തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തി ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാപ്പ തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഇതോടെ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആർ. സുഗതന് പുറത്തിറങ്ങാനാകും.
|
വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് ആർ. സുഗതൻ. വിവിധ കേസുകളിൽ പ്രതിയായതിന്റെ അടിസ്ഥാനത്തിലായിരുന്നു കാപ്പ ചുമത്തി നാടുകടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്.
2019 ഓഗസ്റ്റ് 25ന് ഒരാളെ കല്ലുകൊണ്ട് തലക്കടിച്ച കേസിൽ വധശ്രമത്തിന് സമാനമായ കുറ്റം ചുമത്തിയിരുന്നു. 2023 ജൂലൈ 20ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങളും വീടും ആക്രമിച്ച് നശിപ്പിച്ച കേസിലും സുഗതൻ പ്രതിയാണ്.
2023 ജൂലൈ 17ന് ഭർത്താവിനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ച കേസിലും ഇയാൾക്കെതിരെ കേസുണ്ട്.
2025 മാർച്ച് 14ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിലും വധശ്രമക്കുറ്റം ചുമത്തിയിരുന്നു. 2025 ജൂലൈ 25ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിനെ തുടർന്ന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന കേസിലും സുഗതൻ പ്രതിയാണ്
2026 ഫെബ്രുവരി രണ്ടിന് അന്നത്തെ എംഎൽഎ വി.കെ. പ്രശാന്ത് നൽകിയ പരാതിയിലും സുഗതനെതിരെ കേസെടുത്തിരുന്നു. ശിശുമന്ദിരത്തിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി.
ഈ കേസുകളെല്ലാം നിലനിൽക്കുന്നതിനിടെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സുഗതനെ വാഴോട്ടുകോണം വാർഡിൽ സ്ഥാനാർഥിയാക്കിയത്. എന്നാൽ, ഇപ്പോൾ ഹൈക്കോടതി കാപ്പ ഉത്തരവ് റദ്ദാക്കിയതോടെ സുഗതന് ജയിൽ മോചിതനാകാനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



