01
Sep 2026
Tue
01 Sep 2026 Tue
OMAN AIRPORT

മസ്‌കത്ത്: വിമാനയാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പുതിയ റഗുലേഷന്‍ പുറപ്പെടുവിച്ച് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഒമാനില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ബോര്‍ഡിങ് തടയുകയോ ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും സൗജന്യ പരിചരണവും ഉറപ്പാക്കാന്‍ എയര്‍ലൈനുകള്‍ ബാധ്യസ്ഥരാണെന്ന് സിഎഎ വ്യക്തമാക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിമാനം രണ്ട് മണിക്കൂര്‍ വൈകിയാല്‍ ലഘുഭക്ഷണവും പാനീയങ്ങളും നല്‍കണം. ഇത് നല്‍കിയില്ലെങ്കില്‍ നഷ്ടപരിഹാരം അനുവദിക്കണം. മൂന്ന് മണിക്കൂര്‍ വൈകിയാല്‍ ഭക്ഷണം കൊടുക്കല്‍ നിര്‍ബന്ധമാണ്. ആറ് മണിക്കൂറിലധികം വൈകിയാല്‍ സൗജന്യ ഹോട്ടല്‍ താമസവും എയര്‍പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ടും നല്‍കണം, നല്‍കിയില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണം. ആറ് മണിക്കൂറിലേറെ വൈകുന്ന വിമാനങ്ങളെ റദ്ദാക്കിയതിന് തുല്യമായാണ് കണക്കാക്കുക.

ALSO READ: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ തീയതി തിരുത്തി കയറ്റുമതി; ലേയ്സ്, കുർക്കുറെ, മാഗി ഉൾപ്പെടെ വൻ ശേഖരം പിടികൂടി

യാത്ര തിരിക്കുന്നതിന് 14 ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയാല്‍ ദൂരമനുസരിച്ച് 108 റിയാല്‍ മുതല്‍ 260 റിയാല്‍ വരെ നഷ്ടപരിഹാരത്തിന് യാത്രക്കാരന് അര്‍ഹതയുണ്ട്. ലഗേജ് വൈകുന്ന ആദ്യ ദിവസത്തിന് 78 റിയാലും, അടിയന്തര ചെലവുകള്‍ക്ക് പരമാവധി 680 ഒമാനി റിയാല്‍ വരെയും അവകാശപ്പെടാം. 21 ദിവസത്തിനകം ലഗേജ് ലഭിച്ചില്ലെങ്കില്‍ അത് നഷ്ടപ്പെട്ടതായി കണക്കാക്കും.

ഓവര്‍ബുക്കിങ് മൂലം യാത്ര തടഞ്ഞാല്‍ പകരം വിമാനവും, യാത്ര നിരസിക്കുന്ന പക്ഷം ടിക്കറ്റ് തുകയും ടിക്കറ്റ് മൂല്യത്തിന് തുല്യമായ നഷ്ടപരിഹാരവും നല്‍കണം. പരാതികളില്‍ 15 പ്രവൃത്തിദിവസത്തിനുള്ളില്‍ എയര്‍ലൈനുകള്‍ മറുപടി നല്‍കണം. അല്ലാത്തപക്ഷം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ സമീപിക്കാം.

മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ സാമ്പത്തിക നഷ്ടപരിഹാരത്തില്‍ ഇളവുണ്ടെങ്കിലും, യാത്രക്കാര്‍ക്ക് 3 ദിവസം വരെ താമസവും ഭക്ഷണവും നല്‍കാന്‍ എയര്‍ലൈനുകള്‍ ബാധ്യസ്ഥരാണെന്നും സിഎഎ പറയുന്നു.

Tags: Oman CAA News, Oman Flight Regulations, Oman Passenger Rights, Gulf News Malayalam, Oman Aviation News, Flight Delay Compensation Oman, NRI News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക