31
Oct 2026
Sat
31 Oct 2026 Sat
Court Orders Husband and Son to Pay Dh16.1 Million for Stealing Wife’s Jewellery

കുടുംബവഴക്കിനിടെ ഭാര്യയുടെ വീട്ടിൽനിന്ന് കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ആഡംബര വാച്ചുകളും പണവും കവർന്ന ഭർത്താവിനും മകനും കനത്ത തിരിച്ചടി. മോഷ്ടിച്ച വസ്തുക്കളുടെ വിലയും നഷ്ടപരിഹാരവും ഉൾപ്പെടെ 16.1 ദശലക്ഷം ദിർഹം (ഏകദേശം 41.6 കോടി രൂപ) ഭാര്യയ്ക്ക് നൽകാൻ ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു.
ദമ്പതികൾക്കിടയിലെ കുടുംബപ്രശ്നങ്ങളാണ് മോഷണത്തിന് പിന്നിലെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. നൂറിലധികം സ്വർണ, വജ്രാഭരണങ്ങളും വിലകൂടിയ വാച്ചുകളും പണവുമാണ് യുവതിയുടെ ഭർത്താവും മകനും ചേർന്ന് കവർന്നത്. ഇവയുടെ ആകെ മൂല്യം 15.1 ദശലക്ഷം ദിർഹമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസിൽ ക്രിമിനൽ കോടതി ഇരുവരെയും കുറ്റക്കാരായി കണ്ടെത്തി ഒരു വർഷം വീതം തടവിന് ശിക്ഷിച്ചിരുന്നു. മോഷ്ടിച്ച വസ്തുക്കളുടെ മൂല്യമായ 15.1 ദശലക്ഷം ദിർഹം പിഴയടയ്ക്കാനും ഉത്തരവിട്ടു. അപ്പീൽ കോടതിയും ശിക്ഷ ശരിവെച്ചു.

തുടർന്നാണ് ഭാര്യ 50 ദശലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിച്ചത്. മോഷണം സാമ്പത്തിക നഷ്ടത്തിന് പുറമെ വലിയ മാനസികാഘാതവും ഉണ്ടാക്കിയതായി അവർ കോടതിയിൽ വ്യക്തമാക്കി.

മോഷണം നടന്നതിനുശേഷം സ്വർണവില കുറഞ്ഞത് 70 ശതമാനത്തോളം ഉയർന്നെന്നും ഇതിലൂടെ ഏകദേശം 11 ദശലക്ഷം ദിർഹത്തിന്റെ ലാഭം നഷ്ടമായെന്നും ഭാര്യ വാദിച്ചു. മാനസികവും വൈകാരികവുമായ നഷ്ടത്തിന് 23.9 ദശലക്ഷം ദിർഹം നഷ്ടപരിഹാരവും ആവശ്യപ്പെട്ടു.

എന്നാൽ സ്വർണവില ഉയർന്നതിലൂടെ ലഭിക്കുമായിരുന്ന ലാഭം കണക്കാക്കി നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. യഥാർഥത്തിൽ സംഭവിച്ച നഷ്ടം മാത്രമേ പരിഗണിക്കാനാകൂവെന്നും നിരീക്ഷിച്ചു.

മോഷ്ടിച്ച വസ്തുക്കളുടെ വിലയായ 15.1 ദശലക്ഷം ദിർഹത്തിന് പുറമെ സാമ്പത്തികവും മാനസികവുമായ നഷ്ടങ്ങൾക്ക് ഒരു ദശലക്ഷം ദിർഹം കൂടി നൽകാനാണ് കോടതി ഉത്തരവിട്ടത്. ഇതോടെ ആകെ നഷ്ടപരിഹാരം 16.1 ദശലക്ഷം ദിർഹമായി. ഭാര്യ ആവശ്യപ്പെട്ട ബാക്കി തുക കോടതി തള്ളി.

ALSO READ: വീട്ടുകാരറിയാതെ ലണ്ടനിൽനിന്ന് മടങ്ങിയെത്തിയ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക