തിരുവനന്തപുരം: ക്ഷേത്രത്തിൽനിന്ന് ഓട്ടുപാത്രങ്ങളും വിളക്കുകളും ഉൾപ്പെടെയുള്ള സാമഗ്രികൾ മോഷ്ടിച്ചെന്ന കേസിൽ പൂജാരി അറസ്റ്റിൽ. പാരിപ്പള്ളി മീനമ്പലം സ്വദേശി പ്രിൻസ് (27) ആണ് അറസ്റ്റിലായത്. നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതി ക്ഷേത്രത്തിൽനിന്ന് രണ്ടരലക്ഷം രൂപയോളം വിലവരുന്ന സാമഗ്രികൾ കടത്തിയെന്നാണ് കേസ്.
|
പിത്തള നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, ചെമ്പ് ഉരുളികൾ, പറ, മണികൾ, പാത്രങ്ങൾ, കെടാവിളക്ക് തുടങ്ങിയവയാണ് മോഷണം പോയത്. ജൂൺ ഒന്നിന് പൂജാരിയായി ചുമതലയേറ്റ പ്രിൻസ് പലതവണകളായാണ് ക്ഷേത്രസാമഗ്രികൾ കടത്തിയതെന്ന് പൊലീസ് പറയുന്നു.
നാല് ദിവസത്തെ അവധിക്കിടെ പകരം മറ്റൊരു പൂജാരി ചുമതലയേറ്റപ്പോഴാണ് ക്ഷേത്രത്തിലെ സാമഗ്രികൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിൽ കല്ലമ്പലം പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





