ന്യൂയോർക്കിലെ സബ്വേ സ്റ്റേഷനിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയായ യുവതിയടക്കം രണ്ട് പേർ മരിച്ചു. ഒരാൾ പാളത്തിലേക്ക് വീണതിനെ തുടർന്ന് രക്ഷിക്കാനായി മറ്റൊരാൾ പ്ലാറ്റ്ഫോമിൽ നിന്ന് പാളത്തിലേക്ക് ഇറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
|
ന്യൂജേഴ്സിയിലെ ഡെയ്ടൺ സ്വദേശിയായ മലൈക ചിട്രെ (24), സെയ്റിവില്ലെ സ്വദേശിയായ നവം കൗൾ (24) എന്നിവരാണ് മരിച്ചത്. ഇരുവരും റട്ജേഴ്സ് സർവകലാശാലയിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു.
മാൻഹട്ടനിലെ ലോവർ മാൻഹട്ടനിലുള്ള സ്പ്രിങ് സ്ട്രീറ്റ് സബ്വേ സ്റ്റേഷനിലാണ് ഞായറാഴ്ച പുലർച്ചെ അപകടമുണ്ടായത്. ഡൗൺടൗൺ ഭാഗത്തേക്ക് സർവീസ് നടത്തിയിരുന്ന നമ്പർ 4 ട്രെയിനാണ് ഇരുവരെയും ഇടിച്ചത്. ട്രെയിനിന് സമയത്ത് നിർത്താനായില്ലെന്നാണ് റിപ്പോർട്ട്. അപകടസമയത്ത് ട്രെയിനിൽ ഏകദേശം 100 യാത്രക്കാരുണ്ടായിരുന്നുവെന്നും ഇവരെ പിന്നീട് പ്ലാറ്റ്ഫോമിലേക്ക് മാറ്റിയെന്നും ന്യൂയോർക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആരാണ് ആദ്യം പാളത്തിലേക്ക് വീണതെന്ന് വ്യക്തമായിട്ടില്ല. എന്നാൽ നവം കൗൾ ആദ്യം പാളത്തിലേക്ക് വീണതിനെ തുടർന്ന് മലൈക ചിട്രെ സഹായിക്കാനായി പാളത്തിലേക്ക് ഇറങ്ങിയതാകാമെന്നാണ് നിയമപാലകരെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. ഇരുവരുടെയും മൃതദേഹങ്ങൾ ട്രെയിനിന്റെ മൂന്നും നാലും കോച്ചുകൾക്കടിയിൽ നിന്നാണ് കണ്ടെത്തിയത്.
ഞായറാഴ്ച പുലർച്ചെ 3.14-നാണ് പൊലീസ് അപകടവിവരം അറിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമീപത്ത് നിന്നിരുന്ന ഇരുവരും ട്രെയിൻ അടുത്തെത്തുന്നതിനിടെ പാളത്തിൽ നിന്ന് മാറാതിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
മരിച്ചവർ
റട്ജേഴ്സ് ബിസിനസ് സ്കൂളിൽ 2020ലെ ശരത്കാലം മുതൽ 2024ലെ വസന്തകാലം വരെ കൗൾ പഠിച്ചിരുന്നുവെങ്കിലും ബിരുദം നേടിയിരുന്നില്ല. മലൈക ചിട്രെ 2024 മേയിൽ റട്ജേഴ്സ്-ന്യൂ ബ്രൺസ്വിക്കിലെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസസിൽ നിന്ന് ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടിയിരുന്നു.
ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം മലൈക ചിട്രെ അകാഡിയ ഫാർമസ്യൂട്ടിക്കൽസിൽ ഓപ്പറേഷൻസ് സ്പെഷലിസ്റ്റായും, നവം കൗൾ ബ്ലൂംബെർഗിൽ ഫിനാൻഷ്യൽ ഡാറ്റ അനലിസ്റ്റായും ജോലി ചെയ്തുവരികയായിരുന്നു.
ALSO READ:സിപിഎമ്മില്‍ അടിമുടി അഴിച്ചുപണി; പി ജയരാജന് സംസ്ഥാന സെക്രട്ടറിയേറ്റില്‍; എംവി ഗോവിന്ദന് ശാസന
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





