31
Oct 2026
Sat
31 Oct 2026 Sat

തന്നെക്കുറിച്ച് അധ്യാപകരോട് പരാതിപ്പെടുമെന്ന് പറഞ്ഞ ആറുവയസ്സുകാരിയെ കല്ലും പൂച്ചട്ടിയും ഉപയോഗിച്ച് ക്രൂരമായി മർദിച്ച് മൂന്നാം ക്ലാസ് വിദ്യാർഥി. ഹരിയാനയിലെ പഞ്ച്കുളയിലെ സംസ്കൃതി മോഡൽ സ്കൂളിൽ ഒക്ടോബർ 28നാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരതയുടെ വിവരങ്ങൾ പുറത്തറിയുന്നത്. എട്ടുവയസ്സുകാരനായ വിദ്യാർഥി പെൺകുട്ടിയെ ക്ലാസ് മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നതും തല മേശയിൽ ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് നിലത്തേക്ക് തള്ളിയിട്ട കുട്ടിയെ ചവിട്ടുകയും കല്ലും പൂച്ചട്ടിയും ഉപയോഗിച്ച് ആവർത്തിച്ച് ആക്രമിക്കുകയും ചെയ്തു. ബോധരഹിതയായി രക്തത്തിൽ കുളിച്ചുകിടന്ന പെൺകുട്ടിയെ വീണ്ടും വലിച്ചിഴച്ച് ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം.

ഏകദേശം ഒന്നര മിനിറ്റോളം നീണ്ട ആക്രമണത്തിന് ശേഷമാണ് വിദ്യാർഥി ക്ലാസ് മുറിയിൽനിന്ന് പുറത്തുപോയത്. കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ മാതാപിതാക്കളെ പ്രതിയായ വിദ്യാർഥി തന്നെയാണ് പെൺകുട്ടിയുടെ അടുത്തേക്ക് കൊണ്ടുപോയതെന്നും റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് കുട്ടിയെ സെക്ടർ ആറിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ചണ്ഡീഗഢ് പി.ജി.ഐയിലേക്ക് മാറ്റുകയായിരുന്നു.

പെൺകുട്ടി തന്നെക്കുറിച്ച് അധ്യാപകരോട് പരാതിപ്പെടുമെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണമെന്നാണ് കുട്ടിയുടെ അമ്മാവൻ ആരോപിക്കുന്നത്. വിദ്യാർഥി നേരത്തെയും ആക്രമണസ്വഭാവം പ്രകടിപ്പിച്ചിരുന്നുവെന്നും നായ്ക്കളെ മർദിച്ചതടക്കം പരാതികൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്ത് ആക്രമണത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാനാണ് ശ്രമം. അതേസമയം, സ്കൂളിലെ കുട്ടികളുടെ സുരക്ഷയും അധികൃതരുടെ മേൽനോട്ടവും സംബന്ധിച്ചും സംഭവം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.

സംഭവം അന്വേഷിക്കാൻ ഹരിയാന വിദ്യാഭ്യാസമന്ത്രി മഹിപാൽ ധണ്ട പ്രത്യേക സമിതിയെ നിയോഗിച്ചു. കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വീഴ്ച വരുത്തിയതായി കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക