സഹോദരനെക്കുറിച്ച് പരിഹാസ പരാമർശം നടത്തിയതിന്റെ പേരിൽ സഹോദരഭാര്യയെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിൽ യുവതി അറസ്റ്റിൽ. വന്ദനയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതിയായ പർവതി ബായ് കുശ്വാഹയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
|
രക്ഷാബന്ധൻ ദിനത്തിലായിരുന്നു സംഭവം. പർവതിയുടെ സഹോദരൻ ബലാത്സംഗക്കേസിൽ ദാമോഹ് ജയിലിൽ കഴിയുകയാണ്. ഇതുമായി ബന്ധപ്പെട്ട് വന്ദന നടത്തിയ പരിഹാസമാണ് പർവതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയും പർവതി വന്ദനയെ കുത്തുകയായിരുന്നു.
വന്ദനയുടെ കഴുത്തിലാണ് കുത്തേറ്റത്. ഇതിനു പിന്നാലെ വന്ദനയുടെ മൃതദേഹം വീടിന് പുറത്തുള്ള ജലസംഭരണിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തള്ളുകയായിരുന്നു. ആഗസ്റ്റ് 11ന് കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് വന്ദന ഉപേന്ദ്രയെ ക്ഷേത്രത്തിൽവച്ച് വിവാഹം കഴിച്ചിരുന്നു. ഇതിനെ തുടർന്ന് ഇരുവരും കുടുംബങ്ങളിൽനിന്ന് അകന്ന് വാടകവീട്ടിലായിരുന്നു താമസം.
കൊലപാതകം നടക്കുമ്പോൾ പർവതിയുടെ മക്കൾ സ്കൂളിലായിരുന്നു. ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. പിന്നീട് ഭർത്താവിനെ കാണാൻ ആശുപത്രിയിലെത്തിയ പർവതി സാധാരണ നിലയിൽ പെരുമാറിയതായും പോലീസ് പറയുന്നു.
വന്ദനയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അന്വേഷണത്തിനൊടുവിൽ പർവതിയിലേക്ക് എത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിനിടെ പർവതി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ യുവതി കുറ്റസമ്മതം നടത്തുകയായിരുന്നു.
ALSO READ: മയക്കുമരുന്ന് കടത്തുസംഘത്തിലെ കൊലയാളിയായ 15കാരനെ വെടിവച്ചുകൊന്ന് സുരക്ഷാസേന
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




