05
Sep 2026
Fri
05 Sep 2026 Fri

മുംബൈ: മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ മുസ്ലിംകൾ പങ്കെടുക്കുന്നത് വിലക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (VHP). പരിപാടികളിൽ പങ്കെടുക്കുന്നവരുടെ ആധാർ പരിശോധിക്കണമെന്നും നെറ്റിയിൽ തിലകം ചാർത്തണമെന്നും ഉൾപ്പെടെയുള്ള നിർദേശങ്ങളും സംഘാടകർക്ക് വിഎച്ച്പി നൽകിയതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവരാത്രി ആഘോഷങ്ങൾ ഗാനത്തിന്റെയും നൃത്തത്തിന്റെയും മാത്രം ഭാഗമല്ലെന്നും ദേവിയെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട ആഘോഷമാണെന്നും വിഎച്ച്പി ദേശീയ വക്താവും ജോയിന്റ് സെക്രട്ടറിയുമായ ശ്രീരാജ് നായർ പറഞ്ഞു. വിഗ്രഹാരാധനയിൽ വിശ്വസിക്കാത്ത മുസ്ലിംകൾ എന്തിനാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, മുസ്ലിംകളെ പരിപാടികളിൽ നിന്ന് വിലക്കുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ നിലപാടല്ലെന്നും വിഎച്ച്പി വ്യക്തമാക്കി. ഹിന്ദു ആഘോഷങ്ങളുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികളാണ് നിയന്ത്രണങ്ങളെന്നാണ് സംഘടനയുടെ വിശദീകരണം.
പരിപാടികളിൽ പങ്കെടുക്കുന്നവരുടെ ഹിന്ദു വ്യക്തിത്വം ഉറപ്പാക്കുന്നതിനായി ആധാർ പരിശോധനയും നെറ്റിയിൽ തിലകം ചാർത്തലും ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

അതിനിടെ, ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ അടുത്തിടെ നടന്ന പരിപാടിയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എല്ലാ മനുഷ്യർക്കും തുല്യമായ മാന്യതയുണ്ടെന്നും ഇന്ത്യയിൽ മുസ്ലിംകൾ ഉണ്ടാകരുതെന്ന് കരുതുന്ന ഒരാൾ ഹിന്ദുവായി തുടരില്ലെന്നും പറഞ്ഞിരുന്നു. ഈ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാൻ വിഎച്ച്പി നേതാവ് തയ്യാറായില്ല.

മുസ്ലിംകൾക്ക് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെങ്കിൽ കുടുംബാംഗങ്ങൾക്കൊപ്പം വരണമെന്നും, സ്വന്തം താമസസ്ഥലങ്ങളിലോ പള്ളികളിലോ നവരാത്രി പരിപാടികൾ സംഘടിപ്പിക്കാമെന്നും ശ്രീരാജ് നായർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

ALSO READ:‘അവസാന ചുംബനം’; ജീവിതമാര്‍ഗ്ഗമായ കെ.എസ്.ആര്‍.ടി.സി ബസ്സിനോട് വൈകാരികമായി വിടപറഞ്ഞ് ഡ്രൈവര്‍, വീഡിയോ വൈറല്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക