പാക്കറ്റ് ഭക്ഷ്യവസ്തുക്കളിലെ നിർമാണ തീയതിയും കാലാവധി തീയതിയും തിരുത്തി വീണ്ടും പാക്ക് ചെയ്ത് കയറ്റുമതി ചെയ്യാനുള്ള വൻ തട്ടിപ്പ് കണ്ടെത്തി. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (FDA) നവി മുംബൈ പോലീസ് ക്രൈം ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻതോതിൽ ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്.
|
ലേയ്സ്, കുർക്കുറെ, മാഗി, നോർ, റസോയി, ഹെൽമൻസ്, തംസ് അപ്പ്, ലിംക തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള ഉൽപ്പന്നങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ആഗസ്റ്റ് 24 മുതൽ 29 വരെ തുർഭെ ടി.ടി.സി ഇൻഡസ്ട്രിയൽ ഏരിയയിലെ സാധന എന്റർപ്രൈസസിലാണ് പരിശോധന നടന്നത്. പോലീസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഭക്ഷ്യപ്പാക്കറ്റുകളിൽ അച്ചടിച്ചിരുന്ന നിർമാണ തീയതിയും കാലാവധി തീയതിയും മായ്ച്ച് പുതിയ വിവരങ്ങൾ പതിപ്പിച്ചിരുന്നതായാണ് കണ്ടെത്തൽ. ഇതിനായി ഇങ്ക്ജെറ്റ് പ്രിന്ററുകൾ, തിന്നർ, പ്രത്യേകമായി തയ്യാറാക്കിയ സ്റ്റിക്കറുകൾ എന്നിവ ഉപയോഗിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഉൽപ്പന്നങ്ങളുടെ ചേരുവകളും പോഷക വിവരങ്ങളും രേഖപ്പെടുത്തിയ ലേബലുകൾ നീക്കം ചെയ്ത് പുതിയ സ്റ്റിക്കറുകൾ പതിപ്പിച്ചതായും കണ്ടെത്തി.
10 കയറ്റുമതി കമ്പനികളുമായി ബന്ധപ്പെട്ട 8,442 കാർട്ടണുകളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. ഇവയുടെ പ്രഖ്യാപിത മൂല്യം 75.21 ലക്ഷം രൂപയാണ്. കൂടാതെ ലേബലുകളില്ലാത്ത ഭക്ഷ്യവസ്തുക്കളും കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും ഉൾപ്പെടെ ഏകദേശം 30,600 രൂപയുടെ അധിക ശേഖരവും സ്ഥാപനത്തിൽ നിന്ന് കണ്ടെത്തി.
ഇതോടെ പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 75 ലക്ഷം രൂപ വരുമെന്ന് എഫ്ഡിഎ അറിയിച്ചു. ഡൽഹി, നോയിഡ എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതി-ഇറക്കുമതി കമ്പനികൾക്കും സംഭവവുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക വിവരം.
ALSO READ: ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





