കൊല്ലം: ആത്മീയ ചികിത്സയുടെയും പ്രാര്‍ത്ഥനയുടെയും മറവില്‍ 16 വയസ്സുകാരിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രമുഖ യുട്യൂബറും മതപ്രഭാഷകനുമായ ഓച്ചിറ കൊച്ചയത്ത് പടിഞ്ഞാറ്റതില്‍ മുഹമ്മദ് നിയാസ് ജൗഹരി (34)ക്കെതിരേ കൂടുതല്‍ അന്വേഷണം. പോക്സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
|
ഓച്ചിറ മേമനയില്‍ പ്രവര്‍ത്തിക്കുന്ന ‘അല്‍ ഹബീബിയ ഇസ്ലാമിക് അക്കാദമി’യുടെ ഡയറക്ടറാണ് ഇയാള്‍. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പീഡനം ആത്മീയ ചികിത്സയുടെ മറവില്‍
പെണ്‍കുട്ടിയുടെ പിതാവിന്റെ അമ്മയുടെ രോഗങ്ങളും മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രാര്‍ത്ഥനയിലൂടെയും ആത്മീയ ചികിത്സയിലൂടെയും ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ആദ്യമായി തങ്ങളുടെ സ്ഥാപനത്തിലേക്ക് വിളിപ്പിച്ചത്. മുത്തശ്ശിക്കൊപ്പമാണ് പെണ്‍കുട്ടി ആദ്യം ഇയാളുടെ അടുക്കല്‍ എത്തിയത്.
തുടര്‍ന്ന് 2025 ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ മുതല്‍ 2026 വരെയുള്ള കാലയളവില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലും, വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും, പിന്നീട് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഭീകരമായി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പെണ്‍കുട്ടി താന്‍ നേരിട്ട അനുഭവം കൂട്ടുകാരികളോട് വെളിപ്പെടുത്തിയതോടെയാണ് വിവരം ചൈല്‍ഡ് ലൈന്‍ അറിയുന്നതും പോലീസിനെ വിവരമറിയിക്കുന്നതും.
കൂടുതല്‍ പെണ്‍കുട്ടികള്‍ ഇരയായിട്ടുണ്ടോ? ഫോണ്‍ പരിശോധിക്കും
മുഹമ്മദ് നിയാസ് ജൗഹരി സമാനമായ രീതിയില്‍ കൂടുതല്‍ പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ട്. ഇയാളുടെ സ്ഥാപനത്തില്‍ നിലവില്‍ നിരവധി ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠനം നടത്തുന്നുണ്ട്. കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു
.കോടികളുടെ സാമ്പത്തിക ഇടപാടുകളും ഭൂമി വാങ്ങലും
സോഷ്യല്‍ മീഡിയകളില്‍ (യുട്യൂബ്, ഇന്‍സ്റ്റഗ്രാം) നിരവധിയാളുകള്‍ ഫോളോ ചെയ്യുന്ന ഇയാള്‍ വ്‌ലോഗിംഗിലൂടെയും പ്രഭാഷണങ്ങളിലൂടെയും മാസം ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. എന്നാല്‍ ഇയാളുടെ സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക ഇടപാടുകളില്‍ വലിയ ക്രമക്കേടുകള്‍ സംശയിക്കുന്നുണ്ട്. അടുത്തകാലത്തായി ഓച്ചിറ മേമന ഭാഗത്ത് ഇയാള്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വരുമാന മാര്‍ഗ്ഗത്തെക്കുറിച്ചും വിദേശ ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് പരിശോധന നടത്തും.
Tags: Muhammad Niyas Jauhari Arrest, Kollam Ochira POCSO Case, Al Habibiya Islamic Academy, Kerala Crime News, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



