12
Oct 2026
Mon
12 Oct 2026 Mon
Rahul Gandhi ECI Petition Supreme Court 10 Demands

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് (SIR) ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടും വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്യുന്നതിനെതിരെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ
(INDIA) മുന്നണി നേതാക്കളും രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ സമീപിച്ചു.
‘രാഹുൽ ഗാന്ധി വി. ഇന്ത്യ ഇലക്ഷൻ കമ്മീഷൻ’ എന്ന പേരിൽ സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഹർജിയിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനായി 10 പ്രധാന ആവശ്യങ്ങളാണ് മുൻപോട്ടു വെച്ചിട്ടുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സാങ്കേതിക തടസ്സം വ്യക്തമാക്കിയതിനെ തുടർന്നാണ് ഇന്ത്യ മുന്നണി നേതാക്കളുടെ വൻ പ്രക്ഷോഭ മാർച്ചിനൊടുവിൽ ഔദ്യോഗികമായി ഹർജി സമർപ്പിച്ചത്. ഡൽഹിയിലെ കടുത്ത പോലീസ് സുരക്ഷയും ബാരിക്കേഡുകളും കാരണം രാഹുൽ ഗാന്ധിക്ക് വൈകീട്ട് 4:30-ന് മുൻപായി കോടതിയിൽ എത്താൻ സാധിക്കാത്തതിനെ തുടർന്ന് അഭിഭാഷകനായ എസ്. പ്രസന്ന മുഖേനയാണ് ഹർജി രജിസ്റ്റർ ചെയ്തത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ള നിരവധി മുൻനിര രാഷ്ട്രീയ നേതാക്കൾ പ്രക്ഷോഭ മാർച്ചിൽ പങ്കാളികളായി.

ഹർജിയിലെ 10 പ്രധാന ആവശ്യങ്ങൾ 

  1. എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തുവിടണം:

    വിവാദമായ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (SIR) ബന്ധപ്പെട്ട മീറ്റിംഗ് മിനിറ്റുകൾ, കരാറുകൾ, എതിർപ്പുകളുടെ റെക്കോർഡുകൾ എന്നിവ സുപ്രീം കോടതിക്ക് മുന്നിൽ ഹാജരാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണം. 2025 ജൂൺ 24-ന് എസ്‌.ഐ.ആർ ആരംഭിക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട ECINET, ERONET ആക്‌സസ് ലോഗുകളും ഫയൽ കുറിപ്പുകളും ഇതിൽ ഉൾപ്പെടണം.

  2. ഭരണഘടനാപരമായ സാധുത പരിശോധിക്കണം:

    എസ്‌.ഐ.ആർ തീരുമാനങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 324, സി.ഇ.സി-ഇ.സി നിയമത്തിലെ (2023) സെക്ഷൻ 18, ടി.എൻ. ശേഷൻ കേസിലെ (1995) സുപ്രീം കോടതി ഉത്തരവുകൾ എന്നിവയ്ക്ക് അനുസൃതമാണോ എന്ന് കോടതി പരിശോധിക്കണം. നിയമപരമായ അധികാരമില്ലാതെ എടുത്ത ഏത് തീരുമാനവും റദ്ദാക്കണം.

  3. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി:

    വോട്ടർപട്ടിക തയാറാക്കുന്നതിലും പുതുക്കുന്നതിലും ഭരണഘടനാപരമോ നിയമപരമോ ആയ വ്യവസ്ഥകൾ ലംഘിച്ച എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും, ആവശ്യമായി വന്നാൽ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരം അടിയന്തിര നടപടി സ്വീകരിക്കണം.

