കൊച്ചി: കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിനും കേരളത്തിനും വീണ്ടും തിരിച്ചടി. മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്ന് വെട്ടിമാറ്റി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉളളാള്‍ ഉള്‍പ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം. ഇതോടെ പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കപ്പെടും. ഒക്ടോബര്‍ ഒന്നുമുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും.
|
2006-ല്‍ സേലം ഡിവിഷന്റെ രൂപവല്‍ക്കരണത്തോടെ വെട്ടിമുറിക്കപ്പെട്ട പാലക്കാടിന് മംഗലാപുരവും നഷ്ടപ്പെടുമ്പോള്‍ ഡിവിഷന്റെ നിലനില്‍പ്പുതന്നെ ആശങ്കയിലാണ്. കര്‍ണാടകത്തിലെ പഴയ മൈസൂര്‍പോലെ പേരിനൊരു ഡിവിഷന് മാത്രമായി പാലക്കാട് മാറുമെന്ന ആശങ്ക റെയില്‍വേ ജീവനക്കാരടക്കം പങ്കുവെക്കുന്നു.
മംഗളൂരു പോയാലും വെറും 18 കിലോമീറ്റര്‍ റെയില്‍പ്പാത മാത്രമേ പാലക്കാട് ഡിവിഷന് നഷ്ടമാവുന്നുള്ളൂവെന്ന വാദം ഇതിനകം എത്തിയിട്ടുണ്ട്. നേരത്തേ, സേലം ഡിവിഷന് രൂപവത്കൃതമാവുമ്പോഴും ഒരുവിഭാഗം മുന്നോട്ടുവെച്ചത് സമാനമായ വാദമാണ്.
പോത്തനൂര്‍ ഈസ്റ്റ്മുതല്‍ പാലക്കാടുവരെ 49 കിലോമീറ്ററാണുള്ളത്. പാലക്കാട്ടുനിന്ന് ഡിവിഷന്റെ പുതിയ അതിര്‍ത്തിയായ ഉള്ളാള്‍വരെ 351 കിലോമീറ്ററും. പാലക്കാട്-പൊള്ളാച്ചി പാത 58 കിലോമീറ്ററും ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയുടെ 66 കിലോമീറ്ററും ചേര്‍ത്താല്‍ 582.7 റൂട്ട് കിലോമീറ്റര്‍ മാത്രമായി പാലക്കാട് ഡിവിഷന് ഒതുങ്ങും. ഇടക്കാലത്ത് കേരളം പ്രത്യേക റെയില്‍വേ സോണിനായി ആവശ്യമുന്നയിച്ചിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. വിസ്തൃതമായിരുന്ന പാലക്കാട് റെയില്‍വേ ഡിവിഷന് ഉത്തരകേരളത്തിലേക്ക് മാത്രമായി ചുരുങ്ങുന്നതോടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന തുകയിലും കുറവുവന്നേക്കാം.
ALSO READ: അബൂദബിയില്‍ കനത്ത മഴ വരുന്നു; പാര്‍ക്കുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു
മികച്ച ലാഭം നേടുന്ന മേഖലയായിരുന്നു റെയില്‍വെയുടെ പാലക്കാട് ഡിവിഷന്. ഇന്ത്യയില്‍ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ ഡിവിഷനാണ് പാലക്കാട്. വരുമാനം അടിസ്ഥാനമാക്കിയാണ് റെയില്‍വെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. മംഗളൂരു നഷ്ടമാകുന്നതോടെ വരുമാനം ഇടിയുകയും പാലക്കാട് ഡിവിഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങുകയും ചെയ്യുമെന്നാണ് ആശങ്ക.
മംഗളൂരു എടുത്തു മാറ്റിയതോടെ ചരക്കുനീക്കത്തിലൂടെ ലഭിക്കുന്ന വരുമാനം കുറയും. അതോടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇനി കുറവ് വന്നേക്കാം. പുതിയ ദീര്‍ഘദൂര ട്രെയിനുകള്‍ അനുവദിക്കുന്നതിലും കാലതാമസം നേരിടാനുള്ള സാധ്യതയുണ്ട്.
അവകാശവാദവുമായി ബിജെപി
റെയില്‍വേയുടെ ഈ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ അവകാശവാദങ്ങളുമായി മത്സരത്തിലാണ്. തങ്ങളുടെ ഇടപെടലിലാണ് ഇത്തരമൊരു നീക്കമുണ്ടായതെന്ന് എംപിമാരടക്കമുള്ള ബിജെപി നേതാക്കള്‍ ഒന്നടങ്കം പറയുന്നു. തീരുമാനത്തില്‍ തനിക്കുള്ള പങ്ക് വിശദീകരിച്ച് കൊണ്ട് കര്‍ണാടകക്കാരനായ കേന്ദ്ര റെയില്‍വേ സഹമന്ത്രി വി.സോമണ്ണയും രംഗത്തെത്തിയിട്ടുണ്ട്.
ഉള്ളാള്‍ ഉള്‍പ്പെടെയുള്ള മംഗളൂരു മേഖല സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിന് പിന്നില്‍ കര്‍ണാടകയിലെ ബിജെപി നേതാക്കളുടെ നിരന്തര സമ്മര്‍ദ്ദമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
2024 ജൂലായിയില്‍ മംഗളൂരു സന്ദര്‍ശിച്ചപ്പോള്‍ പൊതുജനങ്ങള്‍ ഈ ആവശ്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും ഇതിന്റെ ഭാഗമായിട്ട് നടത്തിയ നീക്കങ്ങളാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നാണ് റെയില്‍വേ സഹമന്ത്രി സോമണ്ണ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.
മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ 2024 ജൂണില്‍ ദക്ഷിണ കന്നഡ, ഉഡുപ്പി-ചിക്കമഗളൂരു, ശിവമോഗ എന്നിവിടങ്ങളില്‍ നിന്നുള്ള എംപിമാര്‍ ഈ വിഷയം മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയില്‍ നിരവധി തവണ ഈ വിഷയം അവതരിപ്പിക്കുകയും പാര്‍ലമെന്ററി ഫോറങ്ങളില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
മംഗലാപുരം റെയില്‍വേ മേഖലയെ പൂര്‍ണ്ണമായും മൈസൂരു ഡിവിഷന് കീഴിലാക്കി മാറ്റിയ നടപടിയെ ഉഡുപ്പി ജില്ലാ ബിജെപിയും സ്വാഗതം ചെയ്തിട്ടുണ്ട്. തീരദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെട്ടതെന്ന് പാര്‍ട്ടി വ്യക്തമാക്കി.
മുഖ്യമന്ത്രി ഇടപെടണമെന്ന് എംകെ രാഘവന്
സൗത്ത് വെസ്റ്റേണ്‍ റെയില്‍വെയുടെ കീഴിലാണ് മൈസൂരു ഡിവിഷന്. വിഷയത്തില്‍ മുഖ്യമന്ത്രി വിഡി സതീശന് ഇടപെടണം എന്ന് എംകെ രാഘവന് എംപി ആവശ്യപ്പെട്ടു. റെയില്‍വേ ബോര്‍ഡിന്റെ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് ഉള്‍പ്പെടെ കത്ത് നല്കി.
Tags: Palakkad Railway Division, Mangaluru railway station, Mysuru division, South Western Railway, Southern Railway, Railway Board notification, Indian Railways news Malayalam, Kerala Railway news, MK Raghavan MP, V Somanna, Kerala news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




