ലക്നൗ / ഗ്രേറ്റര് നോയിഡ: ഉത്തര്പ്രദേശിലെ ഗ്രേറ്റര് നോയിഡയില് ഒരേ കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത് പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കി. ദമ്പതികളും അവരുടെ മൂന്ന് ചെറിയ കുട്ടികളുമാണ് ദാരുണമായി മരണപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്.
|
നാഗ്ല ശ്രിപദം സ്വദേശിയായ മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിഷ്തി (7), സാക്ഷത് (3) എന്നിവരാണ് മരിച്ചത്. എല്ലാവരുടെയും മൃതദേഹങ്ങള് കിടക്കയിലും നിലത്തുമായാണ് കാണപ്പെട്ടത്. വായില് നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹങ്ങള് കണ്ടെത്തിയത്.
കഴിഞ്ഞ രാത്രി കഴിച്ചത് നൂഡില്സ്; ഭക്ഷ്യവിഷബാധയാണോ?
വിവരമറിഞ്ഞയുടന് റബുപുര പൊലീസ് സംഘവും മുതിര്ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തിന് പിന്നില് ഭക്ഷ്യവിഷബാധയാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കുടുംബം തലേദിവസം രാത്രി നൂഡില്സ് കഴിച്ചിരുന്നതായി മഹേഷിന്റെ മാതാവ് പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില് വീട്ടില് നിന്ന് കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളുകളും നൂഡില്സും ഫൊറന്സിക് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിനായി കാത്ത് പൊലീസ്
സംഭവസ്ഥലത്ത് എത്തിയ ഫൊറന്സിക് സയന്റിഫിക് സംഘം വീട്ടില് നിന്ന് ശാസ്ത്രീയ തെളിവുകള് ശേഖരിച്ചു. മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടും ഫൊറന്സിക് പരിശോധനാ ഫലങ്ങളും ലഭിച്ചാല് മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. വിഷബാധയേറ്റതാണോ അതല്ല ആത്മഹത്യയോ മറ്റ് ദുരൂഹതകളോ ഉണ്ടോ എന്ന കോണിലും പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags: Greater Noida Death News, Greater Noida Rabupura Police, Family Found Dead Uttar Pradesh, National News Malayalam, Crime News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



