ചെമ്പേരി: യാത്രാരേഖകള്‍ ഉണ്ടായിരുന്നിട്ടും രണ്ട് കുട്ടികളുടെ വിമാനയാത്ര തടഞ്ഞ സംഭവത്തില്‍ കണ്ണൂര്‍ ചെമ്പേരി സ്വദേശിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ എയര്‍വേസ് അധികൃതരോട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. നഷ്ടപരിഹാരത്തിന് പുറമെ 25,000 രൂപ കോടതി ചെലവും നല്‍കണം.
|
ഇറ്റലിയില്‍ ജോലി ചെയ്യുന്ന ചെമ്പേരി സ്വദേശി റോഷന്‍ ജോസും കുടുംബവും അവധിക്കായി നാട്ടിലെത്തിയ ശേഷം ഇറ്റലിയിലേക്ക് മടങ്ങുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആവശ്യമായ യാത്രാരേഖകളെല്ലാം കൈവശമുണ്ടായിരുന്നിട്ടും ആറുവയസ്സുള്ള മൂത്ത കുട്ടിയുടെ യാത്രയ്ക്ക് ഖത്തര്‍ എയര്‍വേസ് അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ നാട്ടിലുള്ള ബന്ധുക്കള്‍ക്കൊപ്പം തിരിച്ചയച്ചു.
റോഷനും ഭാര്യയും ഇളയ കുട്ടിയുമായി യാത്ര തുടര്‍ന്നെങ്കിലും ദോഹയിലെത്തിയപ്പോള്‍ ഒരു വയസ്സ് പോലും പ്രായമില്ലാത്ത ഇളയ കുട്ടിയുടെ യാത്രയും ഖത്തര്‍ എയര്‍വേസ് അധികൃതര്‍ തടഞ്ഞു. ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടും യാത്ര തുടരാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ഇതോടെ റോഷന് ഇളയ കുട്ടിയുമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
ALSO READ: ഗാർഹിക എൽപിജി സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യാനുള്ള ഇടവേള 25 ദിവസമാക്കി കുറച്ചു
തുടര്‍ന്ന് തൊടുപുഴയിലെ അഭിഭാഷകന്‍ അശോകന്‍ മുഖേന റോഷന്‍ എറണാകുളം ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. 2019ലാണ് കേസ് ഫയല്‍ ചെയ്തത്. യാത്രാരേഖകള്‍ അപര്യാപ്തമായതിനാലാണ് യാത്ര തടഞ്ഞതെന്നായിരുന്നു ഖത്തര്‍ എയര്‍വേസിന്റെ വാദം. എന്നാല്‍ റോഷന്‍ ആവശ്യമായ യാത്രാരേഖകള്‍ കോടതിയില്‍ ഹാജരാക്കിയതോടെ വിമാനക്കമ്പനിയുടെ വാദം അംഗീകരിക്കാനാകില്ലെന്ന് കമ്മിഷന്‍ കണ്ടെത്തുകയായിരുന്നു.
യാതൊരു ന്യായീകരണവുമില്ലാതെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂത്ത കുട്ടിയുടെയും ദോഹ വിമാനത്താവളത്തില്‍ ഇളയ കുട്ടിയുടെയും യാത്ര തടഞ്ഞതെന്ന് കമ്മിഷന്‍ വിലയിരുത്തി. ഇതുമൂലം റോഷനും കുടുംബത്തിനും നേരിടേണ്ടിവന്ന മാനസിക ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും പരിഗണിച്ചാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത്.
നഷ്ടപരിഹാരത്തുകയ്ക്ക് പുറമെ 25,000 രൂപ കോടതി ചെലവായും നല്‍കണം. 45 ദിവസത്തിനകം തുക നല്‍കാത്ത പക്ഷം കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ പലിശ സഹിതം തുക നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 2019ല്‍ ആരംഭിച്ച നിയമപോരാട്ടത്തിനാണ് വര്‍ഷങ്ങള്‍ക്കുശേഷം ശുഭപര്യവസാനമായിരിക്കുന്നത്.
Tags: Qatar Airways, Ernakulam Consumer Commission, Chemperi News, Roshan Jose, Nedumbassery Airport, Doha Airport, Travel Compensation, Kerala News, Consumer Court Verdict
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



