01
Sep 2026
Tue
01 Sep 2026 Tue
supreme court

ജൂലൈ 20 മുതൽ 25 വരെ നടന്ന കോക്ക്രോച്ച് ജനതാ പാർട്ടി (സി ജെ പി ) പ്രതിഷേധവുമായി ബന്ധപ്പെട്ട് വിദ്യാർഥി പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കി സുപ്രീംകോടതി. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കിയാണ് കേസുകൾ പിൻവലിക്കാൻ കോടതി ഉത്തരവിട്ടത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത കേസുകൾ ഇതോടെ റദ്ദാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്രസർക്കാർ നൽകിയ ഉറപ്പിനെ തുടർന്നാണ് സുപ്രീംകോടതിയുടെ നടപടി. ജൂലൈ 20 മുതൽ 25 വരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്നും ഇതേ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഭാവിയിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അതേസമയം, ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത 2,873 പേർക്കെതിരായ ഒരു എഫ്.ഐ.ആറിൽ ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ ഡൽഹി പൊലീസിന് തുടർനടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവിനും കേന്ദ്രത്തിന്റെ ഉറപ്പിനും പിന്നാലെ സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന മാർച്ച് പിൻവലിക്കുന്നതായി സി.ജെ.പി അറിയിച്ചു. സംഘടനയുടെ വക്താവ് സൗരവ് ദാസ് ആണ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

നീറ്റ്-യുജി 2026 പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പും കേന്ദ്രം ആവർത്തിച്ചു. നഷ്ടപരിഹാരത്തിന്റെ നടപടിക്രമങ്ങൾ തയ്യാറാക്കാൻ മൂന്ന് മാസം സമയം വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. നടപടിക്രമങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കാൻ സുപ്രീംകോടതി കേന്ദ്രത്തിന് നിർദേശം നൽകി.

കേസുകൾ പിൻവലിക്കാത്തതും നീറ്റ് വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസവും ചൂണ്ടിക്കാട്ടിയായിരുന്നു സി.ജെ.പി സെപ്റ്റംബർ 5ന് ഡൽഹിയിൽ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക