31
Aug 2026
Mon
31 Aug 2026 Mon
Rahul Gandhi

ഡെഹ്റാഡൂണ്‍: ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത പൊതുയോഗ വേദിയില്‍ നടന്ന ‘ശുദ്ധീകരണ’ ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ കേസെടുത്തു. ഹല്‍ദ്വാനി കൊട്വാലി പോലീസ് സ്റ്റേഷനിലാണ് ഞായറാഴ്ച രാത്രി കേസ് രജിസ്റ്റര്‍ ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീറാം സേന ധര്‍മ്മാര്‍ത്ഥ് സേവാ സമിതി അംഗവും ജവഹര്‍ നഗര്‍ കോളനി നിവാസിയുമായ അമിത് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ (BNS) 196, 299 വകുപ്പുകള്‍ക്ക് പുറമെ എസ്സി/എസ്ടി (അത്യാചാര നിരോധന) നിയമത്തിലെ 3(1)(q) വകുപ്പും ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 11-ന് രാംലീല മൈതാനത്ത് നടന്ന സാധാരണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ജാതീയ നിറം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ശുചീകരണത്തെ അയിത്താചാരമായും കുറ്റകൃത്യമായും ചിത്രീകരിച്ച് സംസാരിച്ചതിലൂടെ പട്ടികജാതി സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും സമൂഹത്തില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

ALSO READ: ആദ്യം ആനിനെ മുറിയിലിട്ട് കുത്തിക്കൊന്നു; പിന്നാലെ അഞ്ചനയെ കാറിടിപ്പിച്ചു കൊലപ്പെടുത്തി; അനിലയുടെ പ്രതികാരദാഹത്തിന് പിന്നിലെന്ത്?

പരാതിക്കൊപ്പം ആവശ്യമായ തെളിവുകള്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് കേസെടുത്തതെന്നും എഎസ്പി അമിത് സൈനിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമെന്നും നൈനിറ്റാള്‍ എസ്എസ്പി ടി.സി. മഞ്ജുനാഥ് അറിയിച്ചു.

ഓഗസ്റ്റ് 8-നാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് പൊതുയോഗത്തെ അഭിസംബോധന ചെയ്തത്. രണ്ടു ദിവസത്തിന് ശേഷം തീവ്ര വലതുപക്ഷ സംഘടനയായ ശ്രീറാം സേനയുടെ നേതൃത്വത്തില്‍ മൈതാനത്ത് ശുദ്ധി കലശം നടത്തുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്കും, ബിജെപി-ആര്‍എസ്എസ് പ്രസ്ഥാനങ്ങളെ വിഷപ്പാമ്പിനോട് ഉപമിച്ച ഖര്‍ഗെയുടെ പ്രസ്താവനയ്ക്കും എതിരെയുമാണ് ശുദ്ധീകരണം നടത്തിയതെന്നായിരുന്നു സംഘടനയുടെ വാദം.

തുടര്‍ന്ന് ഈ വിഷയം രാജ്യസഭയില്‍ ഉയര്‍ത്തിയ ഖര്‍ഗെ, അയിത്തത്തിനെതിരായ നിയമപ്രകാരം കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഉത്തരാഖണ്ഡിലുടനീളം കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

Tags: Rahul Gandhi FIR, Haldwani Shuddhikaran Case, Mallikarjun Kharge, Uttarakhand News Malayalam, SC ST Act Rahul Gandhi, National News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക