മുസ് ലിം കടയുടമയെ ബജ്റംഗ് ദളുകാർ ആക്രമിക്കുന്നത് ചെറുക്കുകയും മുഹമ്മദ് ദീപക് എന്ന പേരുപറയുകയും ചെയ്തതിലൂടെ സാമൂഹികമാധ്യമങ്ങളിൽ വൈറലായ ഉത്തരാഖണ്ഡിലെ കോട്ദ്വാറിലെ ജിം ഉടമ ദീപക് കുമാറിനെതിരായ ക്രിമിനൽ നടപടികൾ സുപ്രിംകോടതി സ്റ്റേ ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് ദീപക്കിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് താൽക്കാലികമായി തടഞ്ഞത്.
|
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ദീപക് കുമാറിന്റെ ഹർജിയിൽ ഉത്തരാഖണ്ഡ് സർക്കാരിന്റെ മറുപടി തേടിയ കോടതി, നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നും നിർദേശിച്ചു. മാർച്ച് 20ന് ഉത്തരാഖണ്ഡ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനും സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. സംഭവവുമായി ബന്ധപ്പെട്ടോ കേസിനെക്കുറിച്ചോ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളോ വീഡിയോകളോ പങ്കുവയ്ക്കരുതെന്ന ഹൈക്കോടതി നിർദേശവും ഇതോടെ താൽക്കാലികമായി മരവിപ്പിച്ചു.
മുസ്‌ലിം കടയുടമയെ പിന്തുണച്ചതോടെയാണ് ശ്രദ്ധേയനായത്
2026 ജനുവരി 26നാണ് ദീപക് കുമാർ ദേശീയ ശ്രദ്ധ നേടിയത്. കോട്ദ്വാറിൽ 70 വയസ്സുള്ള മുസ്‌ലിം കടയുടമയെ ബജ്‌റംഗ്ദൾ പ്രവർത്തകർ കടയുടെ പേരിൽ നിന്ന് ‘ബാബ’ എന്ന വാക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദത്തിലാക്കിയെന്ന ആരോപണത്തെ തുടർന്ന് ദീപക് ഇടപെടുകയായിരുന്നു.
സംഭവത്തിനിടെ പേര് ചോദിച്ചപ്പോൾ ദീപക് തന്റെ പേര് “മുഹമ്മദ് ദീപക്” എന്നാണ് പറഞ്ഞത്. ഇതിന് പിന്നാലെ ജനുവരി 31ന് ബജ്‌റംഗ്ദൾ പ്രവർത്തകർ ദീപക്കിനെ നേരിടാൻ അദ്ദേഹത്തിന്റെ ജിമ്മിന് മുന്നിൽ ഒത്തുകൂടിയെങ്കിലും പോലീസ് ഇടപെട്ട് ഇവരെ തടഞ്ഞിരുന്നു.
‘നല്ല സമരിയക്കാരനെതിരെ എങ്ങനെ കേസ്?’
ദീപക്കിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എ.എം. സിംഗ് വി, കലാപക്കുറ്റം ചുമത്തുന്നതിനാവശ്യമായ ഘടകങ്ങളൊന്നും കേസിൽ നിലനിൽക്കുന്നില്ലെന്ന് വാദിച്ചു. മുസ്‌ലിം കടയുടമയെ ബജ്‌റംഗ്ദൾ പ്രവർത്തകർ ചോദ്യം ചെയ്തതിന് പിന്നാലെ മാത്രമാണ് ദീപക് ഇടപെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഒരു ഗുഡ് സമാരിറ്റനെതിരെ എങ്ങനെയാണ് ഇത്തരമൊരു പരാതി നൽകാൻ കഴിയുക?” എന്നും സിംഗ് വി കോടതിയിൽ ചോദിച്ചു.
സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്കും അഭിഭാഷകൻ ചോദ്യം ചെയ്തു. ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള ‘ബ്ലാങ്കറ്റ് ഗാഗ് ഓർഡർ’ ആണെന്നായിരുന്നു വാദം.
അതേസമയം, ദീപക് നൽകിയ പരാതികളിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും സംഭവത്തിന്റെ വീഡിയോകളടക്കം തെളിവുകൾ കൈമാറിയിരുന്നുവെന്നും അദ്ദേഹം ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ കൂടുതൽ ഇടപെടുന്നത് അന്വേഷണം ബാധിക്കാമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അദ്ദേഹത്തിന്റെ ആവശ്യങ്ങൾ നേരത്തെ തള്ളിയിരുന്നു.
ALSO READ: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; മുന്‍ സൈനികന്‍ വെന്തുമരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



