04
Sep 2026
Thu
04 Sep 2026 Thu
Spice Jet cancels Jeddah flight at Karipur; Passengers in protest

കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യമാരെയും കുഞ്ഞുങ്ങളെയും ഉള്‍പ്പെടെ സ്വര്‍ണക്കടത്തിന് ഉപയോഗിച്ച് പൊന്നാനി സ്വദേശി. നാലുകോടിയോളം രൂപയുടെ സ്വര്‍ണവുമായി കരിപ്പുര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍നിന്ന് ദമ്പതിമാര്‍ പിടിയിലായ സംഭവത്തിലാണ് ആരെയും അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. പിടിയിലായ ഫാറൂഖിന് രണ്ടില്‍ കൂടുതല്‍ ഭാര്യമാരും അവരില്‍ മക്കളുമുണ്ടെന്നും ഇവരെ ഉപയോഗിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയിരുന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്യാണശേഷം സ്ത്രീകളെ ഇയാള്‍ വിദേശത്തുകൊണ്ടുപോകും. പിന്നീട് അവര്‍ ഗര്‍ഭിണിയായി നാട്ടിലേക്ക് തിരിച്ചയക്കുമ്പോള്‍ ഇവരുടെ ദേഹത്ത് സ്വര്‍ണം ഒളിപ്പിക്കും. പ്രസവശേഷം മക്കളുമായി തിരികെ വിദേശത്തേക്ക് പോവുകയും പിന്നീട് തിരികെ നാട്ടിലേക്ക് വരുമ്പോഴും ഭാര്യമാരുടെയും മക്കളുടെയും ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്തുന്നതുമാണ് രീതി. ഇത്തരത്തില്‍, വിവാഹം കഴിച്ച ഭാര്യമാരെയും ഇവരിലുണ്ടായ മക്കളെയും ഇയാള്‍ സമാനരീതിയില്‍ പലതവണ സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചു എന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) അധികൃതര്‍ നല്‍കുന്ന വിവരം.

ഫാറൂഖിന്റെ ഭാര്യ ഷെരീഫ ബീവി നെടുമ്പാശേരിയിലാണ് സ്വര്‍ണവുമായി പിടിയിലായത്. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം മറ്റൊരു ഭാര്യയായ യുവതി കരിപ്പുര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നുണ്ടെന്ന വിവരം ഡിആര്‍ഐയ്ക്ക് ലഭിച്ചത്. എന്നാല്‍, ഇവരെ പിടികൂടാനായില്ല. പിന്നീട് യുവതിയുടെ വീട്ടില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. ഒരു വര്‍ഷമായി ഫാറൂഖ് ദുബായിലാണ് താമസം. കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ച് നടത്തുന്ന സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

സാനിറ്ററി നാപ്കിനുള്ളില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവന്ന 2.86 കോടി രൂപയുടെ സ്വര്‍ണവുമായാണ് ഷെരീഫ ബീവി കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്. അതിനുപിന്നാലെ, ഇവരുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണമിശ്രിതവുമായി ഫാറൂഖ് കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലാവുകയായിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് (ഡി.ആര്‍.ഐ.) രണ്ടു വിമാനത്താവളങ്ങളിലും സ്വര്‍ണം പിടിച്ചത്.

റാസല്‍ഖൈമയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ശനിയാഴ്ച കൊച്ചിയില്‍ എത്തിയ ഷെരീഫ ബിവിയുടെ പക്കല്‍നിന്ന് 2.86 കോടിയുടെ 1966 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം മിശ്രിതരൂപത്തിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്. യുവതി ഗര്‍ഭിണിയാണെന്നു പറഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന്, കാക്കനാട് വനിതാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

യുവതിയെ ചോദ്യംചെയ്തപ്പോഴാണ് മക്കളെയും കൂട്ടി ഭര്‍ത്താവ് സ്വര്‍ണവുമായി ചൊവ്വാഴ്ച രാത്രി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്നതറിഞ്ഞത്. ഭര്‍ത്താവാണ് സ്വര്‍ണം ഒളിപ്പിച്ച് യാത്രയാക്കിയതെന്നും യുവതി മൊഴി നല്‍കി. മൂന്ന് കുഞ്ഞുങ്ങളുമായാണ് ഫാറൂഖ് കരിപ്പുരില്‍ എത്തിയത്. സ്വര്‍ണമിശ്രിതം കുഞ്ഞിന്റെ ഡയപ്പറിലും ഇയാളുടെ ശരീരത്തിലുമായി ഒളിപ്പിച്ചിരിക്കുകയായിരുന്നു. നാല്, രണ്ട് വയസ്സുള്ളവരാണ് മറ്റു രണ്ടു കുഞ്ഞുങ്ങള്‍.

അതേസമയം, ഫറൂഖിനെ പിടികൂടിയ അതേദിവസം ഒരുകോടി രൂപയുടെ സ്വര്‍ണവുമായി കൊടുവള്ളി സ്വദേശിയായ യുവാവും കരിപ്പുരില്‍ ഡിആര്‍ഐയുടെ പിടിയിലായിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനായിരുന്നു ശ്രമം. ദുബായില്‍നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പുരിലെത്തിയത്.

Tags: Gold Smuggling Kerala, Karipur Airport Gold Seizure, Nedumbassery Airport, DRI Kerala, Ponnani Gold Smuggling, Farooq Gold Smuggling Case, Kerala Crime News

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക