ജിദ്ദ: പ്രവാസി കുടുംബങ്ങൾക്ക് സുരക്ഷയും കരുതലും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജിദ്ദ കെഎംസിസി നടപ്പാക്കുന്ന കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027-ന്റെ അംഗത്വ കാംപയിന് തുടക്കമായി. ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെയാണ് അംഗത്വ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
|
2027 മുതൽ നിബന്ധനകൾക്ക് വിധേയമായി പിന്നാക്ക വിഭാഗങ്ങളിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട പ്രഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡോ. ബി.ആർ. അംബേദ്കറുടെ പേരിൽ സ്കോളർഷിപ്പ് അനുവദിക്കും. കൂടാതെ, പദ്ധതി അംഗങ്ങളുടെ മക്കളിൽ പിഎച്ച്ഡി, എംബിബിഎസ്, ബിടെക്, സിഎ തുടങ്ങിയ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കും ഒറ്റത്തവണ വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകും.
കഴിഞ്ഞ 17 വർഷമായി കുടുംബനാഥനെ നഷ്ടപ്പെട്ട ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചുവരുന്ന പദ്ധതിയാണിത്. പ്രവാസലോകത്ത് വിവിധ രോഗങ്ങളും പ്രതിസന്ധികളും നേരിടുന്നവർക്കും പദ്ധതി ആശ്വാസമാകുന്നു. ജാതിമത ഭേദമന്യേ ജിദ്ദയിലെ ഏത് മലയാളിക്കും പദ്ധതിയിൽ അംഗമാകാം.
ആക്ടിങ് പ്രസിഡന്റ് സി.കെ.എ. റസാഖ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജിദ്ദയിലെ വിവിധ ഏരിയ, ജില്ല, മണ്ഡലം, പഞ്ചായത്ത് കെഎംസിസി കോഓഡിനേറ്റർമാരുടെയും ഭാരവാഹികളുടെയും യോഗം ഓ.കെ.എം. മൗലവി ഉദ്ഘാടനം ചെയ്തു. പ്രവാസി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറുന്ന ഇത്തരം കാരുണ്യ പദ്ധതികൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ വിവിധ പ്രതിസന്ധികൾ നേരിടുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിൽ കെഎംസിസി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോഓഡിനേറ്റർമാർക്ക് പദ്ധതിയുടെ പുതിയ ആപ്പും വെബ്സൈറ്റും പരിചയപ്പെടുത്തി. ആദ്യ അംഗത്വ അപേക്ഷാഫോം അൽ നഈം ഏരിയ കെഎംസിസി പ്രസിഡന്റ് സൈദലവി ഹാജിക്ക് കൈമാറി സി.കെ. റസാഖ് മാസ്റ്റർ 2027 വർഷത്തെ അംഗത്വ കാംപയിൻ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ സന്ദേശം ജിദ്ദയിലെ മുഴുവൻ പ്രവാസികളിലേക്കും എത്തിക്കുന്നതിനും പരമാവധി ആളുകളെ പദ്ധതിയുടെ ഭാഗമാക്കുന്നതിനുമായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജിദ്ദ കെഎംസിസിയുടെ വിവിധ ഘടകങ്ങളുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ അംഗത്വ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനും നേതാക്കൾ ആഹ്വാനം ചെയ്തു.
പ്രവാസി സമൂഹത്തിന്റെ ക്ഷേമവും കുടുംബങ്ങളുടെ സുരക്ഷയും ലക്ഷ്യമിട്ട് ജിദ്ദ കെഎംസിസി നടത്തുന്ന ഈ സംരംഭം സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ശ്രദ്ധേയമായ ഉദാഹരണമായി മാറുകയാണ്.
യോഗത്തിൽ സൗദി നാഷണൽ കമ്മിറ്റി ഉപാധ്യക്ഷൻ നിസാം മമ്പാട്, നസീർ വാവ കുഞ്ഞ്, വി.പി. അബ്ദുറഹ്മാൻ, എ.കെ. ബാവ, ഇസഹാക്ക് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ലത്തീഫ് കളരാന്തിരി, സെൻട്രൽ കമ്മിറ്റി വനിതാ വിങ് പ്രസിഡന്റ് മുംതാസ് ടീച്ചർ, ജനറൽ സെക്രട്ടറി ഷമീല മൂസ എന്നിവർ പ്രസംഗിച്ചു.
ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സൻ ബത്തേരി, ജലാൽ തേഞ്ഞിപ്പലം, ശിഹാബ് താമരക്കുളം, സിറാജ് കണ്ണവം, സുബൈർ വട്ടോളി, ഷക്കീർ നാലകത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വി.പി. മുസ്തഫ സ്വാഗതവും സാബിൽ മമ്പാട് നന്ദിയും പറഞ്ഞു. ജംഷീർ വള്ളിക്കുന്ന് ഖിറാഅത്ത് നടത്തി.
ALSO READ: കുടുംബത്തിന് ബാധ്യതയാവാനില്ല; ദമ്പതികൾ ജീവനൊടുക്കി
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





