24
Aug 2026
Mon
24 Aug 2026 Mon
delhi rain

ന്യൂഡൽഹി: ഡൽഹി-എൻ.സി.ആർ മേഖലകളിൽ പെയ്തിറങ്ങിയ കനത്ത മഴയെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. കനത്ത മഴയിലും പ്രതികൂല കാലാവസ്ഥയിലും കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 14 വിമാനങ്ങൾ വിവിധ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് കാട്ടി യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെക്കൻ ഡൽഹിയുൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കനത്ത മഴയെ തുടർന്ന് നഗരത്തിലെ പ്രധാന പാതകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു. നോയിഡ, ഗാസിയാബാദ്, ഗുഡ്ഗാവ് തുടങ്ങിയ ഇടങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് ജോലിക്ക് പോകുന്നവർ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. പലരുടെയും യാത്രാസമയം ഇരട്ടിയായി വർദ്ധിച്ചു.

ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റും ഉത്തർപ്രദേശിന് മുകളിലുള്ള ന്യൂനമർദ്ദവുമാണ് ഡൽഹിയിൽ മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. അതേസമയം, തുടർച്ചയായ മഴയെ തുടർന്ന് ഡൽഹിയിലെ വായുനിലവാര സൂചികയിൽ (AQI) കാര്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.

Tags: Delhi Rain News, Delhi Flight Diverted, Heavy Rain Delhi NCR, Delhi Traffic Jam, IMD Red Alert Delhi, National News Malayalam, Breaking News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക