവാനായാണ് പ്രണയ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് പിതാവ് പറഞ്ഞു. പരീക്ഷകള്‍ അടുത്തിരിക്കുന്നതിനാല്‍ സ്കൂളില്‍ പോകണമെന്ന് കുട്ടി തന്നെയാണ് നിര്‍ബന്ധം പിടിച്ചതെന്നും കുടുംബം വ്യക്തമാക്കി. എന്നാല്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിക്ക് എന്തോ സംഭവിച്ചതായി കുടുംബത്തിന് വിവരം ലഭിക്കുന്നത്. സ്കൂള്‍ അധികൃതര്‍ നേരിട്ട് അറിയിക്കുന്നതിന് പകരം സമീപവാസികളായ തൊഴിലാളികളാണ് വിവരം അറിയിച്ചതെന്ന് പിതാവ് ആരോപിച്ചു.
🚨 TRAGEDIA EN INDIA 🚩⚠️ || Niño de 6 años muere en su salón de clases tras ser golpeado por su maestraUn trágico suceso conmociona al estado de Andhra Pradesh, India. Pranay Teja, un pequeño de apenas seis años, falleció dentro del aula del Little Garden School luego de recibir… pic.twitter.com/zc9FgPbAq3
— 𝐈𝐧𝐞𝐬𝐃𝐞𝐥𝐀𝐥𝐦𝐚𝐌𝐢𝐚 (@InesBetancur1) August 20, 2026
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസും കുടുംബവും പരിശോധിച്ചു. അധ്യാപിക കുട്ടിയെ വടികൊണ്ട് അടിക്കുന്നതും, ഭയന്നുപോയ കുട്ടി നിമിഷങ്ങള്‍ക്കകം അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആശുപത്രിയില്‍ എത്തിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി പിതാവ് കൂട്ടിച്ചേര്‍ത്തു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി.
സംഭവത്തില്‍ പോലീസും റവന്യൂ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകൂ.
സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് ആന്ധ്രാപ്രദേശ് സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചു. വിഷയം ഗൗരവമായി എടുത്ത സര്‍ക്കാര്‍ അന്വേഷണത്തിനായി വിശാഖപട്ടണം ആര്.ജെ.ഡി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡി.ഇ.ഒ), ആര്.ഡി.ഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു. സ്കൂളുകളില്‍ കുട്ടികളോട് കൂടുതല്‍ സഹാനുഭൂതിയോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറാന്‍ അധ്യാപകര്‍ക്ക് ബോധവല്‍ക്കരണം നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags: Visakhapatnam news, Andhra Pradesh school tragedy, teacher beats student, Pranay Teja death, Little Garden School, Visakhapatnam police, KGH hospital, Kerala news Malayalam, breaking news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





