15
Oct 2026
Thu
15 Oct 2026 Thu
Gulf countries need joint missile defence system to respond to attacks says UAE expert

മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ഫലപ്രദമായി നേരിടാൻ ഗൾഫ് രാജ്യങ്ങൾ സംയുക്ത വ്യോമ-മിസൈൽ പ്രതിരോധ സംവിധാനം രൂപീകരിക്കണമെന്ന് യുഎഇ നയതന്ത്ര വിദഗ്ധൻ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ ദഹേരി. ഭീഷണികൾ മുൻകൂട്ടി തിരിച്ചറിയാനും രഹസ്യാന്വേഷണ വിവരങ്ങൾ തത്സമയം കൈമാറാനും ആറ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കിടയിൽ ഏകോപിത സംവിധാനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആധുനിക ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്നതിനും ലക്ഷ്യത്തിലെത്തുന്നതിനും ഇടയിൽ മിനിറ്റുകൾ മാത്രമേ ലഭിക്കൂ. അതിനാൽ പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പുതന്നെ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കേണ്ടത് നിർണായകമാണെന്ന് അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലും യുഎഇ വിദേശകാര്യ മന്ത്രിയുടെ ഓഫീസിലെ ഉപദേഷ്ടാവുമായ അൽ ദഹേരി ഖലീജ് ടൈംസിനോട് പറഞ്ഞു.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങളുടെയും സൗദി അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ഗൾഫ് രാജ്യങ്ങൾക്കിടയിലെ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്. സൗദി അറേബ്യയുടെ സുരക്ഷയെ ബാധിക്കുന്ന ആക്രമണങ്ങൾ മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും സുരക്ഷയെ ബാധിക്കുമെന്ന് യുഎഇ പ്രസിഡന്റ്‌ിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷും മുന്നറിയിപ്പ് നൽകിയിരുന്നു.

ആറ് ജിസിസി രാജ്യങ്ങൾക്കിടയിൽ സംയുക്ത പ്രതിരോധ കരാറുകളും സൈനിക സംവിധാനങ്ങളും നിലവിലുണ്ടെങ്കിലും അവയുടെ പ്രവർത്തനം കൂടുതൽ ഏകോപിപ്പിക്കേണ്ടതുണ്ടെന്ന് അൽ ദഹേരി ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളിൽനിന്ന് വാങ്ങിയ റഡാറുകളും സൈനിക കമാൻഡ് സംവിധാനങ്ങളും പരസ്പരം ബന്ധിപ്പിക്കുന്നതിലാണ് പ്രധാന വെല്ലുവിളി.

എല്ലാ രാജ്യങ്ങളിലെയും റഡാറുകളിൽനിന്നുള്ള വിവരങ്ങൾ പൊതുസംവിധാനത്തിലേക്ക് എത്തിക്കുകയും മിസൈൽ വിക്ഷേപണം കണ്ടെത്തിയാൽ ഒരേസമയം മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ശൃംഖലയാണ് നിർദേശിക്കുന്നത്. ആക്രമണസമയത്ത് കാലതാമസം ഒഴിവാക്കാൻ സംയുക്ത നടപടിക്രമങ്ങളും മുൻകൂട്ടി നിശ്ചയിക്കണം.

ഡ്രോണുകളെ നേരിടാൻ പ്രത്യേക പ്രതിരോധ സംവിധാനങ്ങളും ബാലിസ്റ്റിക് മിസൈലുകൾക്കായി അത്യാധുനിക ഇന്റർസെപ്റ്ററുകളും ഉൾപ്പെടുന്ന പലതട്ടുകളുള്ള പ്രതിരോധ സംവിധാനവും ആവശ്യമാണ്.

സൈനിക സഹകരണത്തിന് പുറമെ വൈദ്യുതി, ജലവിതരണം, ചരക്കുനീക്കം തുടങ്ങിയ അവശ്യ സേവനങ്ങളും പ്രതിസന്ധികളിൽ തടസ്സമില്ലാതെ തുടരാൻ ഗൾഫ് രാജ്യങ്ങൾ പരസ്പരം സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സംയുക്ത പദ്ധതികൾക്ക് പ്രത്യേക ഫണ്ടും സമയപരിധിയും രാഷ്ട്രീയ മേൽനോട്ടവും ഉറപ്പാക്കേണ്ടതുണ്ട്.

സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നത് ഓരോ രാജ്യത്തിന്റെയും സ്വതന്ത്രമായ വിദേശനയ തീരുമാനങ്ങളെയും ദേശീയ താൽപര്യങ്ങളെയും ബാധിക്കില്ലെന്നും അൽ ദഹേരി വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക