കോഴിക്കോട്: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ ‘മൈൻഡ്ഫുൾ വേവ്സ് 2026’ സംഘടിപ്പിക്കുന്നു. ഏഷ്യൻ കൗൺസിൽ ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (ACMHANS) നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബർ 10ന് രാവിലെ എട്ടിന് പരിപാടിക്ക് തുടക്കമാകും.
|
വിവിധ ക്യാമ്പസുകളിൽ നിന്നുള്ള മനഃശാസ്ത്ര വിദ്യാർഥികളും അധ്യാപകരും മനഃശാസ്ത്രജ്ഞരും മനോരോഗ വിദഗ്ധരും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സോഷ്യൽ വർക്കർമാരും സാമൂഹിക പ്രവർത്തകരും എൻജിഒ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.
മാനസിക പ്രയാസങ്ങൾ നേരിടുന്ന പാർശ്വവൽക്കരിക്കപ്പെട്ടവർ, ലഹരിക്ക് അടിപ്പെട്ടവർ, സമൂഹത്തിൽ ഒറ്റപ്പെട്ടവർ തുടങ്ങിയവരെ കേൾക്കാനും ആശ്വസിപ്പിക്കാനും പിന്തുണ നൽകാനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്ന അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മാനസികാരോഗ്യ മേഖലയിൽ പ്രതിബദ്ധതയുള്ള പ്രൊഫഷണലുകളെ വളർത്തിയെടുക്കുന്നതിനും പരിപാടി ലക്ഷ്യമിടുന്നു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാനസികാരോഗ്യ രംഗത്തെ എൻജിഒയായ ACMHANS, ‘എല്ലാവർക്കും മാനസികാരോഗ്യം’ എന്ന മുദ്രാവാക്യവുമായി വിവിധ സർക്കാർ, സർക്കാരിതര സംഘടനകളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. സമൂഹത്തിലെ അവശ വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കും മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് ‘മൈൻഡ്ഫുൾ വേവ്സ് 2026’ സംഘടിപ്പിക്കുന്നത്.
മാനസികാരോഗ്യ രംഗത്ത് വിദ്യാർഥികളെയും പ്രൊഫഷണലുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കൂട്ടായ്മ രൂപപ്പെടുത്താനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. അനുഭവസമ്പന്നരായ വിദഗ്ധരുടെ അറിവും അനുഭവങ്ങളും പുതുതലമുറയിലെ വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും കൈമാറുന്നതിനുള്ള അവസരവും ഇതിലൂടെ ഒരുക്കും.
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും മാനസികാരോഗ്യ ചികിത്സയെയും അവബോധത്തെയും കുറിച്ചുള്ള അറിവ് വർധിപ്പിക്കുക എന്നതും ‘മൈൻഡ്ഫുൾ വേവ്സ് 2026’ന്റെ ലക്ഷ്യമാണ്.
ഒക്ടോബർ 10ന് രാവിലെ എട്ടിന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ACMHANS ചീഫ് പ്രോഗ്രാം ഓഫീസർ ഡോ. ആയിഷയാണ് പരിപാടിയുടെ സംഘാടകരുടെ ഭാഗമായുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 735566690 എന്ന നമ്പറിൽ ബന്ധപ്പെടാം.
ALSO READ:പിടികൂടി കൊണ്ടുവന്ന പാമ്പിൻ്റെ കടിയേറ്റ് യുവാവ് മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