  4. പരാതികൾ പരിഹരിക്കണം:

    നിലവിലെ ഹർജിയിലും അനുബന്ധ വിഷയങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ തീരുമാനമെടുക്കണമെന്നും, എസ്‌.ഐ.ആർ സംബന്ധിച്ച ഓരോ തീരുമാനവും 2023-ലെ നിയമത്തിലെ സെക്ഷൻ 18 പ്രകാരം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

  5. ഓൺലൈൻ ഫോം-6 ചട്ടങ്ങൾക്ക് അനുസൃതമാക്കണം:

    ഓൺലൈൻ ഫോം-6, 1960-ലെ ‘രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്‌സ് റൂൾസ്’ പ്രകാരം നിശ്ചയിച്ചിട്ടുള്ള ഫോമിന് അനുസൃതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തണം. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ ഫോമിൽ യാതൊരു അനാവശ്യ മാറ്റങ്ങളും വരുത്തരുത്.

  6. സ്വതന്ത്ര സമിതിയുടെ നേതൃത്വത്തിൽ സമഗ്ര ഓഡിറ്റ്:

    വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ സാങ്കേതിക വിദഗ്ദ്ധരും പ്രമുഖ പൗരന്മാരും അടങ്ങുന്ന ഒരു സ്വതന്ത്ര സമിതി രൂപീകരിക്കണം. എസ്‌.ഐ.ആർ കാലയളവിൽ വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിനെക്കുറിച്ചും ഭേദഗതികൾ വരുത്തിയതിനെക്കുറിച്ചും, ECINET, ERONET എന്നിവയിലെ ഡാറ്റാബേസ് ആക്‌സസിനെക്കുറിച്ചും ഇവർ അന്വേഷണം നടത്തണം. ഇ.വി.എം (EVM) സാങ്കേതിക രൂപകല്പനയും പ്രോട്ടോകോളുകളും സംബന്ധിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ഓഡിറ്റ് നടത്തണം.

  7. വോട്ട് വെട്ടിയവരുടെ വിവരങ്ങളും കാരണങ്ങളും പരസ്യപ്പെടുത്തണം:

    എസ്‌.ഐ.ആർ സമയത്ത് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മുഴുവൻ വോട്ടർമാരുടെയും പേരുകൾ ബൂത്ത് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കണം. വോട്ട് വെട്ടാനുള്ള കാരണം, ലിംഗ-വയോജന തരംതിരിക്കൽ എന്നിവ വ്യക്തമാക്കണം. തെറ്റായി ഒഴിവാക്കപ്പെട്ടവരെ തിരികെ ഉൾപ്പെടുത്താൻ കാര്യക്ഷമമായ സംവിധാനം വേണം.

  8. നോട്ടീസും ഹിയറിങും ഇല്ലാതെ വോട്ട് വെട്ടരുത്:

    നിയമപ്രകാരം കൃത്യമായ നോട്ടീസ് നൽകാതെയും മറുപടി പറയാൻ ന്യായമായ അവസരം ഇല്ലാതെയും ഒരു പൗരന്റെയും വോട്ട് വെട്ടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണം. അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ യോഗ്യരായവർക്ക് അവസാന തീയതി വരെ അപേക്ഷിക്കാൻ അവസരം നൽകണം.

  9. എസ്‌.ഐ.ആർ നടപടികൾക്ക് അടിയന്തിര ഇടക്കാല സ്റ്റേ:

    ഹർജിയിലെ വിഷയങ്ങളിൽ കോടതി ശാശ്വതമായി തീരുമാനം എടുക്കുന്നത് വരെ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടികൾ അടിയന്തിരമായി നിർത്തിവെക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം.

  10. നീതിയുക്തമായ മറ്റ് ഉത്തരവുകൾ പുറപ്പെടുവിക്കുക:

    സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനും പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കുന്നതിനുമായി കോടതിക്ക് ഉചിതമെന്ന് തോന്നുന്ന അധിക ഉത്തരവുകൾ പുറപ്പെടുവിക്കണം.

    Tags: Rahul Gandhi Supreme Court Petition, Election Commission SIR Row, Gyanesh Kumar Resignation Demand, INDIA Bloc Supreme Court March, National News Malayalam, Legal News Malayalam, Voter List Deletions SC

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക